പിടിയിലായ പ്രതികള്‍.
ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.
കക്കിടിപ്പുറം കാവിലവളപ്പില്‍ അബ്ദുല്‍ ബാസിത് (39), എറവക്കാട് ഞാവലംകാട് തലക്കെട്ട് വീട്ടില്‍ മുഹമ്മദ് സഫ്വാന് (24)എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11ന് പുലര്‍ച്ചെ അഞ്ചോടെയാണ് ജോലിക്കായി പുറത്തിറങ്ങിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ നെല്ലിശേരിയിലെ താമസസ്ഥലതത്തുനിന്നു മൂന്ന് പേരടങ്ങുന്ന സംഘം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടുപോയത്.
കാറില്‍ വച്ച് മര്‍ദിച്ച് കൈയിലുണ്ടായിരുന്ന 2,500 രൂപ അപഹരിച്ച ശേഷം മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി ബാങ്ക് അക്കൗണ്ടിലെ 8,000 രൂപ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ചെയ്തു. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ശേഷം രണ്ട് കിലോമീറ്റര്‍ അകലെ കുറ്റിപ്പാലയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടു പേര് പിടിയിലായത്.
ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.