കര്‍ഷകരേയും കൃഷിയേയും അംഗീകരിപ്പിച്ച് അംഗീകാരത്തിലേക്ക്
കര്‍ഷകരെയും കേരളത്തിലെ തനതുകൃഷികളെയും ലോകശ്രദ്ധയിലേക്കെത്തിച്ച്, അംഗീകാരത്തിന്റെ പടവുകളിലേക്കു നടന്നുകയറുകയാണ് കേരളകാര്‍ഷിക സര്‍വകലാശാലയിലെ ഡോ.സി.ആര്‍.എല്‍സി. സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശസെല്‍ കോ- ഓര്‍ഡിനേറ്ററും അഖിലേന്ത്യാ ഏകോപിത ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവിയുമാണിവര്‍. ദേശീയ അംഗീകാരങ്ങള്‍ക്കൊടുവില്‍ മികച്ച കൃഷിശാത്രജ്ഞയ്ക്കുള്ള സംസ്ഥാനകൃഷിവകുപ്പിന്റെ കൃഷി വിജ്ഞാന്‍ അവാര്‍ഡും അവരെ തേടിയെത്തി. കര്‍ഷകരുടെ മനമറിഞ്ഞ ഈ കൃഷിശാസ്ത്രജ്ഞയ്ക്ക് പങ്കുവയ്ക്കാനുള്ള അനുഭവങ്ങള്‍ അനവധി. വനിതയെന്ന പ്രത്യേക പരിഗണനകളൊന്നും തേടാതെ പുരുഷന്‍മാരെപ്പോലെ ചിലപ്പോഴൊക്കെ അവര്‍ ചെയ്യുന്നതിലധികം ചെയ്യാന്‍സാധിച്ചതിന്റെ കഥകള്‍. കൃഷിശാസ്ത്രത്തിലേക്ക് പിച്ചവയ്ക്കുന്ന പുതുതലമുറയ്ക്ക് ഏറെ പഠിക്കാനുണ്ട് ഡോ. എല്‍സിയില്‍നിന്ന്. ഡോ. സി.ആര്‍. എല്‍സി നടന്നുകയറിയ കാര്‍ഷിക പന്ഥാവുകളിലൂടെ... കര്‍ഷകന്‍ മാസിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടോം ജോര്‍ജ് നടത്തിയ അഭിമുഖം.

വയലേലകള്‍ പച്ചപ്പുതീര്‍ക്കുന്ന ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ ഗ്രാമം. തൃശൂര്‍ ജില്ലയിലെ ഈ ഗ്രാമത്തില്‍ കാര്‍ഷികകാഴ്ചകള്‍ അനവധിയായിരുന്നു. കാലം 1961. ചെറുവത്തൂര്‍ വീട്ടില്‍ സി.ആര്‍. അപ്പായിയുടെയും ട്രീസയുടെയും നാലുമക്കളില്‍ രണ്ടാമത്തവളായി സി.ആര്‍ എല്‍സി ജനിച്ചുവീഴുന്നതും ഈ കാര്‍ഷിക സംസ്‌കൃതിയിലേക്കാണ്. വീടിനടുത്ത മലയാളം മീഡിയം സ്‌കൂളില്‍ നിന്നുവന്നാല്‍ ഡ്യൂട്ടി പാടത്തായിരുന്നു. വിളഞ്ഞ നെല്‍ക്കതിരുകള്‍ തിന്നുന്ന കോഴികളെ പാടത്തു നിന്ന് ഓടിക്കുക. ചെറുപ്പത്തിലേതന്നെ ഇവിടത്തെ കൃഷിയുടെ പച്ചപ്പ് മനസിനെ വല്ലാതാകര്‍ഷിച്ചിരുന്നു. റവന്യൂ വിഭാഗത്തില്‍ സബ് രജിസ്ട്രാറായിരുന്ന അച്ഛനും ബിഎസ്എന്‍എല്‍ ജീവനക്കാരി അമ്മയും ഒരു ഡോക്ടറെയാണ് മകളില്‍ കണ്ടത്. എന്നാല്‍ എന്തുകൊണ്ടോ എംബിബിഎസ് എന്നത് തന്റെ നിയോഗമല്ലെന്ന തോന്നല്‍ എല്‍സിയെ വല്ലാണ്ട് അലട്ടി. ഈ അനിഷ്ടം മാതാപിതാക്കളോടു തുറന്നു പറയാന്‍ അല്‍പം പേടി. കൂട്ടത്തില്‍ അടുപ്പം കൂടുതലുള്ള ചേച്ചി സി. ആര്‍. സുമയോട് രണ്ടുംകല്‍പിച്ച് കാര്യം അവതരിപ്പിച്ചു. ചേച്ചി വലിയ സപ്പോര്‍ട്ടായി. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാന്‍ വീട്ടില്‍ നിന്ന് അനുമതിയായി. കാര്‍ഷിക കാഴ്ചകള്‍ നിറഞ്ഞ ബാല്യത്തിന്റെ സ്വാധീനം തീരുമാനമെടുക്കല്‍ എളുപ്പമാക്കി. കൃഷിയില്‍ ബിരുദം ചെയ്യാനുള്ള തീരുമാനം ഉറച്ചതായിരുന്നു. ബിഎസ്‌സി അഗ്രിക്കള്‍ച്ചറിനുശേഷം അഗ്രിക്കള്‍ച്ചര്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും പ്ലാന്റ് ബ്രീഡിംഗ് ആന്‍ഡ് ജനറ്റിക്‌സില്‍ ഡോക്ടറേറ്റും നേടുന്നതിനുള്ള യാത്രയുടെ ആരംഭം അങ്ങനെയായിരുന്നു.

