കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര. ഒരുമാസത്തിനുള്ളിൽ ആറിടത്താണ് മോഷണം നടന്നത്. സ്കൂളുകളും ആരാധനാലയങ്ങളും പെട്രോൾ പമ്പുകളും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കളുടെ വിളയാട്ടം. മോഷണം ആവർത്തിക്കുമ്പോഴും മോഷ്ടാക്കളെ പിടികൂടാൻ പൊലിസിന് കഴിയുന്നില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നു.
കുര്യത്തുള്ള കളത്തൂർ ഗവ. സ്കൂളിലാണ് അവസാന മോഷണം നടന്നത്. ഇവിടെനിന്ന് ലാപ്ടോപ്പ് കവർന്നു. ഓഫിസ് താറുമാറാക്കി ഇട്ടിരിക്കുകയാണ്. കുറവിലങ്ങാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ തന്നെയുള്ള ആച്ചിക്കൽ ലിറ്റിൽ ഫ്ലവർ വിദ്യാനികേതനിൽ മോഷണം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടതേയുള്ളൂ. ഉദയഗിരി സെന്റ് ജോസഫ് പള്ളിയിലും മോഷണം നടന്നിരുന്നു.
ഉഴവൂർ, മോനപ്പള്ളി എന്നിവിടങ്ങളിൽ പെട്രോൾ പമ്പിലും വ്യാപാരസ്ഥാപനങ്ങളിലുമായി മോഷണം നടന്നതും അന്വേഷണം അടഞ്ഞ അധ്യായമായി മാറിയിരിക്കുകയാണ്. ഉഴവൂരിൽ പെട്രോൾ പമ്പിൽനിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് കവർന്നത്. മോനിപ്പള്ളിയിൽ നാലു കടകളിൽ മോഷണം നടന്നതിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരങ്ങാട്ടുപിള്ളിയിൽ പൊലിസിന്റെ മൂക്കിനുതാഴെയാണ് മോഷണം നടന്നത്. പൊലിസ് സ്റ്റേഷന് സമീപത്തുള്ള പെട്രോൾ പമ്പിലായിരുന്നു മോഷണം.
മോഷണങ്ങൾ തുടർക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. രാത്രികാല പട്രോളിംഗും കോമ്പിംഗ് ഓപ്പറേഷനും സജീവമാക്കണമെന്ന ആവശ്യം സജീവമാകുന്നുണ്ട്. ജനമൈത്രി പൊലിസ് പ്രവർത്തനങ്ങൾ ഈ മേഖലയിൽ കാര്യമായി ഇപ്പോൾ ഇല്ല എന്നത് മോഷ്ടാക്കൾക്ക് ഏറെ സഹായകമായിട്ടുണ്ട്.