തകർന്ന് കിടക്കുന്ന തിരുവണ്ണൂർ റോഡ്.
സുൽത്താൻ ബത്തേരി: തിരുവണ്ണൂരിലെ താമസക്കാരായ ജനങ്ങൾക്ക് ഇപ്പോൾ ഒരു ആഗ്രഹമേയുള്ളു. കുണ്ടിലും കുഴിയിലും വീണ് നടുവൊടിയാതെ നടക്കാൻ പറ്റിയ ഒരു റോഡ് വേണം.
പതിറ്റാണ്ടുകളായി തകർന്നു കിടക്കുകയാണ് പ്രദേശത്തെ ജനങ്ങളുടെ ഏക സഞ്ചാരമാർഗമായ തിരുവണ്ണൂർ-കല്ലൂർ ടൗണ്‍ റോഡ്. കാൽനടയാത്രപോലും ദുസഹമായ ഈ റോഡിലൂടെ വളരെ സാഹസപ്പെട്ടാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. തിരുവണ്ണൂരിൽ നിന്ന് കല്ലൂർ ടൗണിലെത്തുന്ന റോഡിന് രണ്ട് കിലോമീറ്ററിൽ താഴെ മാത്രമാണ് ദൈർഘ്യം. എന്നാൽ ഇപ്പോൾ റോഡിലെ കുണ്ടിലും കുഴിയിലുമെല്ലാം താണ്ടി നടന്നെത്താൻ ഒരു മണിക്കൂറോളം സമയം വേണം.
റോഡ് തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾപോലും വരാതെയായി. റോഡിൽ നിർമാണ പ്രവൃത്തികൾ നടന്നിട്ട് പത്ത് വർഷം പിന്നിട്ടു. പഞ്ചായത്തിന്റെ അധീനതയിലാണ് റോഡെങ്കിലും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് പോലും നോക്കുന്നില്ല.
നൂറ് മീറ്ററോളം ഇടവിട്ട് ചിലയിടങ്ങളിൽ നന്നാക്കിയെങ്കിലും അതെല്ലാം കഴിഞ്ഞ മഴയിൽ കുത്തിയൊലിച്ച് പോയി. ദേശീയപാത 766ൽ നിന്ന് തുടങ്ങുന്ന തിരുവണ്ണൂർ റോഡിൽ തിരുവണ്ണൂർ അന്പലം വരെയുള്ള ഭാഗമാണ് പാടെ തകർന്നത്. കല്ലൂർ ടൗണിലെത്തുന്ന റോഡിൽ വയൽഭാഗത്ത് മാത്രമാണ് തകരാതെ കിടക്കുന്നത്.
റോഡ് അറ്റകുറ്റപ്പണി നടത്തി കാൽനടയാത്രക്കെങ്കിലുമുള്ള സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.