തുടക്കം സ്വന്തം നാട്ടിലെ കൃഷിഭവനില്‍

സ്വന്തം നാടായ ആര്‍ത്താറ്റെ കൃഷി ഓഫീസറായായിരുന്നു കൃഷിയിലെ ഔദ്യോഗിക ജീവിതാരംഭം. അതിനുമുമ്പ് ഒരു വൊക്കേഷണല്‍ സ്‌കൂളില്‍ കൃഷിഅധ്യാപികയായി അധ്യാപനത്തിലേക്കും ചുവടുവച്ചു. പഠനനിലവാരത്തില്‍ വളരെ പിന്നിലുള്ള കുട്ടികളായിരുന്നു അന്ന് വൊക്കേഷണല്‍ സ്‌കൂളിലെത്തിയിരുന്നത്. റിസള്‍ട്ടില്‍ വളരെ പിന്നിലായിരുന്ന സ്‌കൂളിനെ സംസ്ഥാനത്തെ രണ്ടാം സ്ഥാനത്തേക്കെത്തിച്ചാണ് എല്‍സി അവിടെ നിന്നു പടിയിറങ്ങിയത്.

ശേഷം ഒരുവര്‍ഷം കൃഷിഓഫീസര്‍ ജോലി തുടര്‍ന്നു. കേരളകാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിച്ചതാണ് ഒരു കൃഷിശാസ്ത്രജ്ഞയുടെ ജനനത്തിനു വഴിതെളിച്ചത്. പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിലേക്കുള്ള മാറ്റം കണ്ടുപിടിത്തങ്ങളുടെ നല്ലകാലങ്ങളാണ് സമ്മാനിച്ചത്. ത്രിവേണി നെല്ലില്‍ നിന്ന് മട്ടത്രിവേണി നെല്ലിനം ഉരുത്തിരിച്ചെടുത്ത ഗവേഷണസംഘത്തില്‍ എല്‍സിയുമുണ്ടായിരുന്നു. ഒരുകാലത്ത് കോള്‍നിലങ്ങള്‍ കൈയടക്കിയ മട്ടത്രിവേണിയാണ് എല്‍സിയില്‍ കാര്‍ഷിക ഗവേഷണത്തിന് വിത്തുപാകിയത് എന്നു വേണമെങ്കില്‍ പറയാം. ജനപ്രിയ ഇനമായ കാഞ്ചന, കൈരളി, ആതിര, ഐശ്വര്യ തുടങ്ങി 12 നെല്ലിനങ്ങളുടെ ജനനം എല്‍സിയുടെ നേതൃ ത്ത്വത്തിലായിരുന്നു.

