മഞ്ഞില്ലാതെ വിരിഞ്ഞ ശീതകാല പച്ചക്കറി
മഞ്ഞില്ലാതെ വിരിഞ്ഞ ശീതകാല പച്ചക്കറി
Friday, April 30, 2021 3:50 PM IST
കടനാട്ടുകാര്‍ക്ക് ഇനി ശീതകാല പച്ചക്കറികൃഷി കാണാനും അവ വാങ്ങിക്കാനും കൃഷി ചെയ്യാനും കേരളത്തിന്റെ മലനിരകളിലേക്കു പോകണമെന്നില്ല. വട്ടവടയിലും കുമളിയിലും മൂന്നാറിലുമെല്ലാം വിളയുന്ന പച്ചക്കറികള്‍ സമതലപ്രദേശങ്ങളിലും വിളയിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ചേര്‍ത്തലകഞ്ഞിക്കുഴിയിലെ കര്‍ഷകര്‍. മഞ്ഞില്‍ വിരിയുന്ന പച്ചക്കറികളായ കോളിഫ്‌ളവറും ബ്രോക്കോളിയും കാബേജുമൊക്കെ മഞ്ഞധികമില്ലാത്ത മാര്‍ച്ചില്‍ വിളയിക്കുകയാണീ കുടുംബം- ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കഞ്ഞിക്കുഴി ആറാംവാര്‍ഡിലെ ആഷയും ഭര്‍ത്താവ് ഷൈജുവും ചേര്‍ന്ന്. ടാക്‌സി, പന്തല്‍ ബിസിനസായിരുന്നു ഷൈജുവിന്. കൊറോണയില്‍ ബിസിനസ് തകര്‍ന്നപ്പോള്‍ പിടിച്ചു നിര്‍ത്തിയതു കൃഷിയാണെന്നു ഷൈജു അഭിമാനത്തോടെ പറയുന്നു. കളവേലി ക്ഷേത്രത്തിനു സമീപമുള്ള വീടിനു മുന്നിലെ 20 സെന്റിലാണ് ശീതകാല പച്ചക്കറി കൃഷി നടത്തിയത്. ഇതു വിജയിക്കുമോ എന്ന ഭയത്തില്‍ അധ്വാനം വെറുതേയാകരുതെന്നു കരുതി ഇവയ്ക്കിടയില്‍ നട്ട വെണ്ടയില്‍ നിന്ന് 10 കിലോ വെണ്ടയ്ക്കാ വിളവെടുത്തു കഴിഞ്ഞു. ഡിസംബര്‍ 24 നു നട്ട ശീതകാല പച്ചക്കറികള്‍ ഫെബ്രുവരി അവസാനത്തോടെ വിളവെടുപ്പു പാകമായി. കര്‍ഷകരായ ചിലര്‍ തന്നെ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ് ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സമീകൃത വളപ്രയോഗം

തടം തയാറാക്കിയ ശേഷം കോഴിവളം, വേപ്പിന്‍പിണ്ണാക്ക്, കുമ്മായം എന്നിവ ഒന്നിച്ചിട്ടു. തടത്തിനു മുകളില്‍ മള്‍ച്ചിംഗ് ഷീറ്റിട്ട് ഒരാഴ്ച തുള്ളി നന സംവിധാനത്തിലൂടെ ജലസേചനവും നടത്തിയ ശേഷമാണ് തൈകള്‍ നടുന്നത്. ആഴ്ചയിലൊരിക്കല്‍ ലിറ്ററിന് അഞ്ചുഗ്രാം എന്ന തോതില്‍ 19:19:19 എന്ന വെള്ളത്തിലലിയുന്ന വളം ഫെര്‍ട്ടിഗേഷനായി തുള്ളി നന സംവിധാനത്തിലൂടെ നല്‍കി. ആദ്യം വിത്തിട്ടെങ്കിലും ചിലത് മുളയ്ക്കാതെ വന്നതോടെ തൈ വാങ്ങി നടുകയായിരുന്നു.

വിപണി വീട്ടില്‍

കാന്‍സര്‍ രോഗികളും ചില ഡോക്ടര്‍മാരുമെല്ലാം ബ്രോക്കോളിയും കോളിഫ്‌ളവറുമെല്ലാം വീട്ടില്‍ വന്നു വാങ്ങുന്നുണ്ട്. സുരക്ഷിത ഭക്ഷണം എന്ന രീതിയില്‍ ഉത്പാദിപ്പിക്കുന്നവയാണ് ഇവര്‍ക്കൊക്കെ ആവശ്യം.

