വട്ടിത്തറമറ്റം- കിടങ്ങൂർ റോഡിലെ വെള്ളാപ്പള്ളിപ്പാലം.
അയർക്കുന്നം: വട്ടിത്തറ-മറ്റം-കിടങ്ങൂർ റോഡ് ആധുനികരീതിയിൽ നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. അയർക്കുന്നം ടൗണിലും മറ്റ് പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഫലപ്രദമായ ബദൽ റോഡായി ഉപയോഗിക്കാൻ കഴിയുന്ന പാതയാണിത്. തിരുവഞ്ചൂർ, ആറുമാനൂർ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് അയർക്കുന്നത്ത് എത്താതെതന്നെ ഏറ്റുമാനൂർ-പാലാ റോഡിലെ കിടങ്ങൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരവുമാണ്.
കൂടാതെ, കമ്പനിക്കടവ് പാലം പൂർണതോതിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ റോഡിന്റെ പ്രാധാന്യം ഇനിയും പതിന്മടങ്ങ് വർധിക്കും. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്.
എട്ടുമീറ്ററിലധികം വീതിയുള്ള ഈ പ്രധാനപാതയെ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. 50 വർഷമുന്പ് നിർമിച്ച റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്താത്തത് കാരണം കാലാകാലങ്ങളിൽ ലക്ഷക്കണക്കിന് രൂപ മുടക്കി താത്കാലിക അറ്റകുറ്റപ്പണികളും പാച്ച് വർക്കുകളും മാത്രമാണ് അധികൃതർ ചെയ്യുന്നത്.
ഇത് പൊതുഖജനാവിന്റെ ധൂർത്താണെന്നും ശാശ്വത പരിഹാരമായി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : remains unchanged Nttuvishesham Districtnews