ഒരു നെല്ലിനം= 12 വര്‍ഷം

ഒരു നെല്ലിനം വികസിപ്പിക്കുകയെന്നാല്‍ ചില്ലറക്കാര്യമല്ല. 12 വര്‍ഷത്തെ ഒരു കൃഷിതപസ്യയാണത്. സങ്കലനം നടത്താന്‍ തന്നെ 7-8 വര്‍ഷമെടുക്കും. തുടര്‍ന്ന് ആറുവര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്താണ് ജനിതകഗുണമുള്ള പുതിയ ഇനം പിറക്കുന്നത്. 1988-94 കാലയളവ് പുതിയനെല്ലിനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് പട്ടാമ്പിയില്‍ ചെലവിട്ട് ഗവേഷണ വിദ്യാര്‍ഥിയായി തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലയിലേക്കു പോകുമ്പോള്‍ മനസ് സ്വപ്‌നങ്ങളും ആശങ്കകളും നിറഞ്ഞ അവസ്ഥയിലായിരുന്നു. ഒരു സ്ത്രീയുടെ പരിമിതിയില്‍ നിന്ന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന ആശങ്ക. പക്ഷെ ഗൈഡായി കിട്ടിയ സ്‌കൂള്‍ ഓഫ് ജനറ്റിക്‌സിലെ ഡോ. എം. രംഗസ്വാമി നല്‍കിയ വീക്ഷണങ്ങള്‍ക്കുമുന്നില്‍ ചങ്കുറപ്പുള്ളൊരു ശാസ്ത്രജ്ഞ പിറക്കുകയായിരുന്നു. 'നമുക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നതില ല്ല, മറിച്ച് ചെയ്യാന്‍ സാധിക്കില്ലെന്നു കരുതുന്നത് നേടുന്നതാണ് ശക്തി' എന്ന തിരിച്ചറിവ് ലഭിച്ച ദിവസങ്ങളായിരുന്നു ഗവേഷണ കാലഘട്ടം. കിട്ടിയ ഗവേഷണ വിഷയം നെല്ലിലെ പുരുഷവന്ധ്യത.

അത്യുത്പാദനശേഷിയുള്ള നെല്‍വിത്തുകളുടെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആശയമാണിത്. വലിയപൂക്കളുള്ള ചെടികളില്‍ ആണ്‍പൂ പിഴുതുമാറ്റി ചെടിയെ മാതൃസസ്യമാക്കാന്‍ എളുപ്പം സാധിക്കും. എന്നാല്‍ ചെറിയ പൂക്കളില്‍ ആണും-പെണ്ണും ഒരുമിച്ചുണ്ടാകുന്ന സ്വയം പരാഗണം നടക്കുന്ന നെല്ലില്‍ ആണ്‍ഭാഗം പിഴുതുമാറ്റി മാതൃസസ്യം ഉണ്ടാക്കുക എന്നത് അസാധ്യമായിരുന്നു അന്ന്. അതിനാല്‍ കൃത്രിമപരാഗണവും പരപരാഗണവും നെല്ലില്‍ അസാധ്യമാണെന്നു വിശ്വസിച്ചിരുന്ന കാലം. അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിക്കാന്‍ ഒരു പൂവിലെ ആണ്‍ഭാഗമായ പരാഗരേണുക്കളെ മാറ്റി ചെടിയെ മാതൃചെടിയാക്കണം.

ചൈനയില്‍ ഇത്തരത്തില്‍ പുരുഷഭാഗം മാറ്റിയ ചെടികള്‍ വികസിപ്പിച്ചെന്ന വാര്‍ത്ത വലിയപ്രതീക്ഷകള്‍ നല്‍കി. ഇന്റര്‍നാഷണല്‍ റൈസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇത്തരത്തിലുള്ള ഏതാനും ചെടികള്‍ പഠനാവശ്യത്തിനായി തമിഴ്‌നാട് കാ ര്‍ഷിക സര്‍വകലാശാലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ സ്വാഭാവികമായി പരാഗരേണുക്കള്‍ ഇല്ലാതാകുന്നസ മയം കണ്ടെത്തലായിരുന്നു ഡോ. എല്‍സിയുടെ ഗവേഷണ വിഷയം.

