തലശേരി: കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകി പോലീസ് സ്റ്റേഷൻ എന്ന പഴയ സങ്കല്പം തന്നെ മാറിയ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയുടെ പ്രഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും സേനയെ ആധുനികവത്കരിക്കുന്നതിനുമായി തലശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ സജ്ജമാക്കിയ അത്യാധുനിക "നോളജ് റിപ്പോസിറ്ററി സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പോലീസ് സംവിധാനത്തെ ആധുനികവത്കരിക്കുന്നതിനും സേനാംഗങ്ങൾക്കിടയിൽ നിരന്തരമായ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പ്രഫഷണൽ വികസനത്തിന് ആവശ്യമായ ഗവേഷണ-പരിശീലന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
നിയമ പുസ്തകങ്ങൾ, മാന്വലുകൾ, ഗവേഷണ പ്രബന്ധങ്ങൾ, പ്രധാന കേസുകളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ വിവരശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നിയമപരമായ മാന്വലുകൾക്കും പോലീസ് നടപടിക്രമങ്ങൾക്കുമായി പ്രത്യേക ലൈബ്രറി വിഭാഗവും പഴയ കേസുകൾ പഠിക്കാനും കുറ്റകൃത്യങ്ങളുടെ രീതികൾ വിശകലനം ചെയ്ത് പുതിയ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കാനും സഹായിക്കുന്ന റിസർച്ച് ആൻഡ് റഫറൻസ് വിഭാഗവും ഇതിന്റെ പ്രത്യേകതയാണ്.
പരിശീലന മൊഡ്യൂളുകൾ, റഫറൻസ് ഗൈഡുകൾ, വർക്ക്ഷോപ്പുകൾക്കും ചർച്ചകൾക്കുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങൾ എന്നിവയും സെന്ററിലുണ്ട്. ചരിത്രരേഖകൾ, പ്രധാന കേസ് ഫയലുകൾ തുടങ്ങിയവ വരുംകാല ഗവേഷണങ്ങൾക്കും നയരൂപീകരണത്തിനുമായി സുരക്ഷിതമായി സൂക്ഷിക്കുന്ന ആർക്കൈവൽ വിഭാഗവും പദ്ധതിയുടെ ഭാഗമാണ്. ഉദ്യോഗസ്ഥർക്കിടയിൽ അറിവ് പങ്കുവയ്ക്കാനും നൂതനമായ പോലീസ് രീതികളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള ഒരു പൊതുഇടമായും ഈ കേന്ദ്രം പ്രവർത്തിക്കും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന വിഭാഗം എഡിജിപിഎച്ച് വെങ്കടേഷ്, ഉത്തരമേഖല ഐജിപി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കണ്ണൂർ സിറ്റി അഡീഷണൽ എസ്പി സജേഷ് വാഴളാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham State Police Force is a friendly face