സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍ ജോഷി ആന്റണിയുടെ അഞ്ചേക്കര്‍ മാതൃകാ കൃഷിത്തോട്ടം.

മണ്ണൊരുക്കി കൃഷി

കൃഷിയുടെ അടിസ്ഥാനങ്ങളില്‍ പ്രധാനം ഫലപുഷ്ടമായ മേല്‍മണ്ണാണ്. അതൊരു തുള്ളിപോലും കളയാതെ വേണം കൃഷിക്കിറങ്ങാന്‍. മണ്ണു നഷ്ടമാകാതിരിക്കാന്‍ കയ്യാല നിര്‍മാണം, പുതയിടല്‍, ആവരണ വിളകളുടെ പരിപാലനം മണ്ണിന് പരമാവധി കുറച്ചു മുറിവു വരുത്തിയുള്ള കൃഷിപ്പണികള്‍ ഇവയാണ് വേണ്ടതെന്നു ജോഷി പറയുന്നു. മണ്ണുപരിശോധന വേണം. പുളിപ്പു കുറയ്ക്കാന്‍ കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് നല്‍കണം. പുളിപ്പുള്ള മണ്ണില്‍ എന്തുവളം ചെയ്തിട്ടും കാര്യമില്ല, കാശുകളയാമെന്നു മാത്രം. മണ്ണറിഞ്ഞ്, വിപണിയറിഞ്ഞ്, മണ്ണിനും വിപണിക്കുമിണങ്ങിയ വിളകളാണു തെരഞ്ഞെടുക്കേണ്ടത്. വിറ്റുപോകുമെന്നു യാതൊര് ഉറപ്പുമില്ലാത്ത വിളകള്‍ കൃഷിചെയ്തിട്ട് എന്താണു ഗുണം. തെങ്ങ്, ജാതി, കവുങ്ങ്, വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ക്കാണ് ജോഷി മുന്‍ഗണന നല്‍കിയിട്ടുള്ളത്. നാണ്യവിളയായ റബര്‍ പേരിനു മാത്രം.

ഭക്ഷ്യവിളകള്‍ക്കു മുന്‍ഗണന

രണ്ടേക്കര്‍ കൃഷിഭൂമി റമ്പൂട്ടാനായി മാറ്റിവച്ചിരിക്കുന്നു. വിപണി സാധ്യതയുള്ള ഇനങ്ങളുടെ തെരഞ്ഞെടുക്കല്‍, കൃത്യമായ കൃഷിമുറകള്‍, ശരിക്കുള്ള വിപണികണ്ടെത്തല്‍ എന്നിവ നടത്തിയാല്‍ റമ്പൂട്ടാന്‍ വിശ്വസിക്കാവുന്ന വിളയാണെന്ന് ജോഷിയുടെ പക്ഷം. പൈനാപ്പിള്‍, അവക്കാഡോ, വെല്‍ വെറ്റ് ആപ്പിള്‍, വിവിധയിനം ചാമ്പകള്‍, പേരകള്‍, മുള്ളാത്ത, നാരകത്തിന്റെ വിവിധ തരങ്ങള്‍, മാംഗോസ്റ്റീന്‍, പാഷന്‍ ഫ്രൂട്ടിനങ്ങള്‍, മാവിനങ്ങളുടെ വ്യത്യസ്തങ്ങളായ ശേഖരം എന്നിവയെല്ലാം ഈ മാതൃകാ കൃഷിയിടത്തെ മനോഹരമാക്കുന്നു. ഇവയുടെ ഫലങ്ങള്‍ക്കെല്ലാം വിപണി കണ്ടെത്തുന്നതില്‍ ജോഷിയിലെ കൃഷിക്കാരന്‍ വിജയിക്കുന്നുവെന്നതാണ് ഈ സമ്മിശ്ര കൃഷിയുടെ വിജയമന്ത്രങ്ങളില്‍ പ്രധാനം.

സാന്തോള്‍ എന്ന സാന്ത്വനം

കേരളത്തില്‍ പരിചയപ്പെട്ടുവരുന്ന മറുനാടന്‍ പഴവൃക്ഷം ''സാന്തോള്‍'' ശരിക്കുപയോഗിച്ചാല്‍ കര്‍ഷകനൊരു സാന്ത്വനമാകുമെന്ന് ജോഷി പറയുന്നു. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഈ നിത്യഹരിതവൃക്ഷം കേരളത്തിന്റെ സാഹചര്യത്തില്‍ നന്നായി വളരും. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള പ്രദേശം നടീലിനായി തെരഞ്ഞെടുക്കണം. വേനല്‍കാലമാണ് സാന്തോളിന് പൂക്കാലം. ശാഖകളില്‍ ചെറുകുലകളായാണ് പൂക്കള്‍ പിടിക്കുക. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിളവെടുപ്പിനു പാകമാകും. മധുരവും പുളിയും ചേര്‍ന്ന രുചിയാണ് പഴങ്ങള്‍ക്ക്. കേരളീയര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും. മികച്ച വിലയുമുറപ്പ്.

