കൃഷിക്കായി ചില മഴയറിവുകള്‍
മഴ പ്രകൃതിയുടെ വരദാനവും നിറചൈതന്യവും. ഉര്‍വരതയുടെ പ്രതീകം. പുതുസസ്യങ്ങല്‍ നാമ്പിടുന്ന കാലം. കര്‍ക്കടകത്തില്‍ ഉര്‍വരതയുടെ ദേവതയായ കനിയന് വയ്ക്കുന്ന ചടങ്ങ് വടക്കേ ഇന്ത്യയിലുണ്ട്. മഴ കൊണ്ടുവരുന്നത് 'നൊട്ടനാണെന്ന്' തൃശൂര്‍ ജില്ലയിലെ തോളൂര്‍ ദേശത്തുകാര്‍ വിശ്വസിക്കുന്നു. മഴ പെയ്യിക്കുവാന്‍ ആന്ധ്രയില്‍ തവളക്കല്ല്യാണവും പാലക്കാട് ജില്ലയിലെ ചിറ്റൂരിലും തമിഴ്‌നാട്ടിലും സ്ത്രീകളുടെ അനുഷ്ഠാന നൃത്തമായ കൊപ്പിയാളവും (ആളുകള്‍ ചെയ്തു കൂട്ടിയ പാപം കഴുകി കളയാനായി കൊടുംപാപികളുടെ കോലമുണ്ടാക്കി കെട്ടി വലിക്കുന്ന ചടങ്ങ്) നിലവിലുണ്ട്. വിത്തിടുന്ന ദിവസം മഴക്കായി മാരിയമ്മയ്ക്ക് ബലി നല്‍കുന്ന ഏര്‍പ്പാട് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നു. മഴയെ ബന്ധിച്ചു നിര്‍ത്താന്‍ ഗോത്രസമൂഹങ്ങള്‍ ക്കാകും. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലെ ഭരതസ്വാമിക്ക് താമരമാല നേരുന്നത് മഴമാറ്റി വയ്ക്കാന്‍.

മണ്ണിനെ രജസ്വലയാക്കി, ചെടികളില്‍ വസന്തം തീര്‍ത്ത്, ജീവജാലങ്ങള്‍ക്ക് ഹര്‍ഷോന്മാദമായി മഴക്കാലം. മഴയുടെ രാഗമാലിക തീര്‍ക്കുന്ന ഇടവപ്പാതിയും തുലാവര്‍ഷവും കേരളത്തിനു സ്വന്തം. മണ്‍സൂണിന്റെ സഹായമില്ലാതെ പ്രാദേശിക പ്രഭാവങ്ങളാല്‍ പെയ്യുന്ന ഇടമഴ. കാലവര്‍ഷം കന്നി പതിനഞ്ചുവ രെയും തുലാവര്‍ഷം തുലാം പത്തു-പതിനഞ്ചുവരെയും ഉണ്ടാ കാറുണ്ട്. ജീവന്‍ തുടിക്കുന്ന, പൊലിയുന്ന പെരുമഴക്കാലം. ചാറ്റല്‍ മഴ, പെരുമഴ, കള്ളമഴ, ഇടമഴ, നൂലു മഴ, തിരുവാതിരയിലെ തിരുമുറിയാമഴ എന്നിങ്ങനെ വര്‍ഷഋതുവിലെ വൈവിധ്യങ്ങള്‍. മഴയും വെയിലും ഒന്നിച്ചുവന്നാല്‍ കുഞ്ഞിക്കുറുക്കന്റെ കല്യാണം. ഓര്‍മ്മയുടെ ഋതുചര്യകളില്‍ തെളിയുന്നത് മാരിവില്ലുകള്‍, മഴക്കളികള്‍, പാട്ടുകള്‍, വള്ളംകളി, കരകാണാതെ നീണ്ടുകിടക്കുന്ന ജല ശേഖരങ്ങള്‍, പ്രകൃതിയിലെ പ്രണയഗീതങ്ങള്‍... മേഘച്ചില്ലകളില്‍ മഴയുടെ ഊഞ്ഞാലിട്ടപ്പോള്‍ മഴവെള്ളത്തില്‍ കടലാസു വഞ്ചിയൊഴുക്കിയും, മീന്‍പിടിച്ചും ചൂണ്ടയിട്ടും നടന്നപ്പോള്‍, മഴപ്പേടിയും പനിബാധയുമുണ്ടായിരുന്നില്ല. കുളത്തിലും തോടുകളിലും മുങ്ങാംകുഴിയിട്ട് കളിക്കുമ്പോള്‍, നീന്തല്‍ മത്സരത്തിലേര്‍പ്പെടുമ്പോള്‍, മതിവരുവോളം നീരാടുമ്പോള്‍ വിലക്കുകളും ഉണ്ടായിരുന്നില്ല. മണ്ണും മഞ്ഞും മഴയും വെയിലുമൊക്കെയായി കൂട്ടുകൂടിയപ്പോള്‍ കൈവന്നത് ദീര്‍ഘനാളത്തെ രോഗപ്രതിരോധം.

