പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: എസ്ജെസിസി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2026ന്റെ രണ്ടാംദിനത്തില്‍ യുവസംവിധായകന് കെ.ആര്. കൃഷാന്ത് രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച സൈബര്‍പങ്ക് സയന്‍സ് ഫിക്ഷൻ ചിത്രം മസ്തിഷ്കമരണം പ്രദര്‍ശിപ്പിച്ചു. രണ്ടുപതിറ്റാണ്ടിനപ്പുറമുള്ള കാലത്തെ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം ആക്ഷേപഹാസ്യത്തിന്റെ തലവും കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം സംവിധായകന് കെ.ആര്. കൃഷാന്തും അണിയറപ്രവര്‍ത്തകരും പ്രേക്ഷകരുമായി സംവദിച്ചു. സിനിമയുടെ പ്രമേയം, സൃഷ്ടിപ്രക്രിയ, സാങ്കേതിക സമീപനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഓപ്പണ്‍ ഫോറവും നടന്നു. വണ്‍ ഹു പ്ലേസ് ഖിലാ വദി, ഇന്മോവില്, ചിറയ്ക്കല്‍ കളരി എ ലിവിംഗ് ട്രഡീഷന്‍, അറിയാതെ, പാരസൈറ്റ്, ലൂ, മട്ടര്‍ പനീര്‍, രാമന്‍കുട്ടി ദര്പോക് നഹി ഹേ, എക്കോ, ദി ഗിഫ്റ്റ്, പെന്‍ ഫൈറ്റ് ക്ലബ്, ഹാപ്പി മദേഴ്സ് ഡേ, തീവ്രം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ എക്കോ 2025ല്‍ പുറത്തിറങ്ങിയ മലയാളം മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചനയും കാമറയും ബാഹുല്‍ രമേഷാണ് നിര്‍വഹിച്ചത്. വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയുംകൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി.
മത്സരവിഭാഗത്തില്‍ പ്രമുഖ ചലച്ചിത്രനിരൂപകനും ഫിപ്രസി ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജൂംദാര്‍ ജൂറി ചെയര്‍മാനാണ്. സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ബോസ്, നടി സജിത മഠത്തില്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. ഇന്ന് രാവിലെ 8.45ന് രാജേഷ് മാധവന് സംവിധാനം ചെയ്ത ചലച്ചിത്രം പെണ്ണും പൊറാട്ടും ചലച്ചിത്രം അവതരിപ്പിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച ചലച്ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.