പൂക്കളിലെ ആണ്‍ഭാഗമായ പരാഗം സ്വാഭാവികമായി കുറഞ്ഞ് ഇല്ലാതാകുന്ന സമയത്തുവേണം കൃത്രിമ പരാഗണം നടത്തി പുതിയ ഇനങ്ങള്‍ക്ക് ബീജാവാപം ചെയ്യാന്‍. ഇതായിരുന്നു ഗവേഷണത്തിലെ അപൂര്‍വതയും കുരുക്കും. ഇത്തരത്തില്‍ നെല്ലില്‍ മറ്റുനെല്ലിനങ്ങളില്‍ നിന്ന് പരപരാഗണം നടത്തി സങ്കരയിനം വികസിപ്പിച്ചാല്‍ അതിന് ഉത്പാദനശേഷിയും വളര്‍ച്ചയും കൂടുതലായിരിക്കും. എന്നാല്‍ ഇതെങ്ങനെ ചെയ്യുമെന്ന് ആര്‍ക്കും ഒരു ഐഡിയയുമില്ല. ഗവേഷണം മുന്നോട്ടു പോകട്ടെ കിട്ടുന്ന ഫലമെന്തോ അത് പ്രബന്ധമാക്കിക്കോളൂ. ഗൈഡിന്റെ സപ്പോര്‍ട്ടില്‍ ഗവേഷണം വീ ണ്ടും മുന്നോട്ട്. ഗവേഷണത്തിനായി മൂന്നുവര്‍ഷത്തെ ലീവിലാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പോയിരിക്കുന്നത്. ആ സമയത്തിനുള്ളില്‍ ഗവേഷണം അവസാനിക്കണമെന്നതും മറ്റൊരു കടമ്പയായി.

ചൂടും ഗവേഷണവും

ചൂടുകൂടിയാല്‍ നെല്ലില്‍ പുരുഷവന്ധ്യത കൂടുമെന്ന് ഗവേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ മനസിലായി. 'തെര്‍മോ സെന്‍സിറ്റീവ് മെയില്‍ സ്‌റ്റെറിലിറ്റി' എന്നതായി ഗവേഷണ വിഷയം. സാധാരണ ഗ്രോത്ത് ചേബറില്‍ ലൈറ്റും ചൂടുമെല്ലാം സെറ്റ് ചെയ്താണ് പരീക്ഷണം നടത്തുക. എന്നാല്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലില്‍ ആ സൗകര്യമില്ലാത്തതിനാല്‍ പുറത്തെ പാടം തന്നെ പരീക്ഷണശാലയായി. ഡിസംബര്‍മാസത്തില്‍ പൂക്കുലയില്‍ പരാഗങ്ങളുടെ നിറസാന്നിധ്യം കണ്ടത്തി. എന്നാല്‍ രാത്രി തണുപ്പും പകല്‍ ചൂടുമുള്ള പ്രകൃതി കണ്ടുതുടങ്ങുന്ന ഫെബ്രുവരി മുതല്‍ പരാഗങ്ങളുടെ സാന്നിധ്യം കുറയുന്നു എന്ന കണ്ടെത്തല്‍ വലിയ പ്രതീക്ഷകളാണു നല്‍കിയത്. തുടര്‍ നിരീക്ഷണത്തില്‍ മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ നെല്ലില്‍ പരാഗം ഇല്ലെന്ന കണ്ടെത്തല്‍ വലിയ ആത്മവിശ്വാസം കൂടിയാണ് നല്‍കിയത്. ഇതായിരുന്നു ഗവേഷണത്തിലെ ആദ്യ കണ്ടെത്തല്‍. വിഷുകഴിഞ്ഞുള്ള തണുപ്പും മഴച്ചാറ്റലുള്ളതുമായ പ്രകൃതിയില്‍ വീണ്ടും നെല്ലില്‍ പരാഗം സജീവമാകുന്നതായ കണ്ടെത്തെലാണ് രണ്ടാമത്തേത്. മൂടിയ പ്രകൃതിയും നെല്ലിലെ പുരുഷവന്ധ്യതയും എന്ന കാര്‍ഷികലോകത്തെ ആദ്യത്തെ കണ്ടെത്തല്‍ ഡോ. എല്‍സിയുടേതായിരുന്നു. ഫിലിപ്പീന്‍സില്‍ നടന്ന ഇന്റര്‍നാഷണല്‍ റൈസ്‌റിസേര്‍ച്ച് ഇന്റ്റിറ്റിയൂട്ടിന്റെ സമ്മേളനത്തില്‍ ഈ കണ്ടുപിടിത്തം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. തുടര്‍ന്ന് 10-16 ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം താരമായി. ഇത് കണ്ടുപിടിത്തത്തിന്റെ പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു.

