കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യു മന്ത്രി എ.പി. അനിൽകുമാർ സന്ദർശിക്കുന്നു.
ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ ഉറപ്പാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കുട്ടനാട്ടിലെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തരമായി പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ.
റെജി ചെറിയാൻ എംഎൽഎയുടെ ഓഫീസിൽ ചേർന്ന മഴക്കെടുതി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ നിലവിലെ സ്ഥിതിഗതികളും ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും എംഎൽഎയും ജില്ലാ കളക്ടർ ഷാജി വി. നായരും യോഗത്തിൽ മന്ത്രിയോട് വിശദീകരിച്ചു.
മടവീണ പാടശേഖരങ്ങളിൽ നിന്ന് വെള്ളം എത്രയും വേഗം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫയർഫോഴ്സിന്റെ മോട്ടോറുകളുടെ സഹായത്തോടെയും ആവശ്യമെങ്കിൽ വാടകയ്ക്ക് മറ്റു വലിയ പമ്പുകൾ ഉപയോഗിച്ചും വെള്ളം വറ്റിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ക്യാമ്പുകളിലെല്ലാം ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താനും ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.
വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ എല്ലാ കുടുംബങ്ങൾക്കും, അവർ ക്യാമ്പുകളിൽ കഴിയുന്നവരാണെങ്കിലും അല്ലെങ്കിലും 10,000 രൂപ വീതം ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
എഡിഎം സി. പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, തഹസീൽദാർ പി.കെ. സൗമ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ഡൊമനിക്, വി.എം. ഷൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് മന്ത്രി ചെങ്ങന്നൂരിലെത്തി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ആർഡിഒ ഓഫീസിൽ എത്തിയ മന്ത്രി സജി ചെറിയാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ ചെങ്ങന്നൂർ ആർഡിഒ ഷീബ മാത്യു, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.