പ്രതീകാത്മക ചിത്രം
കുളത്തൂപ്പുഴ: റീ പ്ലാന്റിംഗിന് ആവശ്യമായ തൈകള്‍ വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ഓയില്‍ പാമിലെ മാനേജര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് സസ്പെന്ഷന്. ഓയില്‍ പാം കുളത്തൂപ്പുഴ കണ്ടന്‍ചിറ എസ്റ്റേറ്റ് മാനേജര്‍ താജുദ്ദീന്, അസിസ്റ്റന്റ് മാനേജര്‍ ബ്രിജിത് കുമാര്‍, സൂപ്പര്‍വൈസര്‍ അഭിലാഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. റീ പ്ലാന്റിംഗ് നടക്കുന്ന ഏരൂര്‍ എസ്റ്റേറ്റിലെ ബി ഡിവിഷനില്‍ നാലാം ഫീല്‍ഡില്‍ എണ്ണപ്പന തൈകള്‍ നല്കുന്നതില് ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇവിടെ നിലവില്‍ 2500 ഓളം തൈകളുടെ കുറവാണുള്ളത്. ഇതുകൂടാതെ പോക്ക് തൈകള്‍ക്ക് പകരം നല്കാന് പോലും കണ്ടഞ്ചിറ നഴ്സറിയില്‍ തൈകള്‍ ഇല്ല.
ആവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമപ്പുറം ഓയില്‍ പാമിന് ആവശ്യമായ തൈകള്‍ നാല്കാതെ പ്ലാന്റേഷന് കോര്പറേഷന് നാലായിരത്തോളം തൈകള്‍ നല്‍കുകയും ചെയ്തു. ഓയില്‍ പാമിന് ആവശ്യമായ തൈകള്‍ നല്കിയത്തിന് ശേഷം മാത്രമേ പുറത്തേക്ക് തൈകള്‍ നല്കാവു എന്ന ചട്ടവും ഉദ്യോഗസ്ഥര്‍ ലംഘിച്ചു.
തൈകള്‍ ലഭ്യമല്ലാതെ വന്നതോടെ ബി ഡിവിഷനിലെ നാലാം ഫീല്‍ഡില്‍ റീ പ്ലാന്റിംഗ് നടപടികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റീ പ്ലാന്റിംഗ് മുടങ്ങിയതോടെ ഓയില്‍ പാമിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ തൈകളുടെ സ്റ്റോക്ക് വിവരം രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ അടക്കം ഗുരുതരമായ വീഴ്ചയും കണ്ടെത്തിയിട്ടുണ്ട്. നഷ്ടം കണക്കാക്കുന്നതിനായി പ്രത്യേക സമിതിയേയും ഓയില്‍ പാം അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.
പ്രൊജക്ടസ് വിഭാഗം സീനിയര്‍ മാനേജര്‍ വിന്‍സന്റ് ജോര്‍ജ്, അക്കൗണ്ട്സ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍, പ്രിമ എല്‍സ ജേക്കബ്, അസിസ്റ്റന്റ് ് മാനേജര്‍ ബിപിന്‍ ജെ.പ്രകാശ് എന്നിവരാണ് കമ്പനിയുടെ നഷ്ടം കണക്കാക്കാന്‍ നിയോഗിച്ച കമ്മിറ്റിയിലുള്ളത്
സമിതി കണ്ടെത്തുന്ന നഷ്ടം സസ്പെന്‍ഷനിലായ ഉദ്യോഗസ്തരില്‍ നിന്നും ഈടാക്കാനാണ് മാനേജ്മെന്റ് നീക്കം. അതേസമയം സമാനമായി മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷണം ഉണ്ടാകുമെന്ന് ഓയില്‍പാം ഉന്നതര്‍ വ്യക്തമാക്കി. അങ്ങനെയെങ്കിലും കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് നടപടി നീങ്ങും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്നടന്ന തീ പിടിത്തം ഉള്‍പ്പടെയുള്ളവയില്‍ പുനരന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.