പൂവാർ : കുടുംബ പ്രശ്നങ്ങളെ തുടർന്ന് വീടിനു സമീപത്തെ നൂറടിയിലേറെ ആഴമുള്ള കിണറ്റിലേക്കു ചാടിയ യുവതിയെ രക്ഷിക്കാൻ സഹോദരനും ഒപ്പംചാടി. യുവതി മരിച്ചു, ഗുരുതരമായി പരിക്കേറ്റ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.
പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ രാജേന്ദ്രന്റെയും അനിതയുടെയും മകൾ അർച്ചനേന്ദ്ര (26)യാണു മരിച്ചത്. സഹോദരൻ പവനേന്ദ്ര (22) നെ രക്ഷപ്പെടുത്തി . ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് പ്രശ്ന ങ്ങൾക്കു കാരണമെന്നു പൊലീസ് പറഞ്ഞു. പക്ഷേ, എന്താണെന്ന വിവരം കൃത്യമായി പോലീസിനു ലഭിച്ചിട്ടില്ല. നൂറടിയിലധികം താഴ്ചയുള്ള കിണറ്റിൽ പതിനഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. താഴെയുള്ള ഭാഗം ഇടുങ്ങിയ റിംഗുകൾ ഉള്ളതിനാൽ വീഴ്ചയിൽ തലയ്ക്കു പരി ക്കേറ്റ അർച്ചനേന്ദ്ര ആഴങ്ങളിലേക്ക് താഴ്ന്നു. കാലിനും ദേഹത്തും ഗുരുതര പരിക്കേറ്റ പവനേന്ദ്രൻ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ തൂങ്ങി നിന്നെങ്കിലും വായു സഞ്ചാരമില്ലായിരുന്നത് പ്രശ്നമായി.
പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സ് അധികൃതർ കിണറ്റിലേക്ക് ഇറക്കിയ ഓക്സിജൻ സിലിണ്ടർ യുവാവിന്റെ ജീവൻ നിലനിർത്താൻ സഹായമായി. അവശനായ പവനേന്ദ്രൻ ആഴങ്ങളിലേക്ക് താഴ്ന്നു പോകാനുള്ള സാധ്യത മുന്നിൽ കണ്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആർ. ദിനേശും എസ്.യു. അരുണും ചേർന്ന് എല്ലാ സജ്ജീകരണങ്ങളോടെ കിണറ്റിൽ ഇറങ്ങി. അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുനവേന്ദ്രയെ രക്ഷിച്ചു കരയിൽ കയറ്റിയ ശേഷം രണ്ടാമതും ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷാ ഷെയ്ഖ് എന്നിവർ മക്കളാണ്. പൂവാർ ഫയർ സ്റ്റേഷൻ എഎസ്ടിഒ ജി.എസ്. നോബിളിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരായ ടി.ടി. വിനീഷ്, വിജേഷ് കുമാർ, വിഷ്ണു എസ്. നായർ, രമേഷ്. ആർ, സ്റ്റാൻലി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Tags : local nattuvishesham women died