അവലോകന യോഗത്തിൽ അസി. കളക്ടര്‍ മാളവിക ജി. നായർ പ്രസംഗിക്കുന്നു.
കോഴിക്കോട്: പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും 'പുകയിലരഹിത യുവത്വം ക്യാമ്പയിൻ 4.0' നടപ്പിലാക്കുന്നതിനുമായി ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം.
കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ബോധവത്കരണം ഊർജിതമാക്കാനും പുകയില വിരുദ്ധ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. അധ്യാപകർ, പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എക്സൈസ്, പൊലിസ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുൾപ്പെട്ട വിദ്യാലയ ജാഗ്രതാ സമിതികൾ ഇതിന് നേതൃത്വം നൽകും. വിവിധ വകുപ്പുകളിൽ നിന്ന് നോഡൽ ഓഫീസർമാരെ നിയോഗിച്ച് സംയുക്ത പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
കോളജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും തടയാൻ കർശന നടപടി സ്വീകരിക്കും.
വിദ്യാർഥികൾക്കായി പുകയില വിരുദ്ധ പ്രതിജ്ഞ നടപ്പിലാക്കും. ക്യുആർ. കോഡ് സ്കാൻ ചെയ്ത് ഡിജിറ്റലായി പ്രതിജ്ഞയെടുക്കാനുള്ള സൗകര്യവും ഒരുക്കും.പഞ്ചായത്ത് തലത്തില്‍ സമിതികൾ രൂപീകരിച്ച് വാർഡുകളെയും തുടര്‍ന്ന് പഞ്ചായത്തുകളെയും പൂർണമായി പുകയിലരഹിതമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അസി. കളക്ടർ മാളവിക ജി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ.അഫ്സൽ, കേരള വൊളന്ഡറി ഹെൽത്ത് സർവീസസ് പ്രതിനിധി വി. സജു ഇട്ടി എന്നിവർ പ്രസംഗിച്ചു.
.