ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
ഡബിള്‍ റിക്കാര്‍ഡുമായി വട്ടവടയിലെ സവാള
Monday, April 5, 2021 4:05 PM IST
രാജ്യത്ത് ഏറ്റവും ഉയരത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന ഖ്യാതി ഇനി വട്ടവടയ്ക്കു സ്വന്തം. സമുദ്രനിരപ്പില്‍ നിന്നു 6,800 അടി ഉയരത്തിലുള്ള വട്ടവട ഗ്രാമപഞ്ചായത്തിലെ പഴത്തോട്ടം വാര്‍ഡിലാണ് സവാള വിളഞ്ഞത്. സംസ്ഥാനത്ത് ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ സവാളകൃഷി നടക്കുന്ന സ്ഥലമെന്ന റിക്കാര്‍ഡും കരസ്ഥമാക്കിയാണ് വട്ടവട മുന്നേറുന്നത്. കൃഷി വിജയിച്ചതോടെ സവാളകൃഷിയില്‍ സംസ്ഥാനത്ത് പുതുയുഗ പിറവിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രവാസി മലയാളികളായിരുന്നവരുടെ കൂട്ടായ്മയായ ഭൂമിത്രകര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്. സവാളക്കൃഷിക്കായി വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ കൃഷിവകുപ്പിന്റെ അഞ്ചേക്കര്‍ മൂന്നു വര്‍ഷത്തേക്കു സമിതി പാട്ടത്തിനെടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സവാളകര്‍ഷകനും മൊത്തവ്യാപാരിയും ഭൂമിത്രകര്‍ഷകസമിതിയുടെ സെക്രട്ടറിയുമായ കമാല്‍ നൈസാമിന്റെ സംരംഭകത്വ മികവും ദീര്‍ഘവീക്ഷണവുമാണ് മലയാളക്കരയില്‍ സവാളകൃഷിയുടെ രാശി തെളിയാന്‍ ഇടയാക്കിയത്.

സംസ്ഥാനത്തെ ശീതകാല പച്ചക്കറികൃഷിയുടെ വിളഭൂമിയാണ് വട്ടവട. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിക്കിടക്കുന്ന സ്ഥലം. കാബേജ്, ബീന്‍സ്, കാരറ്റ്, വെളുത്തുള്ളി എന്നിവയ്ക്കു കേരളത്തില്‍ ഇത്രയും പേരുകേട്ട മറ്റൊരിടമില്ല. മണ്ണും കാലാവസ്ഥയുമാണ് ഏതൊരു കൃഷിക്കും അനുയോജ്യമായ ഘടകം. ഈ അനുകൂല സാഹചര്യമാണ് സവാളകൃഷിക്കായി ഭൂമിത്രകര്‍ഷകസമിതിയെ ഇവിടേക്കാകര്‍ഷിച്ചത്.

മണ്ണിനുചേര്‍ന്ന വിത്തിനം

സവാളകൃഷിക്ക് ഇവിടത്തെ മണ്ണ് അനുയോജ്യമാണോയെന്നു കണ്ടെത്തുന്നതിനായി മഹാരാഷ്ട്രയിലെ ലാബില്‍ മണ്ണു പരിശോധന നടത്തി. ഇതില്‍ മണ്ണിന്റെ പിഎച്ച് മൂല്യം നാലായിരുന്നു. പിഎച്ച് അഞ്ചാണു നല്ലതെന്ന വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് വിത്തു പാകുന്നതിനു മുമ്പ് കുമ്മായം വിതറി. വര്‍ഷങ്ങളായി കാലികള്‍ മേഞ്ഞുനടന്നിരുന്ന സ്ഥലമായിരുന്നതിനാല്‍ അടിവളമായി ചാണകം നല്‍കേണ്ടി വന്നില്ല. പ്രത്യേക അളവില്‍ ബെഡ്ഡ് നിര്‍മിച്ച് പഞ്ചഗംഗ, പ്രേമ- 178 എന്നീ വിത്തിനങ്ങളാണ് കൃഷി ചെയ്തത്. കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം എന്‍പികെ മിശ്രിതവും നല്‍കി. എന്നാല്‍ പതിവിനു വിപരീതമായി മഴ നീണ്ടത് വിളവിനെ സാരമായി ബാധിച്ചു. മഹാരാഷ്ട്രയില്‍ കൃഷിയിറക്കി അഞ്ചാംമാസം വിളവെടുക്കാനാകും. എന്നാലിവിടെ ഏഴുമാസം വേണ്ടിവന്നു വിളവെടുപ്പിന്. ഒരുചുവട്ടില്‍ നിന്നു 80 മുതല്‍ 350 വരെ ഗ്രാം തൂക്കമുള്ള സബോള ലഭിച്ചു. 15 ടണ്‍ വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂമിത്ര. മികച്ച വിളവാണിവിടെ ലഭിക്കുന്നതെന്നു കൃഷിക്കു സാങ്കേതിക സഹായം നല്‍കിയ മഹാരാഷ്ട്രയിലെ പഞ്ചശീല്‍ കമ്പനി ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കിഷോര്‍ പറഞ്ഞു.

