സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
Wednesday, November 27, 2019 4:54 PM IST
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്‍ഷിച്ചത്. ഇരുപതു വര്‍ഷത്തിലേറെയായി വിവിധതരം ചെടികളോടൊപ്പമാണ് ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം.
വീടുകള്‍ക്ക് കൂടുതല്‍ സൗന്ദര്യം പകരാന്‍ കഴിയുന്ന ഓര്‍ക്കിഡ് റോസാണ് ഉദ്യാനത്തിലെ പുത്തന്‍ താരം. നാടന്‍ റോസുപോലെ ഒരു കുലയില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെ പൂക്കളുണ്ടാകും. ഒരാഴ്ചയോളം വിടര്‍ന്നു നില്‍ക്കുന്ന പൂക്കളാണ് മറ്റൊരാകര്‍ഷണം. മുള്ളുകള്‍ ഇ ല്ലെന്ന പ്രത്യേകതയും ഇവയെ പൂന്തോട്ടപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു. വള്ളിച്ചെടിപോലെ പടര്‍ത്താനും കഴിയും. മണം വളരെ കുറവാണെങ്കിലും കാഴ്ചയ്ക്ക് സുന്ദരിയാണ്.
നടീല്‍ രീതി
വിദേശ ഇനമായ ഓര്‍ക്കിഡ് റോസ് പൂനയില്‍ നിന്നാണ് റെജി സംഘടിപ്പിച്ചത്. നല്ല സൂര്യപ്രകാശമുണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ പൂക്കളുണ്ടാകും. ചെറിയ തണുപ്പും ആവശ്യമാണ്. സാധാരണ റോസിനെപ്പോലെ കമ്പുകള്‍ മുറിച്ചുനട്ട് തൈകള്‍ ഉത്പാദിപ്പിക്കാം. ചെടികള്‍ മുളച്ച് ആറാം മാസം പുഷ്പിക്കും. റോസിനു നല്‍കുന്ന വളങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ഇരുപതു ദിവസം കൂടുമ്പോള്‍ റോസ് മിക്‌സ്ചര്‍ നല്‍കുന്ന രീതിയാണ് റെജിയുടേത്. ഇളക്കമുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ മണ്ണില്‍ വളര്‍ച്ച കൂടുതലാണ്. നമ്മുടെ ഇഷ്ടപ്രകാരം ആര്‍ച്ച് രൂപത്തില്‍ ചെടി പടര്‍ത്താം. വേനല്‍ക്കാലത്ത് എല്ലാ ദിവസവും ജലസേചനം നടത്തണം.
പൂന്തോട്ടത്തിലെ ലിസിയാന്തസ്
റോസിന്റെ പൂക്കളോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ഒരു വിദേശ ഇനമാണ് ലിസിയാന്തസ്. വിത്തുകള്‍ പാകി മുളപ്പിക്കുന്ന ഇത് ഒരു സീസണ്‍ ചെടിയാണ്. വെള്ള, ചുവപ്പ്, നീല തുടങ്ങി അഞ്ചു നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട്. ചൂടുകൂടിയാല്‍ പുഷ്പിക്കല്‍ കുറയും. തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന ഈ ചെടികളെ കേരളത്തില്‍ നന്നായി പരിപാലിക്കാന്‍ കഴിയും. നവംബര്‍ മുതല്‍ അഞ്ചുമാസം