മഴയുടെ ദിശാസൂചികകള്‍

മഴയുടെ ദിശാസൂചികകള്‍ വര്‍ഷമാപിനിയിലേതു പോലെ അടയാളപ്പെടുത്തിയവരാണ് നമ്മുടെ കാരണവര്‍കുലം. ആകാശത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ കാര്‍മേഘം കണ്ടാല്‍ മഴ സുനിശ്ചിതം. കുയില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി കൂവിയാലും മഴ പ്രതീക്ഷിക്കാം. തവളയുടെയും വേഴാമ്പലിന്റെയും കരച്ചില്‍, കുളക്കോഴിയുടെ ശബ്ദം എന്നിവ മഴ പെയ്യിക്കുന്നതിന്. കള്ളിച്ചെടിയും പുഷ്‌കരമു ല്ലയും മുതല മൂക്കന്‍ ചെടിയും പൂ ക്കുന്നത് മഴയുടെ സൂചന. മഴനൂല് പ്രത്യക്ഷപ്പെട്ടാല്‍ പുതുമഴ ആരംഭിക്കുകയായി. കൊന്ന പൂക്കുന്നത് കടുത്ത വേനലിന്റെ സൂചന. അതു കഴിഞ്ഞ് മഴയുണ്ടാകുമെന്നാണ് പ്രതീക്ഷ. 'വിഷു കഴിഞ്ഞാല്‍ വേനലില്ല, വാവു കഴിഞ്ഞാല്‍ വര്‍ഷമില്ല' എന്ന് ചൊല്ല്. തുലാമാസത്തിലെ അമാവാസിയാണ് സൂചന. തു ലാം പത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കഴിയാമെന്നാണ്.

ആലിന്റെ താങ്ങുവേരുകള്‍ മുറിക്കുമ്പോള്‍ വെള്ളം കണ്ടാല്‍ മഴക്കാലം ആസന്നമായി. ചന്ദ്രന്റെ പ്രഭാവലയം അടുക്കുന്നതും അകലുന്നതും മഴയുടെ വരവും പോക്കും കുറിക്കുന്നു.

പാമ്പ് വൃക്ഷശിഖരത്തിലേക്ക് കയറിയാല്‍ മഴ ഉണ്ടാകുമെന്നാണ്. ഉറുമ്പുകള്‍ മുട്ടകളുമായി പോകുന്നത് മഴ അടുക്കുമ്പോള്‍. ദുക്‌റാന പെരുന്നാളിന് ആന ഒലിച്ചുപോകുന്ന രീതിയില്‍ അതിവര്‍ഷമുണ്ടാകുമെന്നാണ് വയ്പ്. മണ്ണില്‍ നിന്നുയര്‍ന്നു പൊ ങ്ങുന്നത് കറുത്ത ഈയ്യാംപാറ്റകളാണെങ്കില്‍ മഴ തുടരുമെന്നും വെളുത്ത പാറ്റകളാണെങ്കില്‍ മഴ നിലയ്ക്കുമെന്നുമാണ് വിശ്വാസം.

