ഫയലില്‍ നിന്നു ഫീല്‍ഡിലേക്ക് മാറേണ്ട പ്രവര്‍ത്തനങ്ങള്‍
ഫയലില്‍ നിന്നു ഫീല്‍ഡിലേക്ക് മാറേണ്ട പ്രവര്‍ത്തനങ്ങള്‍
Saturday, June 20, 2020 3:37 PM IST
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മൂന്നാര്‍ വട്ടവടയില്‍ പച്ചക്കറി വിളവെടുപ്പുകാലമാണ്. അവിടത്തെ പച്ചക്കറികൃഷിയെക്കുറിച്ച് ഒരു ലേഖനം തയാറാക്കാനാണ് വട്ടവടയില്‍ എത്തിയത്. യുവകര്‍ഷകനായ സുഭാഷ് മൂന്നാറുനിന്നു തന്നെ ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിക്കിടക്കുന്ന സ്ഥലം. മലകള്‍ തട്ടുകളായി തിരിച്ചാണ് ഇവിടെ കൃഷി. വട്ടവടയില്‍ നിന്ന് കുന്നുകള്‍ കയറി 40 കിലോമീറ്റര്‍ ചെന്നാല്‍ കൊഡൈക്കനാലായി. വട്ടവടയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ശീതകാലാവസ്ഥയാണ്. മനംമയക്കുന്ന പ്രകൃതിഭംഗി കണ്ട് ഇവിടങ്ങളിലെ ഫാമുകള്‍ സന്ദര്‍ശിക്കാനും ഇവിടെ താമസിക്കാനുമൊക്കെയായി നിരവധി ആളുകളാണ് എത്തുന്നത്. കേരള അതിര്‍ത്തി മലകളാല്‍ അടയ്ക്കപ്പെടുന്ന സ്ഥലം.

ഇവിടത്തെ 3000 ഏക്കര്‍ വരുന്ന കൃഷിസ്ഥലങ്ങളില്‍ കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍, ഗ്രീന്‍പീസ്, ഗോതമ്പ്, സ്‌ട്രോബറി, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങി വിളയാത്തതൊന്നുമില്ലെന്നു തന്നെ പറയാം. കഠിന വേനല്‍ക്കാലത്തെ ഒന്നുരണ്ടു മാസങ്ങളൊഴികെ എല്ലാ മാസങ്ങളിലും വന്‍തോതില്‍ പച്ചക്കറിവിളയുന്ന സ്ഥലം. ഒരോ സീസണിലും 500 ടണ്ണിലധികം പച്ചക്കറിയാണ് ഇവിടെ വിളയുന്നത്. വട്ടവടയെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ കേട്ട് സുഭാഷിന്റെ വീട്ടിലേക്ക്. റോഡുകളില്‍ പച്ചക്കറി കയറ്റാന്‍ വന്ന ലോറികള്‍ കിടക്കുന്നു. എല്ലാം തമിഴ്‌നാട് രജിസ്‌ട്രേഷനാണല്ലോ? എങ്ങോട്ടാ ഇവിടത്തെ പച്ചക്കറികള്‍ പോകുന്നത്? ഞാന്‍ ചോദിച്ചു. കേരളത്തിന് ഇവിടത്തെ പച്ചക്കറികള്‍ എടുക്കാന്‍ ഒരു താത്പര്യവുമില്ല. വില്‍ക്കണമെങ്കില്‍ പച്ചക്കറി ലോറിയില്‍ കയറ്റി തൃശൂര്‍, എറണാകുളം മാര്‍ക്കറ്റുകളിലെത്തിക്കണം. അവിടെ എത്തിച്ചാല്‍ തന്നെ എടുക്കാന്‍ ആളില്ല.

തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പച്ചക്കറിലോറികളെയാണ് അവിടെ ആശ്രയിക്കുന്നത്. കൊ ണ്ടുപോയ പച്ചക്കറികള്‍ തിരിച്ചു കൊ ണ്ടുപോരേണ്ടി വന്ന അവസ്ഥ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളതിനാല്‍ ആ സാഹസത്തിനു സാധാരണ മുതിരാറില്ല. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് പച്ചക്കറി ലോറികള്‍ വട്ടവടയിലെത്തും. അവര്‍ കിലോയ്ക്ക് 10 രൂപ കുറച്ചാണ് നല്‍കാറ്. എന്നാലും വണ്ടിയില്‍ കയറ്റി എറണാകുളത്തു കൊണ്ടുപോകുന്ന ചെലവോര്‍ക്കുമ്പോള്‍ ഇതാണു ലാഭം.- സുഭാഷ് പറഞ്ഞു നിര്‍ത്തി. എന്നിട്ട് അദ്ദേഹം ചിരിച്ചുകൊണ്ട് മറ്റൊരുകാര്യം കൂടി പറഞ്ഞു. ഈ പച്ചക്കറി മധുരയില്‍ നിന്ന് പോകുന്നത് എങ്ങോട്ടാണെന്നറിയുമോ? നമ്മുടെ തൃശൂര്‍, എറണാകുളം ചന്തകളിലേക്ക്. നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നവ ശേഖരിച്ച് നമ്മുടെ പൊതുപച്ചക്കറി വിപണികളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത എത്രമാത്രമെന്ന് ഇതില്‍ നിന്നു മനസിലായല്ലോ. ഇവിടെ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം ലഭിച്ചാല്‍, ഉണ്ടാക്കുന്നവ സംഭരിക്കാന്‍ മില്‍മ മോഡലില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇപ്പോഴുള്ള ഉത്പാദനത്തിന്റെ ഇരട്ടി ഓരോ മേഖലയിലും വിളയിക്കാം.

വരമ്പുകള്‍ ഇടിഞ്ഞ് നികര്‍ന്ന തോട്ടില്‍ നിന്ന് കരയിലേക്കു കയറിയ വെള്ളം നീന്തിയാണ് ഞങ്ങള്‍ സുബാഷിന്റെ കൃഷിയിടത്തിലേക്കു നീങ്ങിയത്. പോകുന്ന വഴി സുബാഷ് എന്നോടു പറഞ്ഞു- ഇതുകണ്ടോ ഞങ്ങള്‍ക്ക് കൃഷിയിടത്തിലേക്കുള്ള റോഡിന്റെ ഗതിയാണ്. തോടിന്റെ വരമ്പുകള്‍ കല്ലുകെട്ടുന്ന ജോലി പകുതിക്കു നില്‍ക്കുന്നു. മലകളില്‍ നിന്നുത്ഭവിക്കുന്ന കനാലിന് ആഴം കൂട്ടാത്തതിനാല്‍ വര്‍ഷകാലത്ത് കരകവിഞ്ഞ് കൃഷിയിടങ്ങളില്‍ വെള്ളം കയറി കൃഷി നശിക്കുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ഒഴുകിയെത്താനും പ്രയാസം. ഇതു കല്ലുകെട്ടി, കൃഷിയിടങ്ങളിലേക്കെത്താന്‍ വാഹനം കയറിവരുന്ന ഒരു റോഡുമുണ്ടെങ്കില്‍ ജലസേചനവും ഭംഗിയായി നടക്കും ഉത്പാദിപ്പിക്കുന്നവ ലോറിയില്‍ കയറ്റാനും സൗകര്യമാകും. ഈ ചെളിക്കുണ്ടില്‍കൂടി പച്ചക്കറി ചാക്കില്‍കെട്ടി ഒരുകിലോമീറ്റര്‍ ദൂരം ചുമക്കണം. ഞങ്ങളുടെ കഷ്ടപ്പാട് ആരറിയാന്‍. സുഭാഷ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു- ഇവിടത്തെ ഈ ദുരിതമൊന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവിടെ കൃഷിഭവനൊന്നുമില്ലേ? അപ്പോള്‍ ഇനിക്കു ചുറ്റും കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. അവരെല്ലാവരും കൂടി പറഞ്ഞു. അക്കാര്യം ഒന്നും പറയാതിരിക്കുകയാ ഭേദം. വകുപ്പില്‍ നിന്നു പണിഷ്‌മെന്റ് കൊടുത്തു പറഞ്ഞയയ്ക്കുന്ന ഓഫീസര്‍മാരാ പലപ്പോഴും ഇവിടെയെത്തുന്നത്. അവര്‍ ഇവിടെ നന്നായി കാര്യങ്ങള്‍ ചെയ്താല്‍ ഇവിടെത്തന്നെ കഴിയേണ്ടിവരും. അതിനാല്‍ അങ്ങനെ വരുന്നവര്‍ പണിയൊന്നും ചെയ്യാതെ എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടാനാ ശ്രമിക്കുക. ഇടയ്ക്കു ചില നല്ല ഓഫീസര്‍മാര്‍ ഇവിടം ഇഷ്ടപ്പെട്ടു വരും അവരെക്കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ടാകും.

