മലപ്പുറം: ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം പ്രദേശങ്ങളില്‍ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. വിനോദ്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ട് സമ്പര്‍ക്ക കേസുകള്‍ ഉള്‍പ്പെടെ ആകെ 75 ഷിഗല്ല കേസുകളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ബാക്ടീരിയയാണ് ഷിഗല്ല. രോഗബാധ പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. മലിനമായ ജലത്തിലൂടെയും പഴകിയതോ ശരിയായി പാകം ചെയ്യാത്തതോ ആയ ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗബാധിതരുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം വളരെ വേഗത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. വളരെ കുറഞ്ഞ സമയം കൊണ്ട് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കൃത്യമായ ചികിത്സ തേടണം. വയറിളക്കം, മലത്തോടൊപ്പം രക്തവും പഴുപ്പും കലര്‍ന്നു പോകുക, അടിവയറ്റില്‍ കഠിനമായ വേദന, പനി, ഛര്‍ദി, നിര്‍ജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ഷിഗല്ല ബാധിച്ച ചില കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി കണ്ടില്ലെങ്കിലും അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാല് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യത കൂടുതലാണ്. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അണുബാധ തലച്ചോറിനെയും വൃക്കകളെയും ബാധിക്കാനും ജീവഹാനി വരെ സംഭവിക്കാനും ഇടയുണ്ട്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.
ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഭക്ഷ്യ നിര്‍മാണ, സംഭരണ, വിതരണ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളില്‍ പൊതുസദ്യകള്‍ നടത്താന്‍ പാടില്ല.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
8തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുക. 8 പൂര്‍ണമായും വേവിച്ച ആഹാരം മാത്രം കഴിക്കുക; പഴകിയതോ തുറന്നുവച്ചതോ ആയ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. 8 കുടിവെള്ള സ്രോതസുകള്‍ സമയബന്ധിതമായി ക്ലോറിനേറ്റ് ചെയ്യുക.8ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുകയും ഈച്ച പോലെയുള്ള പ്രാണികള്‍ വന്നിരിക്കാതെ നോക്കുകയും ചെയ്യുക.8 പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി പരമാവധി വീടുകളില്‍ ഉണ്ടാക്കുന്ന ആഹാരം മാത്രം കഴിക്കുക. 8 പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.8മുട്ട പുഴുങ്ങുന്നതിന് മുന്‍പും പച്ചക്കറികള്‍ പാകം ചെയ്യുന്നതിന് മുന്‍പും നന്നായി കഴുകിയെടുക്കുക.8 ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നതിന് മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. 8വയറിളക്കം പിടിപെട്ടാല്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ ഉടന്‍തന്നെ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ കുടിക്കാന്‍ നല്‍കുക. 8രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ കണ്ട് ചികിത്സ തേടുകയും ചെയ്യുക.