പാട്ടകൃഷിയില്‍ വിളയുന്ന പച്ചക്കറി

മറ്റു പല സ്ഥലങ്ങളിലായി പാട്ടകൃഷിയും ചെയ്യുന്നുണ്ടിവര്‍. സുഹൃത്തിന്റെ 50 സെന്റില്‍ 800 ചുവട് പച്ചമുളകു നട്ടിട്ടുണ്ട്. അവിടെത്തന്നെ കുറച്ചു സ്ഥലത്ത് റോക്കറ്റ് എന്നയിനം അച്ചിങ്ങ, ബീറ്റ്‌റൂട്ട് എന്നിവ കൃഷി ചെയ്യുന്നു. സാമ്രാട്ട് ഇനം വെണ്ടയും പൊക്കം കുറഞ്ഞ ഇനം പട്ടുചീരയും ഇതോടൊപ്പമുണ്ട്. അതിര്‍ത്തികളില്‍ മതിലിനു സമീപത്തായി റെഡ് ലേഡി പപ്പായ നിറയെ കായ്ച്ചു കിടക്കുന്നു. ഒരേക്കര്‍ പാടത്ത് കുറ്റിപ്പയര്‍, കുക്കുംബര്‍, ബീന്‍സ്, തണ്ണിമത്തന്‍, വെണ്ട എന്നിവ നടാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ബീറ്റ്‌റൂട്ടും കാപ്‌സിക്കവും മാത്രമായി നട്ടിരിക്കുന്ന മറ്റൊരു സ്ഥലവുമുണ്ട്.



വിളവെടുപ്പ് എല്ലാദിവസവും

പച്ചമുളക് എല്ലാ ദിവസവും വിളവെടുക്കുന്നു. വളര്‍ന്നു കായ്കളാകാന്‍ 70 ദിവസത്തോളമെടുക്കും. പിന്നെ ആറുമാസത്തിലധികം വിളവെടുക്കാം. സിറ എന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ് നട്ടിരിക്കുന്നത്. തുറവൂര്‍, ആലപ്പുഴ കളക്ടറേറ്റ്, എസ്.എന്‍ കോളജിനു മുന്‍വശം എന്നിവിടങ്ങളിലെ കടകളിലാണു വില്‍പന. തോട്ടം വന്നുകണ്ട് അവിടെ നിന്ന് സ്വന്തം കൈകൊണ്ട് പച്ചക്കറി പറിച്ചെടുത്തു വില നല്‍കി മടങ്ങുന്നവരുമുണ്ട്. 10 മുതല്‍ 20 വരെ ഗ്രാം തൂക്കംവരുന്ന പച്ചമുളകാണു ലഭിക്കുന്നത്.

എല്ലാ ദിവസവും പുലര്‍ച്ചേ ഒന്നു വരെയൊക്കെ കൃഷിയിടത്തിലുണ്ടാകും. മഴവന്നാല്‍ ഒച്ചു ശല്യം രൂക്ഷമാകും. ഇതിനെ പിടിച്ച് ഉപ്പുവെള്ളത്തിലിട്ടു കൊന്ന ശേഷം മണ്ണില്‍ കുഴിവെട്ടി മൂടുകയാണു ചെയ്യുന്നത്. വര്‍ഷകാലങ്ങളിലും മഴ സമയത്തും രാത്രി മുഴുവന്‍ പല കൃഷിയിടങ്ങളില്‍ മാറിമാറി നടന്ന് ഒച്ചിനെ പിടിച്ചു നശിപ്പിക്കും. ഇനിയുള്ള സമയം കഞ്ഞിക്കുഴിയില്‍ പച്ചക്കറി ഉത്പാദനം വര്‍ധിക്കുന്ന സമയമാണ്. ഈ ഉത്പന്നങ്ങള്‍ മെച്ചപ്പെട്ട വില നല്‍കി സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കിയാല്‍ അയല്‍ സംസ്ഥാന പച്ചക്കറി ആശ്രയത്വം നമുക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നിവര്‍ പറയുന്നു. ഒപ്പം ഇനിയുമേറെ ആളുകള്‍ കൃഷിയിലേക്കു വരികയും ചെയ്യും.

സമീകൃത വളപ്രയോഗം

തടം തയാറാക്കിയ ശേഷം കോഴിവളം, വേപ്പിന്‍പിണ്ണാക്ക്, കുമ്മായം എന്നിവ ഒന്നിച്ചിട്ടു. തടത്തിനു മുകളില്‍ മള്‍ച്ചിംഗ് ഷീറ്റിട്ട് ഒരാഴ്ച തുള്ളി നന സംവിധാനത്തിലൂടെ ജലസേചനവും നടത്തിയ ശേഷമാണ് തൈകള്‍ നടുന്നത്. ആഴ്ചയിലൊരിക്കല്‍ ലിറ്ററിന് അഞ്ചുഗ്രാം എന്ന തോതില്‍ 19:19:19 എന്ന വെള്ളത്തിലലിയുന്ന വളം ഫെര്‍ട്ടിഗേഷനായി തുള്ളി നന സംവിധാനത്തിലൂടെ നല്‍കി. ആദ്യം വിത്തിട്ടെങ്കിലും ചിലത് മുളയ്ക്കാതെ വന്നതോടെ തൈ വാങ്ങി നടുകയായിരുന്നു. ഫോണ്‍: ആഷ-96563 668 98, ഷൈജു: 98465 8 5533.

ടോം ജോര്‍ജ്
ഫോട്ടോ: അജേഷ്‌കുമാര്‍ കണിച്ചുകുളങ്ങര