പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പ്രകൃതിയുടെ പച്ചപ്പിലും കോടമഞ്ഞിലും ഇരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി സംസ്ഥാന വനം വികസന കോര്പറേഷന് (കെഎഫ്ഡിസി). ജോലിയും (വര്‍ക്ക്) അവധിക്കാലവും ഒന്നിപ്പിക്കുന്ന വര്ക്കേഷന് പദ്ധതിക്ക് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തുടക്കമായി. വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പ്രഫഷണലുകള്‍ക്കും താമസിച്ചു ജോലി ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം പത്തനംതിട്ട ജില്ലയിലെ ഗവിയിലും ഇടുക്കിയിലെ സൂര്യനെല്ലിയിലുമാണ് ആരംഭിച്ചിരിക്കുന്നത്.
രണ്ടു പേര്‍ക്ക് താമസിക്കാവുന്ന മുറികള്‍
രണ്ടുപേര്‍ക്ക് താമസിക്കാവുന്ന നാലു മുറികളാണ് ഗവിയില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഹൈ സ്പീഡ് വൈഫൈ, കഫ്റ്റീരിയ സൗകര്യങ്ങള്‍ക്ക് പുറമേ ജോലിക്കിടയില്‍ കാട്ടിലൂടെ ട്രെക്കിംഗ് ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. മൂന്നു ദിവസത്തെ താമസം, ഭക്ഷണം, ട്രെക്കിംഗ് എന്നിവയടക്കം 14,000 രൂപയാണ് നിരക്ക്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ ഗവി സമുദ്രനിരപ്പില്‍ നിന്ന് 1,086 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് (താപനില: 15-27 സെല്‍ഷ്യസ്). മൂന്നാറില്‍ നിന്നുള്ള മലയോര ഗ്രാമമായ സൂര്യനെല്ലി, കൊളുക്കുമല സൂര്യോദയത്തിനും ആനയിറങ്കല്‍ അണക്കെട്ടിനും പ്രശസ്തമാണ്.
വിദേശ രാജ്യങ്ങളില്‍ നടപ്പാക്കിയ പദ്ധതി
ജപ്പാന്, ബാര്‍ബഡോസ്, എസ്റ്റോണിയ, ബാലി തുടങ്ങിയ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പിന്നാലെയാണ് കേരളവും ഈ മാതൃക സ്വീകരിക്കുന്നത്. 2026ലെ പാസ്പോര്ട്ടിവിറ്റി സൂചിക പ്രകാരം നിലവില്‍ ലോകത്താകമാനം 48 രാജ്യങ്ങള്‍ ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേക വിസ നല്കി വര്ക്കേഷന് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജപ്പാനില്‍ 2020ല്‍ ദേശീയോദ്യാനങ്ങളിലും ചൂടുനീരുറവ കേന്ദ്രങ്ങളിലും വൈഫൈയും വര്ക്ക്സ്പേസുകളും ഒരുക്കിയത് ഏറെ ശ്രധേയമായിരുന്നു. ബാര്‍ബഡോസില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യാന്‍ വെല്‍ക്കം സ്റ്റാമ്പ് അവതരിപ്പിച്ചിരുന്നു.
Tags : Workation NattuVishesham DistrictNews