പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക്കിലെ എഡ്യൂക്കേഷണല്‍ ഹബായി വരെ വിശേഷിപ്പിക്കപ്പെടുന്ന കുളത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനും തിരികെ വരാനും ആവശ്യത്തിന് പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ വിദ്യാര്‍ഥികള്‍ വലയുന്നു.
കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് കുളത്തൂരിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളിലേയ്ക്ക് താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം കെഎസ്ആര്‍ടിസി ബസുകളുടെ അപര്യാപ്തത ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സ്കൂളുകളിലെയും കോളജിലെയും രാവിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്‍പേ എത്തുന്ന ബസുകളില്ലായെന്നാണ് ആക്ഷേപം. രാവിലെ ഒന്‍പതിന് ക്ലാസുകള്‍ തുടങ്ങും. പക്ഷെ, ഇതുവഴി സര്‍വീസ് നടത്തുന്ന ബസ് കുളത്തൂരില്‍ എത്തുന്പോള്‍ ഒന്‍പത് കഴിയും. വൈകുന്നേരം തിരികെ പോകുന്നതിലും വിദ്യാര്‍ഥികള്‍ ഈ പ്രശ്നം നേരിടുന്നു.
പല വിദ്യാര്‍ഥികളും ഉച്ചക്കടയിലോ ചാരോട്ടുകോണത്തോ ഇറങ്ങി കാല്‍നടയായാണ് വരുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നും കുളത്തൂരിലേയ്ക്ക് ഒരു കിലോമീറ്ററോളമുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. അധ്യയനസമയം അനുസരിച്ച് രാവിലെയും വൈകുന്നേരവും രണ്ടു സര്‍വീസുകളെങ്കിലും കുളത്തൂര്‍ വഴി ക്രമീകരിച്ചാല്‍ വളരെ പ്രയോജനപ്രദമാകുമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.