കോർട്ട് റോഡ്-ചെറൂട്ടി റോഡ് ജംഗ്ഷനിൽ വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്ന റോഡ് തകർന്ന നിലയിൽ.
കോര്‍ട്ട് റോഡിലൂടെ ആരും പോകേണ്ടന്നാണോ?
കോഴിക്കോട്: ദിവസം ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ജില്ലാ കോടതി എന്നിവ സ്ഥിതി ചെയ്യുന്ന കോര്‍ട്ട് റോഡ്-ചെറൂട്ടി റോഡ് ജംഗ്ഷന് തകര്‍ന്നിട്ട് ഒരു വര്‍ഷത്തിന് മുകളിലായെങ്കിലും തിരിഞ്ഞുനോക്കാതെ അധികൃതര്‍. വലിയ വാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ഒരുപോലെ കടന്നുപോകാന്‍ പ്രയാസമായ രീതിയിലാണ് നിലവിലെ റോഡിന്റെ അവസ്ഥ. കോര്‍ട്ട് റോഡില്‍ നിന്ന് വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നയിടത്താണ് റോഡ് കൂടുതലായി തകര്‍ന്നിരിക്കുന്നത്. ഇവിടെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഒരു വർഷത്തിന് മുകളിലായെന്ന് വ്യാപാരികൾ ആരോപിച്ചു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വാഹനങ്ങള്‍ക്ക് ഒരുതരത്തിലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാകുമ്പോഴും സമീപത്തെ ഗുഡ്സ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കല്ലും മണ്ണുമിട്ട് കുഴികള്‍ അടയ്ക്കുകയാണ് പതിവ്. ചെറിയ കാറുകളുടെ അടിതട്ടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് സമീപത്തെ വ്യാപാരിയായ കെ.പി. അരവിന്ദാക്ഷന് പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ഇവിടെ മറിഞ്ഞ് അപകടം സംഭവിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമാണ് വലിയങ്ങാടി. ചരക്കുമായി നൂറുകണക്കിന് വലിയ വാഹനങ്ങൾ വലിയങ്ങാടിയിലും സമീപത്തെ സെൻട്രൽ മാർക്കറ്റിലും എത്താറുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം അവ ഇവിടെ കുടുങ്ങിക്കിടന്ന് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് നിത്യസംഭവമാണ്.
ജില്ലാകോടതിയടക്കം പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഈ ജംഗ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. കോടതിയിലേക്കുള്ള ഉദ്യോഗസ്ഥരും മേയറുമടക്കം ഈ റോഡിലൂടെ കടന്നുപോകുന്നവരാണെന്നും റോഡ് നന്നാക്കുന്നതിന് ബന്ധപ്പെട്ട അധികൃതരൊന്നും ഇതുവരെയും യാതൊരുവിധത്തിലുമുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വലിയങ്ങാടിയിലെ വ്യാപാരികള്‍ ആരോപിച്ചു.
ഒരു മഴ പെയ്താല്‍ റോഡ് കുളമാകും
പത്ത് മിനിറ്റ് മഴ പെയ്യുമ്പോഴേക്കും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ഗുഡ്സ് ഡ്രൈവറായ രാമദാസന് പറഞ്ഞു. മഴ മാറിയാലും വെള്ളക്കെട്ട് ഒഴിഞ്ഞുപോകാന്‍ മണിക്കൂറുകളോളം സമയമെടുക്കും.
സമീപത്തെ ഓവുചാല്‍ വലുതാക്കാത്തതാണ് ഈ വെള്ളക്കെട്ടിന് കാരണം. ഓവുചാലിന്റെ വീതിയും ഉയരവും വര്‍ധിപ്പിച്ചാല്‍ മാത്രമെ ഇതിന് പരിഹാരമാകുകയുള്ളൂ. ഓവുചാല്‍ വൃത്തിയാക്കാത്തതിനാല്‍ കനത്ത മഴ പെയ്യുമ്പോള്‍ അത് നിറഞ്ഞ് മുഴുവന്‍ മാലിന്യവും റോഡിലേക്ക് പരക്കും. ഇതുവഴി പോകുന്ന കാല്‍നട യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : road destroyed Nattuvishesham DistrictNews DeepikaNews