ഹോണ്ട എസ്പി 125 ബിഎസ് 6
Saturday, January 11, 2020 4:46 PM IST
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടുത്ത തലമുറയിൽപ്പെട്ട 125 സിസി മോട്ടോർ സൈക്കിൾ എസ്പി 125 ബിഎസ് 6 പുറത്തിറക്കി. സാങ്കേതിക മേന്മയും രൂപഭംഗിയും ഒത്തു ചേർന്ന എസ്പി 125 ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോർ സൈക്കിൾ ആണ്. ഡൽഹി എക്സ് ഷോറൂം വില 72,900 രൂപ മുതൽ മുകളിലേക്കാണ്.
ഈ മേഖലയിൽ ഹോണ്ട പുതിയൊരു നിലവാരം സൃഷ്ടിക്കുകയാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മിനോറു കാറ്റോ എസ്പി 125 മോട്ടോർ സൈക്കിൾ പുറത്തിറക്കിക്കൊണ്ടു പറഞ്ഞു.
ഭാരത് സ്റ്റേജ് ആറ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള 125 സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ സാങ്കേതിക വിദ്യ) എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) വഴി ഇതിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ ആഗോളനിലവാരത്തോടു കിടപിടിക്കുന്ന ഭാവി സാങ്കേതിക വിദ്യ ഇന്നേ ഹോണ്ട ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. ഇഎസ്പി സാങ്കേതികവിദ്യ എച്ചിഇടി എൻജിന്റെ പ്രകടനം ഏറ്റവും മികച്ചതാക്കുന്നു. അതു ഘർഷണം കുറയ്ക്കുകയും ശബ്ദരഹിതമായ സ്റ്റാർട്ട് നൽകുകയും ചെയ്യുന്നു. എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞിട്ടുള്ളത് നിരവധി മെച്ചപ്പെട്ട ചെറിയ ചെറിയ സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെയാണ്. ഇതിന്റെ നിർമാണത്തിനിടിയിൽ കന്പനി 19 പുതിയ പേറ്റന്റ് അപേക്ഷകൾ നൽകിയിട്ടുണ്ട്.
എസ്പി 125 ബിഎസ് 6 രണ്ട് രൂപഭേദങ്ങളിലും ( ഡ്രം, ഡിസ്ക് എന്നിവ) നാലു നിറങ്ങളിലും ( പച്ച, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവ) ലഭിക്കും.