നിലമ്പൂര്‍: അങ്കണവാടിയുടെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയ സംഭവം നടന്ന് 11 ദിവസമായിട്ടും പ്രതികളെ കണ്ടെത്താനാകാത്തതില്‍ പൊലിസിനെതിരേ പ്രതിഷേധവുമായി അമ്മമാര്‍. കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് ചാലിയാര്‍ പഞ്ചായത്തിലെ പണപൊയില്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ഹാര്‍പ്പിക്ക് കലര്‍ത്തിയത്.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും അന്ന് ഹാര്‍പ്പിക്ക് ഒഴിച്ച വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു വയ്ക്കാന്‍ പറഞ്ഞതല്ലാതെ പൊലിസ് ഇതുവരെ അത് കൊണ്ടുപോയിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിള്‍ വാട്ടര്‍ ടാങ്ക് ശുചീകരിച്ച ശേഷമുള്ള വെള്ളത്തിന്റേതാണ്.
നാല് ദിവസത്തിന് ശേഷമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി വെള്ളം കൊണ്ടുപോയത്. അഞ്ച് ദിവസത്തിനുള്ളില്‍ റിസള്‍ട്ട് നല്‍കാമെന്ന ഉറപ്പ് പാലിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പ് ഹാര്‍പ്പിക്ക് കലര്‍ന്ന വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കാതിരുന്നതെന്നും അമ്മമാര്‍ ചോദിച്ചു.
പൊലിസും പഞ്ചായത്തും ആരോഗ്യ വിഭാഗവും ഇത്രയും ഗുരുതരമായ സംഭവമുണ്ടായിട്ടും നിസാരമായാണ് കാണുന്നത്.
ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും പൊലിസിന്റെ ഭാഗത്തുനിന്നു കാര്യമായ പുരോഗതിയില്ല. പ്രതികളെ കണ്ടെത്താതെ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കില്ലെന്നും ഭയം മൂലമാണിതെന്നും രക്ഷിതാക്കള്‍ അറിയിച്ചു. പ്രിയങ്കാ ഗാന്ധി എംപി നേരിട്ട് ഇടപെട്ട വിഷയമായിട്ടും അധികൃതര്‍ അലംഭാവം കാണിക്കുകയാണ്.
അങ്കണവാടിക്ക് ചുറ്റുമതിലും സിസിടിവിയും സ്ഥാപിക്കുക, ഏതു സമയത്തും പൊട്ടിവീഴാവുന്ന അവസ്ഥയിലുള്ള അങ്കണവാടിയുടെ സീലിംഗ് പൊളിച്ച് നന്നാക്കുക, ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും അമ്മമാര്‍ മുന്നോട്ടുവെച്ചു. ഭയം മൂലമാണ് മാതാപിതാക്കള്‍ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാത്തതെന്ന് അങ്കണവാടി അധ്യാപിക സൗദാബി പറഞ്ഞു.10ലധികം കുട്ടികള്‍ ദിവസവും എത്തിയിരുന്ന, എസ്ടി വിഭാഗത്തിലുള്ളവര്‍ അടക്കം 16 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയാണിത്.
വിഷയത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രിയങ്ക ഗാന്ധി എംപി, മണ്ഡലം എംഎല്‍എയും മന്ത്രിയുമായ പി.കെ. ബഷീര്‍ എന്നിവര്‍ക്കും പരാതി നല്കാന് ഒരുങ്ങുകയാണ് അമ്മമാര്‍.
പൊലിസ് ഇക്കാര്യത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി രക്ഷിതാക്കളുടെ ആശങ്കയകറ്റണമെന്നും അങ്കണവാടി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ട.