തുമ്പികള്‍ താഴ്ന്നു പറക്കുന്നത് വര്‍ഷാഗമനവും ഉയരത്തി ല്‍ പറക്കുന്നത് മഴ അകലുന്നതി നേയും സൂചിപ്പിക്കുന്നു. മഴയെ നിര്‍ണയിക്കുന്നത് കാറ്റിന്റെ ഗതി. ഇതിനെ കാറ്റ് പേര്‍ച്ച എന്നു പറയുന്നു.

തുലാം മാസാദ്യം കാറ്റു വീശിയാല്‍ മേടം ആദ്യം മഴപെയ്യും. കാറ്റുണ്ടാകുന്നത് ചിത്തിര ഞാറ്റുവേലയിലാണെങ്കില്‍ അശ്വതി ഞാറ്റുവേലയില്‍ മഴ തുടങ്ങുമെന്നാണ് നിഗമനം.

മകരം ഇരുപത്തിയെട്ടിന് (ഇരുപത്തിയെട്ടുച്ചാല്‍) ഉമ്മറവാതിലില്‍ തൂക്കിയിടുന്ന തുണി കാറ്റനുസരിച്ച് നേരെ നിന്നാല്‍ ഇടവപ്പാതി ഇടവം പതിനഞ്ചിന്. തുണി ചെരിയുന്നതനുസരിച്ച് നേരത്തേയോ വൈകിയോ ആ കും. വൈക്കോല്‍ തുറുവിന്റെ മുകളിലും തുണി കെട്ടാറുണ്ട്. ഇതാണ് കുടം പകര്‍ച്ച. വിഷുഫലം അനുസരിച്ച് വിഷു മേടം ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ഏറ്റവും നല്ലതായ ഒരുപറ വര്‍ഷം. ഞായര്‍, ചൊവ്വ ദിവസങ്ങളിലായാല്‍ കൃഷിക്ക് ഗുണമുള്ള രണ്ടുപറവര്‍ഷം. സമൃദ്ധിയില്ലാത്ത മൂന്നുപറ വര്‍ഷം ഉണ്ടാകുന്നത് വിഷു തിങ്കള്‍, ബുധന്‍ ആഴ്ചകളില്‍ വന്നാലാണ്. ഏറ്റവും മോശവും ദാരിദ്ര്യമുണ്ടാക്കുന്നതുമായ നാലുപറവര്‍ഷം പ്രവചിക്കപ്പെടുന്നത് വിഷു വ്യാഴം, വെള്ളി ദിവസങ്ങളിലാകുമ്പോള്‍.


അറുപത് യോജന വീതിയും നൂറു യോജന നീളവുമുള്ള ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ അളവാണ് ഒരു പറ. ഒരു യോജന എന്നാല്‍ പത്തു മൈല്‍. വയനാട്ടിലെ ആദിവാസികളുടെ വിശ്വാസമനുസരിച്ച് പുലച്ചികായയില്‍ ഒന്ന്, രണ്ട്, മൂന്ന് വിത്തുകളുണ്ടെങ്കില്‍ യഥാക്രമം ഒരുപറ, രണ്ടുപറ, മൂന്നുപറ എന്നിങ്ങനെയായിരിക്കും വര്‍ഷപാതം. സൂക്ഷ്മ നിരീക്ഷണത്തില്‍ ആര്‍ജ്ജിച്ച കാലാവസ്ഥാ പ്രവചനത്തിന്റെ നാട്ടറിവുകള്‍ക്ക് ഋതുഭേദങ്ങളില്‍ മങ്ങലേറ്റിട്ടുണ്ട്.മഴയും ഞാറ്റുവേലയും

