പൈപ്പുപൊട്ടിയ ഭാഗത്തു നിന്നു വെള്ളം പമ്പു ചെയ്ത് നീക്കുന്നു.
കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ പൊട്ടിയ കൂറ്റൻ കുടിവെള്ള പൈപ്പിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പണികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ പന്പിംഗ് ആരംഭിക്കും. കൊച്ചി നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് തൃക്കാക്കരയിൽ ബുധനാഴ്ച രാത്രി പൊട്ടിയത്. കുടിവെള്ളം വഴിതിരിച്ചുവിടുന്ന പൈപ്പിന്റെ വാൽവുഭാഗം അകന്ന തുമൂലം ഉണ്ടായ സമ്മർദമാണ് ജലവിതരണക്കുഴൽ പൊട്ടാൻ കാരണമായത്.
വിവരമറിഞ്ഞെത്തിയ വാട്ടർ അഥോറിറ്റി അധികൃതർ ആലുവയിൽ നിന്നുള്ള പന്പിംഗ് നിർത്തിവച്ച് തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ബുധനാഴ്ച രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു.
തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന ആലുവയിൽ നിന്നുള്ള 900 എംഎം പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായും വെള്ളത്തിലായി. കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോയി റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടിരുന്നു.
Tags : Water supply NattuVishasham DistrictNews