ഉത്തര മലബാർ ജലോത്സവത്തിൽ ജേതാക്കളായ വയൽക്കര വെങ്ങാട്ട് ടീമിന് സന്ദീപ് വാര്യർ എംഎൽഎ ട്രോഫി സമ്മാനിക്കുന്നു.
നീലേശ്വരം: തേജസ്വിനി പുഴയില്‍ ആവേശത്തിന്റെ ഓളങ്ങൾ തീര്‍ത്ത ഉത്തരമലബാര്‍ ജലോത്സവത്തില്‍ വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. 25 പേർ തുഴയുന്ന വള്ളങ്ങളുടെ വിഭാഗത്തിൽ ഒപ്പത്തിനൊപ്പം തുഴയെറിഞ്ഞ് കുതിച്ചുപാഞ്ഞ ന്യൂബ്രദേഴ്സ് മയിച്ചയെ വള്ളപ്പാടുകൾക്കു മാത്രം പിന്നിലാക്കിയാണ് വയൽക്കര ടീം മഹാത്മാഗാന്ധി ട്രോഫിയിൽ മുത്തമിട്ടത്.
വിബിസി കുറ്റിവയൽ മൂന്നാം സ്ഥാനം നേടി. സന്ദീപ് വാര്യർ എംഎൽഎ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും പ്രൈസ് മണിയായി ലഭിച്ചു.
15 പേര് തുഴയുന്ന വള്ളങ്ങളിൽ പുരുഷന്മാരുടെ വിഭാഗത്തിൽ അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കളായി. വയല്‍ക്കര വെങ്ങാട്ട് രണ്ടാംസ്ഥാനവും ന്യൂ ബ്രദേഴ്സ് മയിച്ച മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുംചിറ രണ്ടാംസ്ഥാനവും പാലിച്ചോന്‍ അച്ചാംതുരുത്തി മൂന്നാംസ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും പ്രൈസ് മണിയായി ലഭിച്ചു.
കോട്ടപ്പുറം ബോട്ട് ടെർമിനലിൽ നിന്നാരംഭിച്ച മത്സരങ്ങൾ സംഘാടകസമിതി ചെയര്മാന് സന്ദീപ് വാര്യര്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. വി. കുഞ്ഞികൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി. നിധിന് രാജ്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.പി. മുഹമ്മദ് റാഫി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. പ്രദീഷ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. നസീബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, ബിആര്‍ഡിസി ജനറല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്, ജില്ലാ വള്ളംകളി അസോസിയേഷന് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.