ഇരിട്ടിയിലെ ഈന്തപ്പഴം
ഇരിട്ടിയിലെ ഈന്തപ്പഴം
Monday, July 29, 2019 4:52 PM IST
നിറയെ കുലകളുമായി നില്‍ക്കുന്ന ഈന്തപ്പന കണ്ണൂര്‍ ഇരിട്ടി കോളിക്കടവ് ഗ്രാമത്തിന് കൗതുകകാഴ്ചയായി. ഷെറിന്‍ ജോസ് സ്വന്തം വീട്ടില്‍നട്ട മൂന്ന് ഈന്തപ്പനകളില്‍ രണ്ടെണ്ണമാണ് നിറയെ കായ്ച്ചത്. പരമ്പരാഗത ജൈവകര്‍ഷകന്‍ കൂടിയായ ഷെറിന്റെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സ്വര്‍ണനിറത്തോടുകൂടിയ തുടുത്ത പഴങ്ങള്‍ കാണാന്‍ എന്നും സന്ദര്‍ശകരുണ്ട്.

ഷെറിന്‍ ബിസിനസുകാരനാണെങ്കിലും ചെറുപ്പം മുതല്‍ കൃഷി തത്പരനാണ്. റബറാണ് പ്രധാന കൃഷിയെങ്കിലും മറ്റു വിളകളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഗ്രോബാഗിലും വളര്‍ത്തുന്നു. നാലുവര്‍ഷം മുമ്പാണ് ഈന്തപ്പനകള്‍ നട്ടത്. അഞ്ച ടിയുള്ള തൈ ഒന്നിന് പതിനായിരം രൂപയായി. പ്രത്യേക വളങ്ങളോ പരിചരണമോ നല്‍കിയില്ല. എങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പുഷ്പിച്ചു. ആദ്യം കാര്യമായ ഫലം കിട്ടിയില്ല. എന്നാലിപ്പോള്‍ ഗള്‍ഫിലെപ്പോലെ തന്നെ പഴക്കുലകള്‍ ഉണ്ടാകുന്നുണ്ട്. വലിപ്പം അല്പം കുറവാണ്. സാധാരണ ഈന്തപ്പഴത്തിന്റെ മധുരവും രുചിയുമുണ്ട്.

ഇരുന്നൂറിലധികം ഇനത്തില്‍പെട്ട ഈന്തപ്പനകള്‍ ഉണ്ടെങ്കിലും മസ്‌ക്കറ്റ്, മക്ദുമിയാന്‍, ശുക്ര എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഇവയുടെ തൈകള്‍ തമിഴ്‌നാട്ടില്‍ ലഭ്യമാണ്. സാധാരണ ഈന്തപ്പനകള്‍ നാടനാണ്. ചിലയിടങ്ങളില്‍ കാട്ടിനങ്ങളും കാണുന്നുണ്ട്. ഇവ പുഷ്പിക്കുമെങ്കിലും ഫലമുണ്ടാകണമെന്നില്ല. നല്ല ഇനങ്ങള്‍ക്ക് വിലയേറെയാണ്.

ഒരേക്കറില്‍ 100

ഒരേക്കറില്‍ നൂറു തൈകള്‍ നടാം. മുപ്പതു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒറ്റത്തടി വൃക്ഷമാണ് ഈന്തപ്പന. ഇവയുടെ ചുവട്ടില്‍ മുളച്ചുവരുന്ന സക്കറുകളാണ് നടീലിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി മുളപ്പിക്കാമെങ്കിലും അവയില്‍ നിന്ന് ഗുണമേന്മയുള്ള ഫലങ്ങള്‍ ലഭിക്കില്ലെന്നാണ് ഗള്‍ഫിലെ കര്‍ഷകര്‍ പറയുന്നത്. സക്കറുകളും ടിഷ്യൂക്കള്‍ച്ചര്‍ തൈകളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.



