പെരിന്തല്‍മണ്ണ: നഗരസഭയില്‍ ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ, പാതായ്ക്കര വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. രേഖകള്‍ റവന്യു ഭരണത്തിന് കൈമാറുന്നതിന് മുന്നോടിയായി, പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വസ്തുസംബന്ധമായ വിവരങ്ങളില്‍ അപാകതകളില്ലെന്ന് ഉറപ്പുവരുത്താനും മേലില്‍ സര്‍വേ സംബന്ധമായ പരാതികള്‍ ഒഴിവാക്കാനും സര്‍വേയര്‍മാര്‍ ഫീല്‍ഡുകളില്‍ പരിശോധന തുടങ്ങി.
എന്റെ ഭൂമി പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡിജിറ്റല്‍ സര്‍വേ പ്രകാരമുള്ള രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
ഡിജിറ്റല്‍ സര്‍വേ പ്രകാരം തയാറാക്കിയ രേഖകളില്‍ പേര് വരാതിരിക്കുക, വിസ്തീര്‍ണത്തില്‍ വ്യത്യാസം സംഭവിക്കുക, ഒരേ കൈവശ ഭൂമിക്ക് തന്നെ ഒന്നിലധികം ആളുകളുടെ പേരുകള്‍ വരിക തുടങ്ങിയ അപാകതകള്‍ സാധാരണയായി കണ്ടുവരാറുണ്ട്.
പ്രത്യേക അപേക്ഷകള്‍ നല്‍കാതെ തന്നെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് സര്‍വേയര്‍മാരെ നേരിട്ടുകണ്ട് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാം. രേഖകള്‍ റവന്യൂ ഭരണത്തിന് കൈമാറിക്കഴിഞ്ഞാല്‍, ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് താലൂക്ക് തഹസില്‍ദാര്‍ മുമ്പാകെ പരാതി സമര്‍പ്പിച്ച് നിശ്ചിത ഫീസ് അടച്ച്, ബന്ധപ്പെട്ട സര്‍വേയര്‍ പരിശോധിച്ച് രേഖകള്‍ അംഗീകരിച്ചു വരേണ്ടതുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പരാതിരഹിതമായ രേഖകള്‍ റവന്യു ഭരണത്തിന് കൈമാറാനും ഓരോരുത്തരും തങ്ങളുടെ കൈവശ ഭൂമികള്‍ പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
എല്ലാ പൊതുജനങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ രേഖകള്‍ കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. ഇതിനായി പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷനില്‍ പാതായ്ക്കര വില്ലേജിന്റെയും എഇഒ ഓഫിസിന് സമീപം പെരിന്തല്‍മണ്ണ വില്ലേജിന്റെയും പ്രത്യേക ക്യാമ്പ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫിസ് സമയത്ത് രേഖകള്‍ പരിശോധിക്കാം. ഫോണ്‍: 9645091030.
Tags : Digital survey Nattuvishesham Districtnews