പൂക്കളുണ്ടാകും. മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ എന്നും പൂക്കളുണ്ടാകുമെങ്കിലും ഒരു ചെടിക്ക് ആറു മാസത്തെ ആയുസേ ഉള്ളു. ഇവയുടെ വിത്തു പാകിയാണ് തൈകള്‍ ഉണ്ടാക്കുന്നത്. നട്ടുവളര്‍ത്തുന്ന ലിസിയാന്തസില്‍ വിത്തുകള്‍ ഉണ്ടാകാറില്ല. ലാബുകളില്‍ പ്രത്യേക പരിചരണം നല്‍കി വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ഇവയുടെ വിത്തുകള്‍ പൂനയില്‍ നിന്ന് ലഭ്യമാണ്. ഇതു പാകി മുളപ്പിച്ചാണ് റെജി തൈകള്‍ ഉണ്ടാക്കുന്നത്. ഒരു പൂവ് പതിനഞ്ചു ദിവസം വരെ കൊഴിയാതെ നില്‍ക്കും. വിത്തുകള്‍ പാകി മുളപ്പിച്ചെടുക്കുന്ന തൈകള്‍ ഒന്നരമാസം കൊണ്ടു പുഷ്പിക്കും. രാവിലെ ചെറിയ തണുപ്പ് ലഭിക്കുന്ന ഏതു പ്രദേശ ത്തും ഈ ചെടികള്‍ നടാന്‍ കഴിയും. പരിചരണം കുറച്ചു മതി. ആവശ്യത്തിനു വെള്ളമൊഴിച്ചു കൊടുക്കുകയും മാസത്തില്‍ രണ്ടുതവണ വളം നല്‍കുകയും ചെയ്താല്‍ ആറു മാസം വരെ പൂക്കളുണ്ടാകും. നിരവധി ചെടികളെ പരിപാലിക്കുന്ന റെജി ഓരോ വര്‍ഷവും പുത്തന്‍ ഇനങ്ങള്‍ തോട്ടത്തിലെത്തിക്കും. പൂച്ചെടികളോട് താത്പര്യമുള്ളവര്‍ക്ക് ചെടികള്‍ നല്‍കാനും പരിചരണ രീതികള്‍ പറഞ്ഞു കൊടുക്കാനും ഈ പുഷ്പസ്‌നേഹി തയാറാണ്.

രോഗം ശമിപ്പിക്കുന്ന ചെടികള്‍
രോഗങ്ങളില്‍ നിന്നു മോചനം നേടാനുള്ള പ്രകൃതിയുടെ മരുന്നാണ് ചെടികള്‍. വര്‍ണഭംഗിയും സുഗന്ധ സമൃദ്ധിയുമുള്ള പൂന്തോട്ടങ്ങള്‍ കണ്ണിനും കരളിനും കുളിര്‍മ പകരുന്നവയാണ്. ചെടികളുമായുള്ള നിരന്തര സമ്പര്‍ക്കം രോഗങ്ങളെ നിയന്ത്രിക്കും. മനസിനു സുഖവും ശരീരത്തിന് ഉന്മേഷവും നല്‍കും. പനിനീര്‍ച്ചെടികളും പിച്ചി, മുല്ല, ബോഗൈന്‍വില്ല തുടങ്ങിയ കുറ്റിച്ചെടികളും ഡാലിയ, സൂര്യകാന്തി, ജമന്തി, സീനിയ തുടങ്ങിയ സീസണ്‍ ചെടികളും പൂന്തോട്ടത്തിന്റെ അഴകു വര്‍ധിപ്പിക്കുന്നവയാണ്.
വീടുകള്‍ക്ക് സൗന്ദര്യം പകരുന്ന പൂന്തോട്ടങ്ങള്‍ പരോക്ഷമായി രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നുണ്ട്. ചെടികളുടെ പരിചരണവുമായി ബന്ധപ്പെടുമ്പോള്‍, ദിവസേന കുറെ സമയം അവയോടൊപ്പം ചെലവിടാന്‍ സാധിക്കുന്നു. ഇതുമൂലം ശരീരത്തിലെ ജീവധാര ദ്രാവകങ്ങള്‍ ഉത്പന്നമാകുമെന്നാണ് കണ്ടെത്തല്‍. ഇവ രോഗങ്ങളെ അകറ്റി നിര്‍ത്തുകയും സൗഖ്യമേകുകയും ചെയ്യുന്നു. റെജി: 94 46 92 82 64.
നെല്ലി ചെങ്ങമനാട്