മൂന്നാറില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ചില ചിന്തകള്‍ എന്റെ മനസിലൂടെ കടന്നു പോയി. നമ്മള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നവ സംഭരിച്ച് നമ്മുടെ മാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ നമുക്കാവുന്നില്ല. നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ തമിഴ്‌നാട് എടുത്ത് അവിടെ നിന്നും നമ്മുടെ മാര്‍ക്കറ്റിലെത്തുന്നു- എന്താണ് ഇതിനൊക്കെ പറയേണ്ടത്. ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവന്‍ പരിധിയിലും എത്ര കര്‍ഷകരുണ്ട്, അവര്‍ എന്തൊക്കെ കൃഷിചെയ്യുന്നു, എത്രയാണ് ഓരോ കൃഷിഭവന്‍ പരിധിയിലേയും കാര്‍ഷിക ഉത്പാദനം- ഇതായിരുന്നു അന്വേഷണ വിഷയം. ആദ്യം ജില്ലാതല ഓഫീസുകളിലാണ് വിളിച്ചത്. കൃത്യമായ കണക്കുകള്‍ ഒരെടത്തുനിന്നും ലഭിച്ചില്ല. നിങ്ങള്‍ കൃഷിഭവനുകളോടു ചോദിക്കൂ- പല ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിച്ച മറുപടി ഇതായിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ച് കൃഷിഭവനുകളില്‍ വിളിച്ചു. അവരുടെ പക്കലും ഇത്തരം കൃത്യമായ കണക്കുകളില്ല. ഒരു കൃഷി ഓഫീസര്‍ ഒരു ബുദ്ധി ഉപദേശിച്ചു. സംസ്ഥാന വെജിറ്റബിള്‍ സെല്‍ എന്നൊരു സംഭവം തിരുവനന്തപുരത്തുണ്ട്. എന്തെങ്കിലും കണക്കുണ്ടെങ്കില്‍ അവരുടെ കൈയിലേ കാണു. ഒടുവില്‍ അവിടെ വിളിച്ചു- ഒരു കണക്കു കിട്ടി- പക്ഷെ അത്ര ആധികാരികമൊന്നുമല്ല കേട്ടോ എന്നു പതിഞ്ഞ സ്വരത്തില്‍ തന്നയാളും പറഞ്ഞു- അതാണ് കാര്യം.


ഓരോ കൃഷിഭവനുകളിലും എത്ര കര്‍ഷകരുണ്ടെന്നോ, അവര്‍ എന്തൊക്കെ കൃഷിചെയ്യുന്നെന്നോ, എത്രമാത്രം ഉത്പാദിപ്പിക്കുന്നെന്നോ ഒന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ഒരിടത്തുമില്ല.

തട്ടിക്കൂട്ടു കണക്കുകള്‍ ചിലപ്പോള്‍ കണ്ടേക്കാം. കഞ്ഞിക്കുഴിയില്‍ ആറുവര്‍ഷമായി പച്ചക്കറി കൃഷി ചെയ്യുന്ന വി.പി. സുനിലിനോടുള്‍പ്പെടെ പല കര്‍ഷകരോടും നേരിട്ട് ഒരു കാര്യമന്വേഷിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ എത്ര ഉത്പാദിപ്പിച്ചു എന്നു കണക്കെടുത്തിട്ടുണ്ടോ? ഇല്ല എന്നാ ണ് എല്ലാവരുടേയും ഉത്തരം. പിന്നെ ഇവര്‍ക്ക് ഈ കണക്ക് എവിടെനിന്നു ലഭിക്കുന്നു? ഇതൊന്നുമില്ലാതെ എന്തുകൃഷി ആസൂത്രണമാണ് നമുക്ക് നടത്താന്‍ സാധിക്കുക? ഒരു പോലീസ് സ്‌റ്റേഷനില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചാര്‍ജെടുത്താല്‍ ആദ്യം നോക്കുന്നത് അവിടത്തെ ക്രിമിനലുകളുടെ ഫോട്ടോ സഹിതമുള്ള ലിസ്റ്റല്ലേ? അതിനനുസരിച്ചല്ലേ അയാളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

