പ്രതീകാത്മക ചിത്രം
കട്ടപ്പന: റവന്യു ജില്ലാ ശാസ്ത്രമേളയ്ക്ക് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 12, 13 തീയതികളിലായി നടക്കുന്ന മേളയിൽ ഏഴ് ഉപജില്ലകളിൽനിന്നു രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കും. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങളിലാണ് മേളകൾ നടത്തുന്നത്.
12ന് സയൻസ്, സോഷ്യൽ സയൻസ്, ഐടി, ഗണിതം മേളകളും സമാപനദിനം പ്രവൃത്തി പരിചയമേളയും നടക്കും. 12ന് രാവിലെ 10ന് സേനാപതി വേണു എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ. അധ്യക്ഷയാകും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ ആശംസകൾ നേർന്ന് സംസാരിക്കും.
പരിസ്ഥിതി സൗഹാർദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് സംഘാടകർ അറിയിച്ചു. മേളയുടെ നടത്തിപ്പിനായി ജനപ്രതിനിധികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.