കൃഷിക്ക്ഏറ്റവും യോജിച്ച സമയം കണ്ടെത്തുന്നതിന് കാലാവസ്ഥാപഠനം നടത്തിയതിന്റെ ഉത്തമ നിദര്‍ശനമാണ് ഞാറ്റുവേല സങ്കല്പം. ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയെ സൂര്യന്റെ നക്ഷത്രസ്ഥിതിക്കനുസരിച്ച് 27 ഞാറ്റുവേലകളായി തിരിച്ചിരിക്കുന്നു. കാര്‍ത്തിക, മകയിരം, പുണര്‍തം മുതലായ ഞാറ്റുവേലകള്‍ രണ്ടു രാശികളിലായിരിക്കും. ഞാറ്റുവേല പകല്‍ പിറക്കുന്നത് ശുഭകരമല്ലെന്നു വിശ്വാസം.

മഴയുടെ തീവ്രതയും വിതരണവും വിവരിക്കുന്ന ചൊല്ലുകള്‍ അസംഖ്യം. ചോതി വര്‍ഷിച്ചാല്‍ ചോറ്റിന് പഞ്ഞമില്ല. അത്തം ഇരുണ്ടാല്‍ ഓണം വെളുക്കും. അന്തിക്കു വരുന്ന മഴ നീളും. അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും. ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് മാരിവില്ലെങ്കില്‍ മഴ തുടരും.

പുണര്‍തത്തില്‍ പുകഞ്ഞ മഴയാണ്. പൂയം ഞാറ്റുവേലയില്‍ പുല്ലും പൂവണിയും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്. മകരമഴ മലയാളം മുടിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ലിന് ഉത്തമമായ മഞ്ഞുള്ള കാലമാണ് മകരം. കേരളത്തില്‍ വേനല്‍ക്കാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന, മാവുകളിലും പ്ലാവുകളിലും കായ് വിരിയുന്ന സമയത്തു മഴ പെയ്താല്‍ വിളനാശമുണ്ടാകും. 101 വെയിലും 101 മഴയുമുള്ള തിരുവാതിര ഞാറ്റുവേലയില്‍ അമൃത് വര്‍ഷിക്കുമെന്ന് വിശ്വാസം. അത്തവര്‍ഷം അതിശക്തം. മകീരത്തില്‍ മഴ മതി മറയും. അശ്വതി, ഭരണി ഞാറ്റുവേലകളില്‍ ഇടയ്ക്കിടെയാണ് മഴ പെയ്യുക.

കൃഷിമുഹൂര്‍ത്തം കുറിക്കുന്ന ഞാറ്റുവേല

ഞാറ്റുവേല കൃഷിമുഹൂര്‍ ത്തവും കുറിക്കുന്നു. ഭരണിയില്‍ ഇട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം. മൂപ്പുകൂടിയ മുണ്ടകന്‍ വിത്തുകള്‍ക്ക് ആദ്യ ഞാറ്റുവേലകള്‍ ഉത്തമം. ചോതി കഴിഞ്ഞാല്‍ ചോദ്യമില്ലെന്നാണ്. മഴയില്ലാത്തതിനാല്‍ പിന്നെ കൃഷിയിറക്കരുതെന്നര്‍ഥം. രേവതി, അശ്വതി, ഭരണി, കാര്‍ത്തിക എന്നിവ ഒന്നാം വിളയ്ക്കും ആയില്യം, മകം എന്നീ ഞാറ്റുവേലകള്‍ രണ്ടാം വിളയ്ക്കും നല്ലതാണെന്ന് സാമാന്യമതം. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി.