വരണ്ടിടത്ത് നൂറുമേനി

നല്ല ചൂടുള്ള വരണ്ട പ്രദേശങ്ങളില്‍ ഈന്തപ്പന കൃഷി ചെയ്യാം. ഇരുപതടി അകലത്തില്‍ നേര്‍വരിയായി കുഴികളെടുത്തു വേണം തൈകള്‍ നടാന്‍. ഒരു മീറ്റര്‍ ആഴത്തില്‍ സമചതുര ത്തിലുള്ള കുഴികളില്‍ ചാണകപ്പൊടിയും ജൈവവളവും ചേര്‍ ത്ത് തെങ്ങുകള്‍ നടുന്നപോലെ നടാം. വളര്‍ച്ചയ്ക്കായി ആദ്യവര്‍ഷം നന വേണം. മരുഭൂ മി വൃക്ഷമാണെങ്കിലും വേനല്‍ ക്കാലത്ത് ആഴ്ചയില്‍ ഒരു നന അത്യാവശ്യമാണ്. വ ളര്‍ച്ച കുറവാണെങ്കില്‍ വര്‍ഷത്തില്‍ ഒരു തവണ വളം ന ല്‍കാം. നല്ലപോലെ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ മാത്രമേ കായ്ഫലം കൂടുതലുണ്ടാകൂ. നൂറു പെണ്‍മരങ്ങള്‍ക്ക് പത്ത് ആണ്‍ മരം വീതമാണ് നടേണ്ടത്. നല്ല ഇനങ്ങളാണെങ്കില്‍ അഞ്ചാം വര്‍ഷം പുഷ്പിച്ചു തുടങ്ങും. ചിലപ്പോള്‍ എട്ടു വര്‍ഷം വരെ നീളാം.


പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ നിറം മാറും. മധുരം കലര്‍ന്ന ചവര്‍പ്പു രുചിയുള്ള ഈന്തപ്പഴങ്ങള്‍ നന്നായി പഴുത്താലേ വിളവെടുക്കാവൂ. ഈ സമയത്ത് പക്ഷികള്‍ തിന്നാനും കൊഴിഞ്ഞു വീഴാനും സാധ്യതയുണ്ട്. പഴങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കുലകള്‍ മുഴുവന്‍ വലകൊണ്ട് പൊതിയുന്ന രീതിയുണ്ട്. ഈന്തപ്പഴത്തിന്റെ ഇനമനുസരിച്ചാണു വില. നൂറു രൂപ മുതല്‍ ആയിരം രൂപവരെ വിലയുള്ള ഇനങ്ങളുണ്ട്. നമ്മുടെ രാജ്യം ഒരു വര്‍ഷം ശരാശരി മൂന്നു ലക്ഷം ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടുതലായും പാക്കിസ്ഥാനില്‍ നിന്നാണ് ഇവ ഇവിടെ എത്തുന്നത്. നമ്മുടെ നാട്ടില്‍ ഈന്തപ്പനകള്‍ വളരുന്നുണ്ടെങ്കിലും കായ്പിടിത്തം കുറവാണ്. മഴയാണ് കായ്പിടിത്തം കുറയാനുള്ള പ്രധാനകാരണം. വരണ്ട പ്രദേശങ്ങളില്‍ കൃഷി ചെയ്ത് മഴയില്‍ നിന്ന് പൂക്കുലകളെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റില്‍ കവര്‍ ചെയ്ത് ഉത്പാദനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഷെറിന്റെ അഭിപ്രായം.

വരണ്ട മേഖലയില്‍ ഈന്തപ്പന കൃഷിചെയ്ത് കൂടുതല്‍ ആദായമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം ഇദ്ദേഹത്തിനുണ്ട്. കായ്പിടിത്തം കുറഞ്ഞാലും തെങ്ങില്‍ നിന്ന് നീരയെടുക്കുന്നതുപോലെ ഈന്തപ്പനയുടെ കുലകള്‍ ചെത്തി നീരയെടുക്കാന്‍ കഴിയും. തെങ്ങിന്‍ നീരയെപ്പോലെ പോഷകസമ്പന്നമാണ് ഈന്തപ്പന നീരയും. പരിശ്രമവും ക്ഷമയും സംരംഭക മനോഭാവവുമുള്ള കര്‍ഷകര്‍ക്ക് വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു കാര്‍ഷികവിളയാണ് ഈന്തപ്പന. ഫോണ്‍: 808 660 97 43.

നെല്ലി