കോഴഞ്ചേരി: വെളുത്തുള്ളി കിലോഗ്രാമിന് 80 രൂപയും മുരിങ്ങയ്ക്കാ കിലോയ്ക്ക് 120 രൂപയും. മുട്ടയുടെയും മറ്റു പച്ചക്കറികളുടെയും വില കുതിക്കുന്നു. അടുക്കള ബജറ്റ് താളം തെറ്റുന്നതിന്റെ വേവലാതിയിൽ വീട്ടമ്മമാർ.
കർണാകടയിൽ നിന്നും എത്തിക്കുന്ന ചെറിയ ഉള്ളിക്ക് 220 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നും വരുന്ന ഗുണനിലവാരം കുറഞ്ഞ ഉള്ളിക്ക് 180 രൂപയും നൽകണം. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയുടെ വില 65 രൂപ കടന്നു. സ്വാഭാവികമായിവരും ദിവസങ്ങളില്‍ സാവാളയുടെ വിലയില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന് വ്യാപാരികൾ. പാലക്കാട്- നെന്മാറയില് നിന്നും വരുന്ന പാവയ്ക്കായ്ക്ക് 80 രൂപയാണ് വില. ഉരുളകിഴങ്ങിന്റെ വില 120 കവിഞ്ഞു. തമിഴ്നാട്ടിലെ പുളിയംകുഴി ഭാഗത്തുനിന്നും വരുന്ന നീരുള്ള നാരങ്ങായുടെ വില 160 കവിഞ്ഞു.
പച്ചക്കറിയുടെ വിലയിലുണ്ടായ വർധന സാധാരണക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. പാചക വാതകത്തിനും പച്ചക്കറികള്‍ക്കും അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണ്. കനത്ത മഴയും കൃഷിനാശവുമാണ് പച്ചക്കറി വില വർധിക്കാൻ
കാരണമായത്. ശബരിമല തീർഥാടനകാലം എത്തിയതോടെ അയൽ സംസ്ഥാനങ്ങളിലും പച്ചക്കറി വില കൂടി. മുട്ടയുടെ വിലയും എട്ട് രൂപയിലെത്തി. വരുംദിവസങ്ങളിൽ മുട്ട വില വർധിക്കും. നാടൻ കോഴി മുട്ടയ്ക്ക് പത്തു രൂപയായി.
പച്ചക്കറി വിലക്കയറ്റം സാധാരണ കുടുംബങ്ങളെ മാത്രമല്ല ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നതോടെ ഹോട്ടല്‍ നടത്തിപ്പും കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മുട്ട വിലയ്ക്കൊപ്പം കോഴി, പോത്ത് ഇറച്ചി വിലയും ഉയരുകയാണ്. ക്രിസ്മസ് സീസണ് വരുന്നതോടെ മാംസ വില വീണ്ടും ഉയരും.
ഒരു കിലോ നാളികേരത്തിന് 70 രൂപയാണ് വില. ഇത് ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില നിയന്ത്രിക്കുന്നതില്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. ഈ രീതിയില്‍ തുടരുകയാണെങ്കില്‍ പച്ചക്കറി വില ഇനിയും കൂടാന്‍ സാധ്യതയേറെയാണെന്ന് കോഴഞ്ചേരി തെക്കേമലയിലെ പ്രമുഖ മൊത്ത വ്യാപാരിയായി ജി. അജീഷ്കുമാര്‍ പറഞ്ഞു.
വിപണി വില നിയന്ത്രിക്കണം
പച്ചക്കറികളുടെയും പലവ്യഞ്ജന സാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സ്വന്തംകൈയിലെ പണമെടുത്താണ് ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്നത്. ശബരിമല സീസണ് ആരംഭിച്ചതോടെ പച്ചക്കറികളുടെ വിലയില്‍ വന്‍ വർധനയാണുണ്ടായിരിക്കുന്നത്. ഇതിനോടൊപ്പം മുട്ട ഇറച്ചി എന്നിവയുടെ വിലയും വര്‍ധിച്ചു. ക്രിസ്മസ് അടുക്കുന്നതോടെ വില വീണ്ടും കൂടും. വാണിജ്യ പാചക വാതകത്തിന്റെ വിലയും ഓരോ ദിവസവും കൂടുകയാണ്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ നേരിട്ട് ഇടപെടണം.
ശ്രീജിത്ത് മോഹന്‍,
മണികണ്ഠ ഹോട്ടല്‍ ഗ്രൂപ്പ്, പുല്ലാട്.
Tags : into disarray. Nttuvishesham Districtnews