ഒരു കൃഷി ഓഫീസില്‍ എത്ര കര്‍ഷകര്‍ ഉണ്ടെന്നുള്ള ലിസ്റ്റും ഫോണ്‍ നമ്പരും വേണ്ടേ? അവര്‍ എന്തൊക്കെ, എത്രമാത്രം കൃഷിചെയ്യുന്നെന്ന് അറിയേണ്ടേ? ഇവരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം നല്‍കുന്നു എന്ന് മുകളിലിരിക്കുന്നവര്‍ നോക്കേണ്ടേ? ഇതൊന്നും നമ്മുടെ കൃഷിഭവനുകള്‍ ചെയ്യാതെ എങ്ങനെ കൃഷിഓഫീസറുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങും. വാട്‌സ് ആപ്പ് ഒക്കെയുള്ള സോഷ്യല്‍ മീഡിയക്കാലത്ത് കൃഷി ഓഫീസിന് ഒരു ഗ്രൂപ്പുണ്ടാക്കിയാല്‍ പദ്ധതികളും ഉത്പാദന വിവരങ്ങളും കൃത്യമായി അന്യോന്യം അറിയാനും അറിയിക്കാ നും സാധിക്കുമല്ലോ.

എന്താണ് ഇവിടെ നടക്കുന്നത്? നല്ല കര്‍ഷകര്‍ അതും പറയുന്നു- കുറേ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യപിക്കും. അവലോകന യോഗങ്ങളില്‍ ഇതില്‍ തുക എത്രമാത്രം ചെലവാക്കി എന്നാണ് ചോദ്യം. ഇതിനായി കുറേ സ്ഥിരം കുറ്റികളുടെ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ഈ ആനുകൂല്യം എത്തിയതായുള്ള രേഖയുണ്ടാക്കും. ഇവര്‍ യഥാര്‍ഥ കര്‍ഷകരാണോ? എന്തെങ്കിലും ഇപ്പോള്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാന്‍ പോലും പല കൃഷി ഓഫീസര്‍മാര്‍ക്കും സമയമില്ല, എക്‌സ്പന്‍ഡിച്ചര്‍ കാണിക്കണമല്ലോ? അതിനായുള്ള പേപ്പറുകള്‍ക്കിടയിലാണ് ജോലിസമയം മുഴുവനും. ഇതിനിടയ്ക്ക് ചിലര്‍ പുറത്തിറങ്ങാനും കര്‍ഷകരെ കാണാനും സമയം കണ്ടെത്തുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഫീല്‍ഡില്‍ കൃഷി നടക്കുന്നത്. അല്ലാത്തെടുത്തെല്ലാം കൃഷി നടക്കുന്നത് ഫയലിലും.

ഈ രീതികള്‍ ഒന്നു മാറ്റേണ്ടേ, കൃഷി ഓഫീസര്‍മാര്‍ ഒരു ദിവസം എത്രകര്‍ഷകരെ കണ്ടു, അവരുടെ എന്തു പ്രശ്‌നം പരിഹരിച്ചു, അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെ- ഈ രീതിയില്‍ പ്രവര്‍ത്തനം മാറിയാലേ ഇതൊക്കെക്കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകൂ. കൃഷി ഓഫീസുകള്‍ കര്‍ഷകനെ അറിയണം, അവന്റെ ആവശ്യങ്ങളില്‍ ഒപ്പമുണ്ടാകണം. ഒപ്പം ഓരോ കൃഷിഭവന്‍ പരിധിയില്‍ നിന്ന് ഉണ്ടാകേണ്ട കാര്‍ഷിക ഉത്പാദനത്തിന് ഒരു ടാര്‍ജറ്റും കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കണം. പദ്ധതി വിഹിതം എത്ര ചെലവാക്കി എന്നു നോക്കുന്നതിനൊപ്പം എത്ര ഉത്പാദനം ഉണ്ടായി എന്നും നോക്കാന്‍ സംവിധാനം വേണ്ടേ? എന്റെയല്ല, മൂന്നാറിലെ ഉള്‍പ്പെടെ കര്‍ഷകരുടെ ചോദ്യമാണ്.

എഡിറ്റേഴ്‌സ് ഐ/ ടോം ജോര്‍ജ്‌