ഇത് ഓള്‍ ഇന്‍ വണ്‍ കൃഷിയിടം
ഇത് ഓള്‍ ഇന്‍ വണ്‍ കൃഷിയിടം
Wednesday, December 11, 2019 5:05 PM IST
യുവത കൃഷിയില്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്. തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. കോട്ടയം ജില്ലയിലെ എലിക്കുളം കൃഷിക്കു പേരുകേട്ട സ്ഥലമാണ്. റബറായിരുന്നു ഈ നാടിന്റെ മുഖം മാറ്റിയതും മിനുക്കിയിരുന്നതും. ഇന്നു റബര്‍ എന്ന ആഡംബരവിള ഒരു ഓര്‍മ മാത്രമായി. ഇവിടെയാണ് കാരക്കുളം വെട്ടത്ത് ജിബിന്‍ ജോസ് എന്ന മുപ്പതുകാരന്റെ കൃഷി ശ്രദ്ധേയമാകുന്നത്. നഴ്‌സായി ജോലിചെയ്തിരുന്ന ജിബന്‍ അതുപേക്ഷിച്ചാണ് കൃഷിയില്‍ സജീവമാകുന്നത്. പുതുകാലകൃഷി ചിന്തകള്‍ രൂപപ്പെടുത്തി കൃഷിയിടത്തില്‍ പരീക്ഷിക്കുകയാണ് ഈ യുവകര്‍ഷകന്‍. ഉറച്ച ചിന്തയും പ്രവൃത്തിയുമാണ് പുതുകൃഷിക്കാര്‍ ഉന്നം വയ്‌ക്കേണ്ടതെന്ന് ജിബിന്‍ പറയും. റബര്‍ ഈ നാടിന്റെ വിളയെന്നത് തീര്‍ത്തും മറക്കാന്‍ കാഞ്ഞിരപ്പള്ളിയുടെ ഓരത്തുള്ളയാര്‍ക്കും തന്നെ മനസു വരില്ല. ജിബിനുമതുതന്നെ. എന്നാല്‍ തോട്ടത്തിലെ ഒന്നരയേക്കര്‍ റബര്‍ വെട്ടിമാറ്റിയിടത്ത് തെങ്ങധിഷ്ഠിത ഭക്ഷ്യവിള കൃഷിക്കാണ് ജിബിന്‍ തുടക്കമിട്ടിരിക്കുന്നത്. തെങ്ങ്, വാഴ, കവുങ്ങ്, കൊക്കോ, പപ്പായ, മരച്ചീനി, പച്ചക്കറികള്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പഴവര്‍ഗങ്ങള്‍, തീറ്റപ്പുല്ല് തുടങ്ങിയവയാണ് പ്രധാന വിളകള്‍. ആട്, പോത്ത്, വളര്‍ത്തുകോഴികള്‍ എന്നിവയും അനുബന്ധമായുണ്ട്. കൃഷി, മൃഗസംരക്ഷണം, ത്രിതല പഞ്ചായത്തുകള്‍, തൊഴിലുറപ്പു പദ്ധതി, ക്ഷീരവികസനം എന്നിങ്ങനെ കര്‍ഷകരെ സഹായിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഈ മാന്ദ്യകാലത്ത് ഒപ്പം കൂട്ടി പ്രതിസന്ധി മറികടക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നു.

'മണ്ണാണ് പുണ്യം' ഇത് മറന്നുള്ള കൃഷിയിറക്കലുകള്‍ക്ക് വലിയ കാലമുണ്ടാകില്ല. ജിബിന്റെ പറമ്പുമുഴുവന്‍ കയ്യാലകളും നീര്‍ക്കുഴികളുമാണ്. ഓരോതുള്ളി വെള്ളവും ഓരോ നുള്ള് മണ്ണും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണിത്. കര്‍ഷകന്റെ മനസറിവില്ലാതെ ഇതു പുറത്തു പോകരുത്. ശാസ്ത്രീയ കൃഷിമുറകളനുസരിച്ചു മണ്ണുപരിശോധിച്ച് ആവശ്യത്തിനുകുമ്മായവും ഡോളമൈറ്റും നല്‍കി മണ്ണൊരുക്കിയാണ് കൃഷി. അടിവളമായി ആട്ടിന്‍കാഷ്ഠവും പോത്തിന്‍ ചാണകവും പച്ചിലവളവും നല്‍കും. തെങ്ങ് ആര്‍ത്തു വളര്‍ന്നു തുടങ്ങിയിരിക്കുന്നു. വാഴയും ഇതരവിളകളും മികച്ച വിളവാണു നല്‍കുന്നുത്.

