നിലമ്പൂർ ടൗണിന് സമീപം സ്വകാര്യ സ്ഥലത്ത് തള്ളിയ മാലിന്യങ്ങൾ നോക്കികാണുന്ന നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥും കൗൺസിലർമാരും.
നിലമ്പൂര്‍: സ്വകാര്യ സ്ഥലത്തെ മാലിന്യംതള്ളലിൽ കര്‍ശന നടപടികളുമായി നിലമ്പൂര്‍ നഗരസഭ. ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തില്‍ അധികൃതര്‍ മിനി ബൈപാസിന് സമീപത്തെ മാലിന്യം തള്ളിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടുള്ളത്, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്ഥലങ്ങളിലും വര്‍ഷങ്ങളായി മാലിന്യങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവന്ന് തള്ളുന്നുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണിവ.
കച്ചവടസ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭ വൈസ് ചെയര്മാന് ഷൗക്കത്തലി കുമഞ്ചേരി, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് പാര്ട്ടിപ്പാറ, മേരീസ് ഷിബു, നഗരസഭാ സെക്രട്ടറി ഫിറോസ് ഖാന്, നഗരസഭ കൗണ്‍സിലര്‍മാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. മാലിന്യപ്രശ്നത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews waste dumping