ചെറുപുഴ: സ്ത്രീകളിൽ വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നു. പഴയ പഞ്ചായത്ത് ഹാളിൽ തുടങ്ങുന്ന പദ്ധതിയുടെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ട്രെഡ്മിൽ, സൈക്ലിംഗ് മെഷീൻ, ക്രോസ് ട്രെയിനർ, വെയിറ്റ് ട്രെയിനിംഗ് ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പരിശീലനം ലഭിച്ച വനിതാ ട്രെയിനർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തനം നടത്താനാണ് തീരുമാനം.
നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് സന്ദർശിച്ചു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലളിതാ ബാബു, കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്തംഗങ്ങളായ മാനുവൽ മാപ്പിളപറമ്പിൽ, അനീഷ് ആന്റണി, പ്രിൻസ് വെള്ളക്കട എന്നിവരും സംഘത്തിലുണ്ടായിരുന്നു.