ഗവേഷണത്തിനു ശേഷം ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് അധ്യാപികയായി തിരിച്ചെത്തി. 2006 ല്‍ യൂണിവേഴ്‌സിറ്റി ബൗദ്ധിക സ്വത്തവകാശ സെല്ല് തുടങ്ങിയപ്പോള്‍ കോ- ഓര്‍ഡിനേറ്ററായി നിയമനം. അതിപ്പോഴും തുടരുന്നു. ആ സ്ഥാനത്തിരുന്ന് കര്‍ഷകര്‍ക്ക് വലിയ അംഗീകാരങ്ങളാണ് ഡോ. എല്‍സി നേടിക്കൊടുത്തത്. പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കും സമൂഹങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡിനായി ഏറ്റവുമധികം എന്‍ട്രികള്‍ എത്തിയത് ഡോ. എല്‍സി വഴിയാണ്. കേരളത്തിന്റെ തനതു കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചക പദവി ഏറ്റവും കൂടുതല്‍ നേടുവാന്‍ സാധിച്ചതും ഡോ. എല്‍സിയുടെ പരിശ്രമ ഫലമായാണ്. 'നിങ്ങള്‍ക്ക് ഒത്തിരികാര്യങ്ങള്‍ ചെയ്യുവാനുള്ള ശേഷിയുണ്ടെന്ന' ഡോ. രംഗസ്വാമിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയായ ദിനങ്ങളായിരുന്നു ഡോ. എല്‍സിയുടെ ഔദ്യോഗിക ജീവിതം.നിസാരമല്ല ജി.ഐ ഇന്‍ഡിക്കേഷന്‍ എന്ന ഭൗമസൂചകം

തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഭൗമസൂചകപദവി നല്‍കുന്നത് നിസാരകാര്യമല്ല. ആദ്യം ഏതുവിളയ്ക്കാണ് പദവി നല്‍കേണ്ടതെന്നു കണ്ടുപിടിക്കണം. വര്‍ഷങ്ങളായി ഒരുപ്രദേശത്തുമാത്രം കൃഷിചെയ്യുന്ന ഇനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുക.

ഇതിനുശേഷം ആ വിളയുടെ ചരിത്രവും പശ്ചാത്തലവും പഠിക്കണം. അതിന്റെ തനതു ഗുണങ്ങള്‍ കണ്ടെത്തണം. എന്നിട്ട് ആ വിള ഈ പദവിക്ക് അര്‍ഹമാണോ എന്നു നോക്കി സര്‍ക്കാരിനോ, യൂണിവേഴ്‌സിറ്റിക്കോ പ്രോജക്ട് സമര്‍പ്പിക്കണം. ഇവര്‍ നല്‍കുന്ന ഫണ്ടുപയോഗിച്ചുവേണം പഠനങ്ങള്‍ നടത്താന്‍.

ഫണ്ടുകിട്ടിയാല്‍ ഈ വിളയുടെ കൃഷിയെക്കുറിച്ചും കൃഷിരീതിയെക്കുറിച്ചുമാണ് പ്രാഥമിക പഠനം നടത്തുന്നത്. തുടര്‍ന്ന് മറ്റു സമാന ഉത്പന്നങ്ങളുമായി താരതമ്യം ചെയ്ത് ജിഐ(ഭൗമസൂചിക) വിളയുടെ ഗുണഗണങ്ങളും വ്യത്യസ്തതകളും വിശകലനം ചെയ്യണം. ഇതിനുമാത്രം 70,000 രൂപ ചെലവുവരും.

