ജൈവകൃഷി ഒരു തപസ്യ, മട്ടുപ്പാവില്‍ വിളസമൃദ്ധി
ജൈവകൃഷി ഒരു തപസ്യ, മട്ടുപ്പാവില്‍ വിളസമൃദ്ധി
Saturday, August 1, 2020 3:48 PM IST
വിഷമില്ലാത്ത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ആ യജ്ഞസാക്ഷാത്കരണത്തിനാണ് ജൈവകൃഷി എന്ന ദൗത്യം ഏറ്റെടുത്തത്. അത് അക്ഷരംപ്രതി അനുവര്‍ത്തിച്ചു പോരുകയാണ് ചിറയിന്‍കീഴ് റയില്‍നിലയത്തിനു സമീപം ആതിരയിലെ അനില്‍ദേവ്. പച്ചക്കറിക്കാണ് മുന്‍ഗണനയെങ്കിലും ഒട്ടുമുക്കാല്‍ വിളകളും ഈ കൃഷിഭൂമിയിലുണ്ട്. 40 വര്‍ഷത്തെ കൃഷിപാരമ്പര്യമുള്ള ഇദ്ദേഹം കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചശേഷമാണ് ജൈവകൃഷി ഒരു തപസ്യയായി സ്വീകരിച്ചത്. മട്ടുപ്പാവിലാണ് പച്ചക്കറി കൃഷി. പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡുകളില്‍ ഗ്രോബാഗുകള്‍ നിരത്തിയാണ് കൃഷിചെയ്തിരിക്കുന്നത്. തക്കാളി, വഴുതന, പാവല്‍, പടവലം, മുളക്, മല്ലിയില, വെണ്ട, പയര്‍, ചീര, കുറ്റിപ്പയര്‍, മത്തന്‍, വാളരി, വെള്ളരി, പാലക്, കുമ്പളം, നിത്യവഴുതന, കൂര്‍ക്ക, കോവല്‍ എന്നിവ തഴച്ചു വളരുന്നു.

സ്വന്തമായും പാട്ടത്തിനും രണ്ടേക്കര്‍ സ്ഥലത്ത് വാഴ ഇനങ്ങളായ നേന്ത്രന്‍, കപ്പ, പടത്തി, പാളയന്‍കോടന്‍, റോബസ്റ്റ, ഞാലിപ്പൂവന്‍, പൂവന്‍, ചങ്ങാലികോടന്‍ എന്നിവയാണുള്ളത്. കിഴങ്ങുവര്‍ഗ വിളകളായി 400 മൂട് ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നു. ഇതിനുപുറമേ ഇഞ്ചി, മഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, മരച്ചീനി, കരിമ്പ്, പാഷന്‍ഫ്രൂട്ട്, പപ്പയ, അഗത്തി, കുരുമുളക്, കുറ്റികുരുമുളക് എന്നിവയും ഈ പുരയിടത്തിലുണ്ട്. ഇവിടെ ബഹുവിള സമ്പ്രദായം എന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സമുദ്രോത്പന്ന വികസന അഥോറിറ്റിയില്‍ നിന്നു വിരമിച്ചെങ്കിലും മത്സ്യത്തെ ഉപേക്ഷിച്ചിട്ടില്ല. ഗിഫ്റ്റ് തിലാപ്പിയയാണ് വളര്‍ ത്തുന്നത്. അസോളയും, കോഴിയും കൂടെയുണ്ട്. പുഷ്പകൃഷിയും ഒഴിവാക്കിയിട്ടില്ല.ആന്തൂറിയം, ഫെലനോപ്‌സിസ്, അഡീന,ചെമ്പരത്തി, തെച്ചി, മുല്ല,റോസ് എന്നിവയാണ് ഇക്കുട്ടത്തിലുള്ളത്.
ഫലവൃക്ഷങ്ങളായി പ്ലാവ്, മാവിന്റെ വിവിധ ഇനങ്ങള്‍, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ചെമ്പടാക്, ദുരിയന്‍, അവക്കാഡോ, ഓറഞ്ച്, ചൈനീസ് ഓറഞ്ച്,നാരകം, മുസമ്പി, ബബ്‌ളിമാസ്, ജാതി, പുളി, കുടംപുളി, മാതളം, കശുമാവ്, മില്‍ക്ഫ്രൂട്ട്, ആത്ത, മുള്ളാത്ത, സപ്പോട്ട, ചെറി, പുളിഞ്ചി, ബെര്‍ആപ്പിള്‍, ജാമ്പ, പേര, നെല്ലി എന്നിവയും ഈ പുരയിടത്തിലുണ്ട്. സ്വന്തമായി ജൈവവളവും തയാറാക്കുന്നുണ്ട്. ഹൃദയാമൃതം, അമൃതപാനി, വെര്‍മിവാഷ്, മുട്ടമിശ്രിതം, പഞ്ചഗവ്യം, ജീവാമൃതം എന്നിവ ആവശ്യാനുസരണം തയാറാക്കി ഉപയോഗിക്കുന്നുണ്ട്.

