എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സാ ധനസമാഹരണത്തിനായി ചേന്ദമംഗല്ലൂർ പുൽപറമ്പിൽ സംഘടിപ്പിച്ച ചായ സൽക്കാര പരിപാടി.
മുക്കം: എസ്എംഎ ബാധിച്ച കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ചേന്ദമംഗല്ലൂർ പുൽപറമ്പിൽ നാട്ടുകൂട്ടം സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തംകൊണ്ടും ധനസമാഹരണംകൊണ്ടും വേറിട്ടതായി. പുൽപറമ്പ് അങ്ങാടിയിൽ മുക്കം നഗരസഭ കൗൺസിലർ ജസീല അസിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ടുപാടിയും ചായകുടിച്ചും സായാഹ്നം ചെലവഴിക്കാൻ എത്തിയത് നൂറുകണക്കിനാളുകളാണ്. ആളുകൾക്ക് മുന്നിൽ നീട്ടിയ ബക്കറ്റിലേക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് സമാഹരിക്കാൻ സാധിച്ചത്.
പുൽപറമ്പ് അങ്ങാടിയിൽ പ്രത്യേകം തയാറാക്കിയ മക്കാനിയിൽ പ്രദേശത്തെ സ്ത്രീകൾ പലഹാരങ്ങളും ചായയും പായസവും കുഞ്ഞിപ്പത്തലും പാൽവാഴക്കയും എന്നുവേണ്ട നിരവധി വിഭവങ്ങളാണ് കൊണ്ടുവന്നത്. വാർഡ് കൺവീനർ എ. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. പുൽപറമ്പ് ജീവൻ രക്ഷസേനാ അംഗങ്ങളായ സി.കെ. ഷബീർ, സി.ടി. അനീസ്, ടി.കെ. നൗഷാദ്, ഇ.കെ.കെ. ബാവ, ഷഫീഖ് ചിങ്കൻ, സെലീന പുൽപറമ്പ്, എ. മൈമൂന, ഹഫ്സാബി, കെ. റസിയ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : earned two lakhs Nattuvishesham DistrictNews DeepikaNews