വിളയുടെ ചരിത്രം ശേഖരിക്കുന്നതാണ് അടുത്ത വലിയകടമ്പ. പ്രാചീനരേഖകളില്‍ എവിടെയെങ്കിലും ഈ വിളയെ പരാമര്‍ശിച്ചിരിക്കുന്ന ഭാഗം ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. മലബാര്‍ മാനുവല്‍, ട്രാവന്‍കൂര്‍ ഗസറ്റിയര്‍ തുടങ്ങിയ ഗ്രന്ഥങ്ങളെയാണ് കൂടുതലായും ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. കൃഷിഗീത, പഴയകുടുംബങ്ങളുടെ ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയും അവലംബമാക്കാറുണ്ട്.

അടുത്തപടി ഇതിന്റെ കൃഷിയിലെ പരമ്പരാഗത വിജ്ഞാനവും കൃഷി രീതികളും രേഖപ്പെടുത്തുകയെന്നതാണ്. അതിനു ശേഷം ഈ വിളയുടെ ലോഗോ തയാറാക്കണം. ഇതിന് പലപ്പോഴും കൃഷിക്കാരുടെ ഇടയിലോ ആ നാട്ടിലോ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്രയുമായാല്‍ ജിഐ രജിസ്ട്രിയുടെ ചെന്നൈയിലെ ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കും. ഇതിനിടയില്‍ ഈ വിള കൃഷിചെയ്യുന്നവരുടെ മീറ്റിംഗ് പലതവണ വിളിച്ചു കൂട്ടാറുണ്ട്. രേഖകള്‍ നോക്കി ജിഐ രജിസ്ട്രി നല്‍കുന്ന തിരുത്തുകള്‍ വരുത്തണം. അതിനു ശേഷം വിദഗ്ധരുടെ സമിതിക്കുമുമ്പില്‍ വിളയെക്കുറിച്ച് ഒരു പ്രസന്റേഷന്‍ നടത്തണം. ഈ വിളയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്ന വിദഗ്ധര്‍, കര്‍ഷകര്‍ എന്നിവരേയുമൊക്കെ കൊണ്ടാണ് പ്രസന്റേഷനു പോകാറ്.

ഭൗമസുചക പദവിയുടെ ഗുണങ്ങള്‍

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചക പദവി ലഭിച്ചതാണ്. ഇതിനു ശേഷം കര്‍ഷകര്‍ക്കുണ്ടായ ഗുണങ്ങള്‍ പരിശോധിച്ചാല്‍ മതി എന്താണ് ഭൗമസൂചക പദവി എന്നറിയാന്‍. എതൊരിനത്തിനും ഭൗമസൂചക പദവി ലഭിച്ചുകഴിഞ്ഞാല്‍ അതുത്പാദിപ്പിക്കുന്നതിനുള്ള അവകാശം ആ പ്രദേശത്തെ കര്‍ഷകര്‍ക്കു മാത്രമായിരിക്കും. ഇതിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കര്‍ഷക സമിതികള്‍ രൂപീകരിക്കുകയും കര്‍ഷകരെ ഇതില്‍ അംഗങ്ങളാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലെ സമിതികളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കു പുറമേ മറ്റാരെങ്കിലും ഈ ഉത്പന്നം ഈ പേരില്‍ ഉത്പാദിപ്പിച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ കര്‍ഷകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. അവര്‍ക്ക് നിയമ നടപടി സ്വീകരിക്കാനുമാകും. ഭൗമസുചകപദവി നല്‍കുമ്പോള്‍ ലഭിക്കുന്ന ലോഗോ വച്ച് ഉത്പന്നം കര്‍ഷകര്‍ക്ക് വില്‍ക്കാം. ഇത് കയറ്റുമതി ചെയ്യുകയുമാകാം. കേന്ദ്രസര്‍ക്കാര്‍ അംഗീകൃതമായതിനാല്‍ ഇതിനു വിപണിമൂല്യമേറും. മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചക പദവി ലഭിക്കുന്നതിനു മുമ്പ് കിലോയ്ക്ക് 45-50 രൂപയായിരുന്നു വില. എന്നാല്‍ പദവി ലഭിച്ചതിനു ശേഷം ഇതിന് 100 രൂപയായി വില ഉയര്‍ന്നു. മറയൂര്‍ ശര്‍ക്കര അന്വേഷിച്ച് ആളുകള്‍ എത്താന്‍ തുടങ്ങി. കൃഷിയും ഉത്പാദനവും വര്‍ധിച്ചു. ഇതാണ് ജിഐ പദവി ലഭിച്ചാലുള്ള ഗുണങ്ങള്‍.

പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

കര്‍ഷകര്‍ വികസിപ്പിച്ച വിത്തിനങ്ങള്‍ക്കും പാരമ്പര്യഇനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കും സമൂഹങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണിത്. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്റ്റിനു കീഴില്‍(പിപിവി ആന്‍ഡ് എഫ്ആര്‍) വരുന്ന അവാര്‍ഡാണിത്.

അംഗീകാരങ്ങളിലേക്ക്

മൂന്നുതലത്തിലെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിമുമ്പാകെ സമര്‍പ്പിച്ചത്.
1. നെല്ലുഗവേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും 12 ഇനങ്ങള്‍ വികസിപ്പിച്ചതും.
2. ഭൗമസുചക പദവി നല്‍കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
3. ജൈവവൈവിധ്യ സംരക്ഷണവും കര്‍ഷകരുടെ അവകാശസംരക്ഷണ പ്രവര്‍ത്തനങ്ങളും.

മൂന്നാമത്തെ വിഭാഗത്തില്‍ വരുന്ന പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് കേരളത്തില്‍ 28 എണ്ണമാണ് ലഭിച്ചത്. ഇതില്‍ 24 എണ്ണവും ഡോ. എല്‍സി നോമിനേറ്റ് ചെയ്തവയ്ക്കാണ്. ഇന്ത്യയില്‍ ഈ അവാര്‍ഡിനായി ഏറ്റവും കൂടുതല്‍ കര്‍ഷകരെ നാമനിര്‍ദ്ദേശം ചെയ്തതിനും അവാര്‍ഡിലേക്കെത്തിച്ചതിനും 2016 ല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം തേടിയെത്തി.

ഭൗമസൂചക പദവിയുമായി ബന്ധപ്പെടുത്തി ഏറ്റവും കൂടുതല്‍ കര്‍ഷകരെ അണിനിരത്തിയ സ്ഥാപനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്‌പെഷല്‍ ജ്യൂറി പരാമര്‍ശം ലഭിച്ചത് 2018 ലാണ്. 2019- ല്‍ ഇതിനുള്ള കേന്ദ്ര അവാര്‍ഡും ലഭിച്ചു. നെല്ലുഗവേഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 1999-ല്‍ സംസ്ഥാനത്തെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള സംസ്ഥാനഅവാര്‍ഡും 20 വര്‍ഷത്തിനു ശേഷം 2019-ല്‍ മികച്ച കൃഷി ശാസ്ത്രജ്ഞയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നേടുന്ന വ്യക്തി എന്ന അപൂര്‍വ ബഹുമതിക്കും അര്‍ഹയായി ഡോ. എല്‍സി. 1997-ല്‍ മികച്ച പ്രബന്ധത്തിനുള്ള തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ുവര്‍ണമെഡലും നെല്ലുഗവേഷണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്. അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്, സുനില്‍കുമാറും കേരളകാര്‍ഷിക സര്‍വകലാശാലയും നല്‍കിയ അവസരങ്ങളും പ്രചോദനവും തന്റെ കരിയറില്‍ നിര്‍ണായകമായെന്ന് ഡോ. എല്‍സി പറയുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിജ്ഞാനവ്യാപന വിഭാഗം മേധാവിയായി വിരമിച്ച ഡോ. ജോസ് മാത്യു നരിമറ്റത്തിന്റെ ഭാര്യയാണ് ഡോ. എല്‍സി. ഡോ.ജിനോയ് ആന്റോ ജോസ്, ഡോ. ബിജോയ് ജോസ്, എന്‍ജിനീയറായ സുജിത്ത് ജോസ് എന്നിവരാണ് മക്കള്‍.