'കൃഷിയിടം എന്ന വിദ്യാലയം' ജിബിന്റെ കൃഷിയിടം കൃഷി - അനുബന്ധ വകുപ്പുകളുടെ മാതൃകാ പഠനകേന്ദ്രം കൂടിയാണിന്ന്. 'ആത്മ' അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി പദ്ധതിപ്രകാരം കര്‍ഷകര്‍ ഈ കൃഷിയിടത്തിലെത്തി കൃഷിവിശേഷങ്ങള്‍ അറിഞ്ഞും പങ്കുവച്ചും മടങ്ങുന്നു.




സുഗന്ധവിളകള്‍ക്കുമുണ്ടിടം

സുഗന്ധവിളകളായ കുരുമുളക്, കാപ്പി, ഇഞ്ചി, മഞ്ഞള്‍, ജാതി തുടങ്ങിയവയെയും ശരിയായി പരിഗണിക്കുന്നു. മേല്‍ത്തരം കുരുമുളകു വള്ളികള്‍ ചെടിയാക്കി കര്‍ഷകര്‍ക്കു നല്‍കാനുള്ള ശ്രമം പുരോഗമിക്കുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായ പരിചരണം

മലബാറി ആടിനത്തിന്റെ മദര്‍ യൂണിറ്റാണിവിടെയുള്ളത്. പോത്തുവളര്‍ത്തല്‍ പറമ്പിലെ കളച്ചെടികളെ നീക്കാനുള്ള വഴികൂടിയാണ്. ഒന്നാന്തരം കാലിവളവും ഇതുവഴിലഭിക്കും. മികച്ച തീറ്റ പരിവര്‍ത്തനശേഷിയുള്ള 'മുറ' ഇനത്തില്‍പെട്ട പോത്തിനെയാണ് ജിബിന്‍ വളര്‍ത്തുന്നത്. വളര്‍ത്തു കോഴികളും മികച്ച ആദായം നല്‍കുന്നു.

കര്‍ഷകന് വേണം സ്വന്തം വിപണി

കൃഷിയില്‍ കൃത്യതയും വ്യക്തതയുമുള്ളതിനാല്‍ വിളകള്‍ വാങ്ങുന്നതിന് കൃഷിയിടം തേടി ആവശ്യക്കാര്‍ തനിയെ എത്തുമെന്നത് ജിബിന്റെ അനുഭവ പാഠം. ബാക്കി വരുന്നവ കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തളിര്‍ പച്ചക്കറി ഉത്പാദകസംഘം നടത്തുന്ന എലിക്കുളം നാട്ടുചന്തവഴി വിറ്റഴിക്കും. ആവശ്യക്കാരായ കര്‍ഷകര്‍ തന്നെ സംഘടിപ്പിക്കുന്ന വിപണിയായതിനാല്‍ ഉത്പാദകനും ഉപഭോക്താവിനും നൂറുശതമാനം തൃപ്തികരമായ കൈമാറ്റ ഇടമാണിതെന്ന് ജിബിന്‍ പറയുന്നു. കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉത്പന്നമാക്കുന്നതിനും മനസുവയ്ക്കണം. പറമ്പിലെ ജാതിത്തൊണ്ടും പപ്പായയുമെല്ലാം അച്ചാറാക്കുന്നതിന് സഹായിക്കുന്നത് മാതാവായ മേരിക്കുട്ടി ജോസാണ്. വീട്ടിലെല്ലാവരും ഒത്തുചേര്‍ന്ന് നടത്തുന്നതാവണം കാര്‍ഷികവൃത്തിയെന്ന് ഈ യുവകര്‍ഷകന്‍ പറയുന്നു. പിതാവ് ജോസ് തോമസും ഭാര്യ രേഷ്മയും കുഞ്ഞുമകന്‍ ഡേവിഡുമെല്ലാം കിട്ടുന്ന ഇടവേളകളില്‍ കൃഷിക്ക് താങ്ങായി ഒപ്പം ചേരും. എലിക്കുളം നാട്ടുചന്ത, എലിക്കുളം ജൈവകര്‍ഷക സമിതി എന്നിവയുടെയെല്ലാം സജീവ പ്രവര്‍ത്തകനാണ് കൃഷിയിലെ ഈ യൂത്ത്. ഫോണ്‍: 9947925139

എ. ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍, എലിക്കുളം, കോട്ടയം