ജീവാമൃതം തയാറാക്കുന്നത്

ജീവാമൃതം തയാറാക്കുന്നതിന് ചാണകം, ഗോമൂത്രം,ശര്‍ക്കര, പയര്‍പൊടി, വളാംശമുള്ള മണ്ണ് എന്നിവയാണ് ആവശ്യമുള്ളത്. ഒരു കുട്ടച്ചാണകം ആറുലിറ്റര്‍ ഗോമൂത്രത്തില്‍ ലയിപ്പിച്ചശേഷം രണ്ടു കിലോഗ്രാം വീതം ശര്‍ക്കരയും പയര്‍പൊടിയും ചേര്‍ക്കും. ഇതില്‍ ഒരു പിടി മണ്ണുകുടി ഇട്ടു കൊടുക്കണം. പിന്നീട് 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. നാലു ദിവസം മൂന്നു നേരം വീതം ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കണം. അതിനുശേഷം ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുകയാണ് അനില്‍ദേവ് ചെയ്യുന്നത്.


ഒരേക്കറില്‍ നെല്‍കൃഷി ജൈവരീതിയിലാണ് ചെയ്യുന്നത്. ഇതിനു പ്രധാനമായും ചകരിച്ചോര്‍ കമ്പോസ്റ്റാണ് ഉപയോഗിക്കുന്നത്. ഇതും സ്വന്തമായാണ് തയാറാക്കുന്നത്. ഒരു ലോഡ് വീതം ചകിരിച്ചോറും ചാണകവും ഒരു പിക്അപ് വാന്‍ വീതം കോഴിയുടെയും ആടിന്റെയും കാ ഷ്ഠം, 200 കിലോഗ്രാം റോക്‌ഫോസ്‌ഫേറ്റ്, നാലു കിലോഗ്രാം വീതം ജീവാണുമിശ്രിതം, കറുത്തശര്‍ക്കര എന്നിവയാണ് ആവശ്യമായി വരുന്നത്. ഇവ പ്രത്യേക അനുപാതത്തില്‍ ഒന്നിനുമീതെ ഒന്നായി നിരത്തി ആവശ്യാനുസരണം വെള്ളമൊഴിച്ചു കൊടുക്കണം. 40 - 50 ദിവസമാകുമ്പോള്‍ സമ്പൂര്‍ണ ജൈവവളം തയാറാകും. ജൈവകീടനാശിനികളും സ്വന്തമായി തന്നെയാണ് തയാറാക്കുന്നത്. വേപ്പെ ണ്ണ എമല്‍ഷന്‍, നാറ്റപ്പൂച്ചെടി എമല്‍ ഷന്‍, കഞ്ഞിവെള്ളം, ചാണകപ്പാല്‍ എന്നവയാണ് കീടങ്ങളെ അകറ്റാനുപയോഗിക്കുന്നത്.

ഉറുമ്പിനെ തുരത്താന്‍

ഉറുമ്പിനെ തുരത്താന്‍ ചെറുവിദ്യയും അനില്‍ദേവ് പരീക്ഷിക്കുന്നുണ്ട്. ചാരം, കറിയുപ്പ്, കുമ്മായം ഇവ സമം ചേര്‍ത്ത് ഉറുമ്പു വരുന്ന ഭാഗത്തു വിതറിയാല്‍ ശല്യം മാറിക്കിട്ടും.

മാരക രോഗങ്ങള്‍ക്ക് ഒരു പരിധിവരെ കാരണം വിഷമയമായ പച്ചക്കറികളാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതൊഴിവാക്കാനും ആരോഗ്യമുള്ള ഒരു സംസ്‌കാരം ശീലമാക്കാനുമാണ് ജൈവകൃഷി പ്രോ ത്സാഹിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ബോധവത്കരണവും നടത്തുന്നുണ്ട്. ഈ മാതൃകാ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നു പ്രതീക്ഷിക്കാം.

അമൃതപാനി തയാറാക്കുന്നത്

ചാണകം, ഗോമൂത്രം, ശര്‍ക്കര എന്നിവ ലയിപ്പിച്ചാണ് അമൃതപാനി തയാറാക്കുന്നത്. ഒരു കിലോഗ്രാം ചാണകം, ഒരു ലിറ്റര്‍ ഗോമൂത്രം, 50 ഗ്രാം ശര്‍ക്കര എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചാണിതു തയാറാക്കുന്നത്. ഈ മിശ്രിതം പത്തിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികള്‍ക്കു നല്‍കും.
അനില്‍ദേവ് : 9446040354

ഡോ.എന്‍.ജി.ബാലചന്ദ്രനാഥ്
സെക്രട്ടറി, ഫാം ജേര്‍ണലിസ്റ്റ് ഫോറം, തിരുവനന്തപുരം