കൃഷികാണാന്‍ സഞ്ചാരികളും

സംസ്ഥാനത്ത് ആദ്യമായി നടത്തിയ സവാളകൃഷിയുടെ മഹിമ പുറംലോകമറിഞ്ഞതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും കൃഷി കാണുന്നതിനായി പഴത്തോട്ടത്ത് എത്തുന്നത്. ഇതോടെ സവാളകൃഷി വട്ടവടയെ ടൂറിസംരംഗത്തും പ്രശസ്തമാക്കിയിരിക്കുകയാണ്. കൃഷി കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് സവാള വിളവെടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഒരുചുവട് സവാള പറിച്ചെടുക്കുന്നതിന് നിലവില്‍ 10 രൂപയാണ് ഈടാക്കുന്നത്. സ്വന്തം നാട്ടില്‍ വിളഞ്ഞ സവാളയുടെ വിളവെടുപ്പു നടത്തുന്നത് വേറിട്ട അനുഭവമാണ്.



സ്വയംപര്യാപ്തത ലക്ഷ്യമിട്ട്

വട്ടവടയിലെ സവാളകൃഷിയുടെ ആദ്യവിളവെടുപ്പു നടത്തിയത് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറാണ്. രാജ്യത്തെ 80 ശതമാനം സവാളയും ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ പൂന, നാസിക്ക്, അഹമ്മദ്‌നഗര്‍, ബീഡ് ജില്ലകളിലാണ്. കാലാവസ്ഥാവ്യതിയാനം ഇവിടത്തെ ഉത്പാദനത്തെ സാരമായി ബാധിച്ചതോടെ കിലോയ്ക്ക് 45-55 രൂപയാണ് നിലവില്‍ വിപണിവില. മഹാരാഷ്ട്രയില്‍ നിന്നു ദിവസവും 110 ലോഡ് സവാളയെങ്കിലും കേരളത്തിലേക്കെത്തിക്കുന്നുണ്ട്. ഒരു കിലോ സവാള കേരളത്തിലെത്തിക്കുബോള്‍ കിലോയ്ക്ക് അഞ്ചുരൂപ ചെലവു വരുന്നുണ്ട്. അതേസമയം വട്ടവടയിലോ കേരളത്തിലെ മറ്റിടങ്ങളിലോ സവാളകൃഷി ചെയ്താല്‍ കിലോയ്ക്ക് ഒരു രൂപ മാത്രമേ ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവു വരൂ. വട്ടവടയില്‍ കൃഷി വിജയിച്ചതോടെ മറ്റിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പുതുതായി കൃഷിയിറക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കാന്‍ ഭൂമിത്രകര്‍ഷക സമിതി തയാറാണെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.ജെ.പീറ്റര്‍ പറഞ്ഞു. വയനാട്ടിലെ അട്ടപ്പാടി മാതളനാരങ്ങ കൃഷിക്ക് അനുയോജ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഭൂമിത്രകര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഇവിടെ ഈ കൃഷിയും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്.

സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

സംസ്ഥാനത്ത് ആദ്യമായി സബോളകൃഷി നടത്താന്‍ ഭൂമിത്ര കര്‍ഷകസമിതി മുന്നോട്ടുവന്നതോടെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇവര്‍ക്കാവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കിസാന്‍സഭ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ.എന്‍.ദിനകരന്റെ ഇടപെടലും സഹായമായി. ജില്ലയിലെ മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, വട്ടവട മുന്‍ കൃഷി ഓഫീസര്‍ മുരുകന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചതോടെ കര്‍ഷക സമിതിക്ക് കാര്യങ്ങള്‍ എളുപ്പമായി. കൃഷിവകുപ്പില്‍ നിന്നു പാട്ടത്തിനു നല്‍കിയ സ്ഥലത്തെ ഗ്രാന്റീസ് മരങ്ങള്‍ വെട്ടിനീക്കിയാണ് കൃഷിസ്ഥലമൊരുക്കിയത്. ഇവിടെ 11 ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കായി 54 ഏക്കര്‍സ്ഥലമാണ് പച്ചക്കറികൃഷിക്കായി കൃഷിവകുപ്പ് വിട്ടുനല്‍കിയിട്ടുള്ളത്. ഇതില്‍ സ്‌ട്രോബറി കൃഷിയും നടക്കുന്നു.
ഫോണ്‍: കമാല്‍ നൈസാം83040 22888.

ജെയിസ് വാട്ടപ്പിള്ളില്‍