എലിക്കുളം കൂരാലിയിൽ കാട്ടുപന്നികൾ നാശമുണ്ടാക്കിയ കൃഷിയിടത്തിൽ ജനപ്രതിനിധികളും കൃഷിഭവൻ ഉദ്യോഗസ്ഥരും സന്ദർശനം നടത്തുന്നു.
എലിക്കുളം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി, കാട്ടുകോഴി എന്നിവയുടെ ശല്യം രൂക്ഷമാകുന്നു. ടൗണിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ വാഴ, ചേന, കാച്ചിൽ, മരച്ചീനി, തെങ്ങിൻ തൈകൾ, പച്ചക്കറികൾ തുടങ്ങിയവ നശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കൂരാലി നമ്പിലായിൽ ഗോപിനാഥൻ നായർ, നമ്പിലായിൻതാഴെ പുരുഷോത്തമൻ നായർ എന്നിവരുടെ വാഴ, മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ് ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.
സാധാരണഗതിയിൽ ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കാട്ടുപന്നികൾ ഭക്ഷണമാക്കാറില്ല. എന്നാൽ, ഇത്തരം സുഗന്ധവിളകളെ വരെ കാട്ടുമൃഗങ്ങൾ ഇപ്പോൾ വെറുതെവിടാറില്ലെന്നത് കർഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. കാൽനട യാത്രികരും ഇരുചക്രവാഹനം ഉപയോഗിക്കുന്നവരും ഭീതിയിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പഞ്ചായത്തംഗങ്ങളായ ശ്രീജ സരീഷ്, മറിയാമ്മ തച്ചിലാടിയിൽ, ജിബിൻ എസ്. ജോൺ ശൗര്യംകുഴിയിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് കൃഷി നാശം വിലയിരുത്തി.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് അംഗീകൃത ലൈസൻസുള്ള എംപാനൽ ഷൂട്ടർമാരെ അടിയന്തരമായി നിയമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് എന്നിവർ അറിയിച്ചു.
Tags :