ഉളിയിൽ ഗവ. യുപി സ്കൂളിനു സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈൻ.
മട്ടന്നൂർ: നിരവധി വിദ്യാർഥികൾ അടക്കം കടന്നുപോകുന്ന ഉളിയിൽ ഗവ. യുപി സ്കൂളിനു സമീപത്തെ വൈദ്യുത ലൈൻ അപകട ഭീഷണി ഉയർത്തുന്നു. ഉളിയിൽ ഗവ. യുപി സ്കൂളിന് പിന്നിൽ റോഡരികിലെ മുളങ്കാടുകൾക്കിടയിലുടെ കടന്നുപോകുന്ന വൈദ്യുത ലൈൻ ഭീതിപരത്തുകയാണ്.
ദിവസവും രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികളും മറ്റും നടന്നുപോകുന്ന വഴിയാണിത്. മുളങ്കാടുകൾക്കിടയിലൂടെയുള്ള വൈദ്യുത ലൈനുകളും കാറ്റിലും മഴയിലും സമീപത്തുള്ള തോട്ടിലേക്ക് പൊട്ടിവീഴാൻ സാധ്യത ഏറെയാണ്.
ഉളിയിൽ യുപി സ്കൂളിന്റെ 50 മീറ്റർ അകലെയാണ് വൈദ്യുത തൂണും ലൈനുമുള്ളത്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. തെരുവുവിളക്കും കാട്ടിനുള്ളിലാണുള്ളത്. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം ഉൾപ്പെടെ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വൈദ്യുതി അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇനിയും ഇത് അവഗണിച്ചാൽ വൻ ദുരന്തത്തിനു തന്നെ നാട് സാക്ഷിയാകേണ്ടി വരും.
അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് മുളങ്കാട്ടിലെ വൈദ്യുത ലൈൻ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham power line bamboo thickets