രോഗവാഹകയാകാന്‍ ആഗ്രഹിച്ചില്ല
രോഗവാഹകയാകാന്‍ ആഗ്രഹിച്ചില്ല
Friday, June 19, 2020 3:52 PM IST
രാവും പകലും തലങ്ങും വിലങ്ങും പായുന്ന ആംബലന്‍സുകള്‍... ഉയര്‍ന്നുവരുന്ന മരണസംഖ്യ... വിജനമായ റോഡുകള്‍...എല്ലായിടത്തും മൂകത...കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്ക് തിരിച്ചു പോരാന്‍ അനില പി. അജയന്‍ എന്ന പെണ്‍കുട്ടി തയാറായിരുന്നില്ല. രാജ്യ സുരക്ഷ മാത്രമായിരുന്നു അനിലയെ ചൈനയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിപ്പിച്ചത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിനു കീഴിലെ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോ ബയോളജിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചറായ അനില ചൈനയില്‍ നിന്ന് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...

പേടിയോടെ ചൈനയില്‍ തങ്ങി

'കൊറോണ വൈറസിന്റെ രോഗവാഹകയായിരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുമായി ഇന്ത്യയിലേക്ക് പോരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ പേടിപ്പിക്കുന്ന അവസ്ഥയിലും ചൈനയില്‍ തന്നെ തങ്ങി. ഇപ്പോള്‍ ഇവിടെ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങി...' പത്തനംതിട്ട സ്വദേശി അനില.പി അജയന്റെ വാക്കുകളാണിത്. പത്തനംതിട്ട ഇലവുംതിട്ട ബീം ജ്യോതിയില്‍ പി.ടി അജയകുമാര്‍ കെ. നിര്‍മല ദമ്പതികളുടെ മകളാണ് അനില.

രാവും പകലും തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ പായുന്നതിന്റെയും ഉയര്‍ന്നുവരുന്ന മരണസംഖ്യയുടെയും പേടിപ്പെടുത്തുന്ന അവസ്ഥയിലും രാജ്യസുരക്ഷയോര്‍ത്താണ് ഞാന്‍ ചൈനയില്‍ തന്നെ തങ്ങിയത്. കേരളത്തിലേക്ക് മടങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ തയാറായില്ല. കൊറോണ വൈറസ് എനിക്ക് പിടിപ്പെട്ടിുണ്ടെങ്കില്‍ അതുമായി ഇന്ത്യയിലേക്ക് വരേണ്ടെന്ന ഉറച്ച നിലപാടാണ് എന്നെ ഇവിടെ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

പേടിപ്പെടുത്തിയ അവസ്ഥ

ജനുവരി 21നാണ് ഞാന്‍ അവസാനമായി കാമ്പസിനു പുറത്തുപോയത്. പിന്നീട് 76 ദിവസം ഹോം ക്വാറന്‍ൈറനിലായിരുന്നു. ദൈവാനുഗ്രഹത്താല്‍ രോഗമൊന്നും ഉണ്ടായില്ല. ഇവിടെ മരണസംഖ്യ ഉയരുന്നത് എന്നെ പേടിപ്പെടുത്തി. എങ്ങും ആംബുലന്‍സുകളുടെ ശബ്ദം മാത്രം. ഇന്ത്യയില്‍ പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍ നിന്നും കൊറോണയുടെ പേടിപ്പെടുത്തുന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഭയം തോന്നി. അനിലയുടെ വാക്കുകളില്‍ നാടിനോടുള്ള സ്‌നേഹം നിഴലിച്ചു.

വുഹാന്‍ പഴയ സ്ഥിതിയിലേക്ക്

ഏപ്രില്‍ എട്ടു മുതല്‍ ഇവിടെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ പഴയ സ്ഥിതിയിലേക്കായി വരുന്നു. ഞങ്ങള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. പൊതുഗതാഗതം തുറന്നെങ്കിലും ബസുകളിലൊക്കെ ചുരുക്കം യാത്രക്കാര്‍ മാത്രം. ഗ്രീന്‍ ഹെല്‍ത്ത് കോഡ് ഉള്ളവര്‍ക്കേ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനാവൂ. ഷോപ്പിംഗ് നടത്തുന്നതിനും പ്രത്യേക മാനദണ്ഡമുണ്ട്. തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാണ്. 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീര താപനില ഉള്ളവര്‍ക്ക് കടയ്ക്കുളളില്‍ കയറാന്‍ സാധിക്കില്ല. റോഡുകളും പൊതുസ്ഥലങ്ങളും നിത്യവും അണുവിമുക്തമാക്കുന്നുണ്ട്. ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഓഫീസിലും സ്ഥാപനങ്ങളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും തെര്‍മല്‍ സ്‌ക്രീനിംഗു നടത്തും. സാമൂഹിക അകലം പാലിക്കണം. ഓണ്‍ലൈന്‍ മീറ്റിംഗ് മാത്രമേ അനുവദിക്കൂ. വീട്ടിനുള്ളിലും ഓഫീസിലുമൊക്കെ മാസ്‌ക് ധരിക്കണമെന്നും നിര്‍ബന്ധമുണ്ട്. കൊറോണയുടെ ആദ്യഘത്തിലുണ്ടായ ഭീതി ഒഴിഞ്ഞു തുടങ്ങി. എങ്കിലും എല്ലാവരും ജാഗ്രതയിലാണ്. ഇന്ത്യയില്‍ പ്രത്യേകിച്ച് നമ്മുടെ കേരളീയര്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്- അനില പറഞ്ഞു.


