ഇതു കുറച്ച് വലിയ വളയം
ഇതു കുറച്ച് വലിയ വളയം
Friday, February 19, 2021 5:03 PM IST
സ്‌കൂട്ടറില്‍ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കമ്പം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് ഓാേറിക്ഷയ്ക്കു വഴിമാറി. പിന്നീട് നാലുചക്ര വാഹനങ്ങളോടായി ആഗ്രഹം. കാറും ലോറിയും കടന്ന് പത്തുചക്രമുള്ള ടോറസ് വരെയെത്തിയപ്പോള്‍ വിജയകുമാരി ഉറപ്പിച്ചു. ഉപജീവനമാര്‍ഗം ഡ്രൈവിംഗ് തന്നെ. ഇതിനായി വിജയകുമാരി തെരഞ്ഞെടുത്തതാകട്ടെ ബസ് ഡ്രൈവറുടെ വേഷം! തിരുവനന്തപുരം നഗരത്തില്‍ ആറു വര്‍ഷത്തിലേറെയായി സ്വകാര്യ ബസ് ഓടിച്ചു കുടുംബം പുലര്‍ത്തുകയാണ് തിരുവനന്തപുരം പുളിയറക്കോണം സ്വദേശിനി വിജയകുമാരി എന്ന വീട്ടമ്മ. ഈ 48കാരിയുടെ വളയം പിടുത്തം ഇന്ന് നഗരവാസികള്‍ക്കും സുപരിചിതം.

പുലരും മുന്‍പേ

രാവിലെ അഞ്ചിനു വീട്ടില്‍ നിന്നിറങ്ങുന്ന വിജയകുമാരി തിരികെ വീട്ടിലെത്തുന്നത് രാത്രിയോടെ. പുളിയറക്കോണത്തിനു സമീപമുള്ള പ്ലാക്കോട്ടുകോണത്തെ വീട്ടില്‍ നിന്നും സ്‌കൂട്ടറിലാണ് ജോലിക്കായി പുറപ്പെടുന്നത്. 18 കിലോമീറ്ററോളം ദൂരമുണ്ട്. രാവിലെ 6.20ന് ആദ്യ ട്രിപ്പ് ആരംഭിക്കും. പിന്നെ നഗരത്തില്‍ തലങ്ങും വിലങ്ങുമായി 14 ട്രിപ്പുകള്‍. രാവിലെ ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോള്‍ രാത്രിയാകും.

ഏഴാം വര്‍ഷത്തിലേക്ക്

ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഈ യാത്ര ആരംഭിച്ചിട്ട് ആറു വര്‍ഷം പിന്നിടുന്നു. വെറുതേ ഒരു രസത്തിനു തുടങ്ങിയതല്ല വിജയകുമാരി ഈ യാത്ര. പ്രാരാബ്ധങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. അത് അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതാകണമെന്നു തീരുമാനിച്ചതു വിജയകുമാരി തന്നെയാണ്. ആറു വര്‍ഷം മുന്‍പാണ് വിജയകുമാരി നഗരത്തില്‍ ഓടുന്ന ഒരു സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുന്നത്. കിഴക്കേക്കോട്ട പേരൂര്‍ക്കട വഴയില റൂട്ടിലായിരുന്നു ആദ്യ ട്രിപ്പുകള്‍. പിന്നീട് പല റൂട്ടുകളിലായി നിരവധി ബസുകളുടെ സാരഥിയായി.

പ്രണയം വളയത്തോട്

തയ്യല്‍ ജോലികള്‍ ചെയ്തിരുന്ന വിജയകുമാരിക്കു 2003ല്‍ ആണ് വാഹനങ്ങളോടു പ്രണയം ആരംഭിക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ ഒരു പെണ്‍കുട്ടി സ്‌കൂട്ടര്‍ പഠിക്കാന്‍ പോയതാണ് വിജയകുമാരിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ കുടുംബത്തോടുള്ള സൗഹൃദം മൂലം പെണ്‍കുട്ടിക്കൊപ്പം പോയി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനു സാധിച്ചു. അങ്ങനെയാണ് 2003ല്‍ സ്‌കൂട്ടര്‍ ലൈസന്‍സ് നേടിയത്. അതോടെ ഓാേറിക്ഷ ഓടിക്കാന്‍ പഠിക്കണമെന്നായി ആഗ്രഹം. ഓാേറിക്ഷയാണെങ്കില്‍ പഠിച്ചാല്‍ ഗുണമുണ്ട്. ഒരു ഓട്ടോ വാടകയ്‌ക്കെടുത്തു ഓടിച്ചാലും കുടുംബ ചെലവിനുള്ള കാശ് കിട്ടും. ഓാേറിക്ഷ ഓടിക്കാന്‍ പഠിച്ച് ലൈസന്‍സ് എടുത്തതോടെ വിജയകുമാരിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. 2008ല്‍ ഓട്ടോറിക്ഷ ലൈസന്‍സ് ലഭിച്ചതിനെ തുടര്‍ന്നു 2009ല്‍ നാലു ചക്ര വാഹന ലൈസന്‍സും തുടര്‍ന്നു ടാക്‌സി ഓടിക്കുന്നതിനുള്ള ബാഡ്ജും നേടി. വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നറിയാമായിരുന്നു. അതിനാല്‍ത്തന്നെ വീട്ടില്‍ അറിയാതെയായിരുന്നു എല്ലാം. എന്നാല്‍ ഇതിനിടെ ഡ്രൈവിംഗ് പഠിക്കുന്നതുകണ്ട ഒരു പരിചയക്കാരന്‍ സംഭവം വീട്ടില്‍ അറിയിച്ചു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊന്നും ഇത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സുമായി എത്തിയതോടെ വീട്ടുകാര്‍ അമ്പരന്നു. ഇടയ്ക്കുവച്ച് ഒരു സര്‍പ്രൈസും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വിജയകുമാരി നല്‍കി. ഹെവി ലൈസന്‍സ് നേടിയതിനുശേഷം ഒരു ലോറി ഓടിച്ചുകൊണ്ടാണ് വീട്ടിലേക്കെത്തിയത്. മേസ്തിരിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് സുകുമാരന്‍ അഞ്ചു വര്‍ഷം മുന്‍പു രോഗബാധിതനായതോടെ വിജയകുമാരിയുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു. ഇന്ന് ഭാര്യ ജോലി കഴിഞ്ഞു വരുമ്പോള്‍ എല്ലാ സഹായങ്ങളുമായി ഭര്‍ത്താവുണ്ട്. ഒരു മകനും മകളുമാണ് വിജയകുമാരിക്ക്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു.


വനിത എന്ന പരിഗണന

സ്ത്രീയെന്ന പരിഗണന ഒരിടത്തും ലഭിച്ചിട്ടില്ലെന്നു വിജയ കുമാരി പറയുന്നു. ജോലിക്കിടയില്‍ മറ്റു ഡ്രൈവര്‍മാരുടെ അസഭ്യവും ശകാരവുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്തേക്കു നിരവധി വനിതകള്‍ കടന്നു വരണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. എന്നാല്‍ മാത്രമേ ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരൂ. വനിതാ െ്രെഡവര്‍മാര്‍ കൂടുതലു ണ്ടെങ്കില്‍ ഈ ജോലി ചെയ്യുന്നതിന് കുറച്ചുകൂടി ധൈര്യം ലഭിക്കുമെന്നും വിജയകുമാരി പറയുന്നു.

തയാറാക്കിയത്: റിച്ചാര്‍ഡ് ജോസഫ്