പുണര്‍തത്തില്‍ പറിച്ചുനടുന്നവര്‍ ഗുണഹീനന്‍ എന്ന കൃഷിഗീത. ഞാറ്റുവേല പകര്‍ച്ചക്ക് വിത്തു വിതയ്ക്കരുത്. വിരിപ്പ് നട്ടുണങ്ങണം, മുണ്ടകന്‍ നട്ടു മുങ്ങണം എന്നാണ് ചൊല്ല്. ചിങ്ങത്തില്‍ ആദ്യത്തെ മൂന്നു ദിവസമായ മുച്ചിങ്ങത്തില്‍ മഴ പെയ്താല്‍ മച്ചിങ്കല്‍ നെല്ലുണ്ടാകില്ല.

ചാമക്ക് അശ്വതി, പഴവര്‍ഗങ്ങള്‍ക്ക് രോഹിണി, എള്ളിനു മകം, തെങ്ങിനും അമരയ്ക്കും തിരുവാതിര എന്നീ ഞാറ്റുവേലകള്‍ അനുയോജ്യം. പയര്‍വര്‍ഗ ങ്ങള്‍ക്ക് മറ്റു സമയങ്ങളില്‍ കിളി, അണ്ണാന്‍ ശല്യം കൂടുതലായിരിക്കും.

കമ്പുകളും ഫലവൃക്ഷങ്ങളുടെ വിത്തുകളും നടാന്‍ അത്യുത്തമം തിരുവാതിര. ഇടവിളകളായ എള്ളിനും, മുതിരയ്ക്കും നേരിയ മഴയേ വേണ്ടൂ. മുതിരയ്ക്ക് മൂന്നു മഴയെന്നു ചൊല്ല്. എന്നാല്‍ അമരതടത്തില്‍ തവള കരയണമെന്നും ഓതിക്കൊടുത്തു.

മത്തയും കുമ്പളവും നടന്നത് ഇടമഴ കിട്ടുന്ന കുംഭം, മീനം, ഭരണി നാളുകളില്‍. അത്തം ഞാറ്റുവേലയില്‍ അകലെ കൊണ്ടു വടിച്ചു നട്ടാല്‍ മതി.

കാര്‍ഷിക സമൃദ്ധിയുടെ പാഠനങ്ങള്‍ നെയ്‌തെടുത്ത പഴയ തലമുറ വിള വര്‍ധനവിനായി ഞാറ്റുവേല കൂടാതെ അനുകൂലമായ നാളുകളും മുഹൂര്‍ത്തങ്ങളും കണ്ടെത്തി. എന്നാല്‍ വിത്തുകള്‍ കൈമോശം വന്ന കര്‍ഷകന് കാലാവസ്ഥാ വ്യതിയാനത്തില്‍ ഞാറ്റുവേലകള്‍ കൂടി ക്രമം തെറ്റിയത് കനത്ത പ്രഹരമായി.

മഴ കലണ്ടറും വെള്ളത്തിന്റെ ബജറ്റും തയാറാക്കി കാലദേശങ്ങള്‍ക്കനുസൃതമായി കൃഷി ചെ യ്തിരുന്നവര്‍ക്ക് കണക്കു പിഴച്ചു. അതുകൊണ്ട് പുതിയ വിത്ത്, വളം, കീനാശിനി, യന്ത്രസംവിധാനങ്ങള്‍, ജലസേചനം എന്നിവയിലേക്ക് തിരിയേണ്ടിവരികയും കൃഷിച്ചെലവ് വര്‍ധിക്കുകയും ചെയ്തു. പ്രാദേശിക ജ്ഞാനശേഖരങ്ങളില്‍ നിന്നു പ്രായോഗികവും ഗുണപ്രദവുമായ വശങ്ങള്‍ നമ്മള്‍ സ്വാംശീകരിക്കേണ്ടതുണ്ട്.ഫോണ്‍: 94970 73324.

വി.കെ. ശ്രീധരന്‍
നാട്ടറിവു പഠനകേന്ദ്രം, തൃശൂര്‍