ചെറിയൊരു വിഷു ആഘോഷം

നാട്ടിലുണ്ടായിരുന്നപ്പോള്‍ വിഷുവും ഓണവുമൊക്കെ നന്നായി ആഘോഷിക്കുമായിരുന്നു. ഇത്തവണ ഇവിടെ ചെറിയൊരു വിഷു ആഘോഷം നടത്തി. ഗെറ്റ് ടുഗതര്‍ പാടില്ലെന്ന് കോളജില്‍ നിന്ന് ഒദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നു. നൊമ്പരപ്പെടുത്തുന്ന അവസ്ഥയില്‍ നിന്ന് എല്ലാവര്‍ക്കും ചെറിയൊരു ആശ്വാസം ആകട്ടേയെന്നു കരുതി. എല്ലാവര്‍ക്കുമായി പായസം ഉണ്ടാക്കി ഓരോരുത്തരുടെയും മുറിയില്‍ കൊണ്ടുപോയി കൊടുത്തു. പിന്നെ പുലര്‍ച്ചെ എല്ലാവരെയും വിളിച്ചുണര്‍ത്തി അവര്‍ക്കൊപ്പം ഒരു സെല്‍ഫിയും എടുത്തു. അങ്ങനെ വ്യത്യസ്തമായൊരു വിഷു ആഘോഷം നടത്തി.

ഇവിടെ ഞാന്‍ സുരക്ഷിത

ദൈവാനുഗ്രഹത്താല്‍ എനിക്ക് രോഗബാധയുണ്ടായില്ല. 76 ദിവസം ഹോം ക്വാറന്‍ൈറനിലായിരുന്നു. ഞാന്‍ 2019 സെപ്റ്റംബറിലായിരുന്നു പത്തനംതിട്ടയില്‍ നിന്ന് വുഹാനില്‍ എത്തിയത്. ജനുവരിയുടെ തുടക്കത്തിലാണ് ഇവിടെ കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് കേട്ടുതുടങ്ങിയത്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആണെന്ന് അറിവുള്ളതുകൊണ്ടുതന്നെ ക്ലാസില്‍ പോകുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കുമായിരുന്നു.

തുടക്കത്തില്‍ അധികം പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. പക്ഷേ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ചെറിയ പേടി തോന്നി. ഇവിടത്തെ പൊതുഗതാഗതം ഉപയോഗിച്ച് ഞാന്‍ യാത്ര ചെയ്തിരുന്നു. ആ ആഴ്ച മുഴുവനും വുഹാന്‍ യൂണിവേഴ്‌സിറ്റി കാന്റീനില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്. അവിടെ എപ്പോഴും തിരക്കാണ്. വിന്റര്‍ സീസണും അയിരുന്നു. അതുകൊണ്ടുതന്നെ എനിക്കും രോഗം വരുമോയെന്ന് ഞാന്‍ സംശയിച്ചു. മരണസംഖ്യ ഉയര്‍ന്നതോടെ കോളജും അടച്ചു. ചൈനയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ള സഹപാഠികളൊക്കെ നാട്ടിലേക്കു മടങ്ങി. ഞങ്ങളുടെ പ്രഫസര്‍ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ടിരുന്നു.

ആദ്യമൊക്കെ ഇവിടത്തെ അവസ്ഥ ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. ഇവിടത്തെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ഞാനും കേരളത്തിലേക്ക് മടങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വീട്ടുകാര്‍ ഭയചകിതരായിരുന്നു. ഇന്ത്യന്‍ എംബസിയുടെ ഇവാക്യുവേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷേ എനിക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അതുമായി ഇന്ത്യയിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ ഭീതിപ്പെടുത്തുന്ന അവസ്ഥയിലും ഞാന്‍ ചൈനയില്‍ തന്നെ തുടര്‍ന്നു. അനിലയുടെ വാക്കുകളില്‍ ഭീതി നിഴലിക്കുന്നു.

സീമ മോഹന്‍ലാല്‍