തേരകത്തുപടി റോഡിലേക്ക് വളർന്നുനിൽക്കുന്ന ചെടികൾ
വെള്ളൂർ: നാട്ടിലേക്കുള്ള വഴിയെന്നു പറയാൻ റോഡുണ്ട്. പക്ഷേ ഇരുവശവും കാടുപിടിച്ചതോടെ കാൽനടയാത്രക്കാർക്കു ഭയമില്ലാതെ ഇതുവഴി പോകാനാകില്ല.
കെകെ റോഡുമായി ബന്ധിപ്പിക്കുന്ന തേരകത്തുപടി റോഡിന്റെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്. രാത്രിയായാൽ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണിവിടം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യവ്യക്തികളുടെ പുരയിടങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്.
യാത്രാദുരിതത്തിന് ആക്കം കൂട്ടന്നതാണ് റോഡിന്റെ തുടക്കഭാഗത്തെ തകർച്ച. കെകെ റോഡുമായി ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു. കെകെ റോഡിൽ ഇന്റേർലോക്ക് പാകിയപ്പോൾ തേരകത്തുപടി റോഡിലേക്കുള്ള പ്രവേശനഭാഗം ഉയർന്ന തിട്ടപോലെ നിലനിർത്തിയതും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തകർന്നഭാഗം നന്നാക്കി, കാടുവെട്ടിത്തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.