പോരാടി നേടിയ വിജയം

കൃഷിശാസ്ത്രജ്ഞ എന്ന രീതിയില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന പ്രത്യേക പരിഗണനയൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന് ഡോ. സി.ആര്‍. എല്‍സി പറയുമ്പോള്‍ പുതു തലമുറയ്ക്കും അതൊരു പാഠമാകണം. പുരുഷന്‍മാര്‍ക്കൊപ്പം നിന്ന് പൊരുതി നേടിയ വിജയങ്ങള്‍ തന്നെയാണ് ഡോ. എല്‍സിയുടേത്. കൃഷി ശാസ്ത്രജ്ഞ എന്നനിലയിലും ഏല്‍പ്പിക്കപ്പെട്ട ചുമതലകളിലും ധാരാളം യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. സ്വന്തമായി വാഹനം ഓടിച്ചാണ് പലപ്പോഴും ഇവിടങ്ങളില്‍ എത്തിയിട്ടുള്ളത്. ഇതുള്‍പ്പെടെ സ്ത്രീകള്‍ പഠിച്ചാലേ നേട്ടങ്ങള്‍ കരഗതമാകൂ.

ഇതിനെല്ലാം വലിയ സപ്പോര്‍ട്ടാണ് ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ജോലിക്കൊപ്പം കുടുംബത്തേയും ശ്രദ്ധിക്കാനായത് വലിയ ജീവിത നേട്ടമായി ഡോ. എല്‍സി പറയുന്നു. മക്കളുടെ ഒപ്പമിരുന്ന് അടിച്ചു പഠിപ്പിക്കുന്ന രീതിയിലൊന്നും ഈ ശാസ്ത്രജ്ഞയ്ക്ക് വിശ്വാസമില്ല. കുട്ടികള്‍ക്ക് പഠനാന്തരീക്ഷവും നിര്‍ദ്ദേശങ്ങളും നല്‍കി അവരെക്കൊണ്ടുതന്നെ പഠനം നടത്തിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. അതു ശരീയായ ശിക്ഷണമാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. എവിടെപ്പോയാലും കര്‍ഷകര്‍ തന്നെ പേരുചൊല്ലി വിളിക്കുന്നത് കിട്ടിയ അംഗീകാരങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നു കര്‍ഷകമനസിനൊപ്പം നീങ്ങുന്ന ഈ ശാസ്ത്രജ്ഞ.
ഫോണ്‍: ഡോ. എല്‍സി- 9447878968.

പത്തു വിളകള്‍ക്ക് ഭൗമസൂചക പദവി

ഡോ.എല്‍സി എന്ന കൃഷിശാസ്ത്രജ്ഞയെ കേരളത്തിലെ കര്‍ഷകരറിയുന്നത് ഭൗമസൂചക പദവി നേടിക്കൊടുക്കുന്നതിനായുള്ള അവരുടെ നിരന്തരയാത്രകളിലൂടെയാണ്. കേരളത്തിലെ 10 വിളകള്‍ അതു വിളയുന്ന സ്ഥലത്തെ കര്‍ഷകനുമാത്രം ഉത്പാദിപ്പിക്കാന്‍ അധികാരം നല്‍കുന്ന പദവി ഡോ. എല്‍സി നേടിക്കൊടുത്തതാണ്. പൊക്കാളി അരി, വാഴക്കുളം പൈനാപ്പിള്‍, വയനാടന്‍ ജീരകശാല, ഗന്ധകശാല അരികള്‍, കൈപ്പാട് അരി, പതിയന്‍ ശര്‍ക്കര, ചങ്ങാലിക്കോടന്‍ നേന്ത്രന്‍, നിലമ്പൂര്‍തേക്ക്, മറയൂര്‍ ശര്‍ക്കര, തിരൂര്‍ വെറ്റില എന്നിവയ്ക്കാണ് ഭൗമസൂചക പദവി ലഭിച്ചിരിക്കുന്നത്.