പച്ചക്കറികള്‍ക്ക് നല്ലകാലം

വിഷരഹിത നാടന്‍ പച്ചക്കറിവിളകള്‍ക്ക് നല്ലകാലമെന്ന് ജോഷി പറയും. ജോഷിയുടെ കൃഷിയിടത്തില്‍ പാവല്‍, കോവല്‍, പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയ്‌ക്കെല്ലാം ആവശ്യത്തിന് ഇടംനല്‍കിയിരിക്കുന്നു. നാട്ടുകാര്‍ വീട്ടിലെത്തി വാങ്ങുന്നതാണു പതിവ്.


കൂവയെ കൂടെ കൂട്ടാം

നമ്മില്‍ ചിലരെങ്കിലും കാര്യമാക്കാതെ പറമ്പിന്റെ മൂലയ്ക്ക് ഒതുക്കുന്ന വിളയാണ് കൂവ. ഔഷധഗുണമുള്ള കൂവപ്പൊടിക്ക് ആവശ്യക്കാരേറെയാണ്. നാട്ടിലുണ്ടാക്കുന്ന, വിശ്വസിച്ച് വാങ്ങാവുന്നവയ്ക്ക് പ്രിയമേറെ. കൂവപ്പൊടിക്ക് കിലോഗ്രാമിന് 1300 രൂപയുണ്ട്. 250, 500 ഗ്രാം പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതാണ് ജോഷിയുടെ ശീലം. താത്പര്യമുള്ള കര്‍ഷകര്‍ക്ക് കൂവപ്പൊടിയുടെ നിര്‍മാണ രീതികള്‍ പകരാന്‍ ജോഷി ഒരുക്കവുമാണ്.


പറമ്പിലാകെ കുളങ്ങള്‍

കുളങ്ങളുടെ മേളമാണ് ചെങ്ങളം കുഴിക്കൊമ്പില്‍ തോട്ടത്തില്‍. സ്വാഭാവിക കുളങ്ങള്‍, ശാസ്ത്രീയമായി നിര്‍മിച്ച പടുതാക്കുളങ്ങള്‍ എന്നിങ്ങനെ ആറെണ്ണം. എല്ലാറ്റിലും മീന്‍ വളര്‍ത്തുന്നു. ജയന്റ്ഗൗരാമി മീന്‍ പ്രജനനം കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന വരുമാന മാര്‍ഗമാണ്.

പശുവില്ലാതെ കൃഷിയില്ല

ചെങ്ങളം കുഴിക്കൊമ്പിലെ കൃഷിത്തോട്ടത്തില്‍ നാലു പശുക്കളാണുള്ളത്. മികച്ച ഉത്പാദന ശേഷിയുള്ളവയാണിവ. കന്നുകാലിത്തൊഴുത്തിന്റെ നിര്‍മാണ രീതിയിലും ഒരു ''ജോഷിയന്‍ ടച്ച്'' കാണാം. കന്നുകാലി മൂത്രവും ചാണകത്തിലെ ജലാംശവും ബയോഗ്യാസ് പ്ലാന്റിലേക്ക് ഒഴുകിയെത്തുന്ന വിധമാണ് തൊഴുത്ത് നിര്‍മിച്ചിരിക്കുന്നത്. പശുക്കള്‍ക്കു പറമ്പിലെ പുല്ലിനൊപ്പം കൈത്തീറ്റയുമാകുമ്പോള്‍ കാര്യങ്ങള്‍ ഓടിച്ചു പോകാമെന്ന് ജോഷിയുടെ നല്ലപാതി ജെസി ജോഷി പറയുന്നു.

കാണണം ഈ ആട്ടിന്‍കൂട്

ജോഷി-ജെസി ദമ്പതികള്‍ സ്വന്തമായി രൂപകല്പന ചെയ്ത ആട്ടിന്‍കൂടില്‍ 10 ആടുകളാണ് നിലവിലുള്ളത്. അത്യുത്പാദന ശേഷിയുള്ള ജമ്‌നാപ്യാരി, മലബാറി സങ്കരയിനങ്ങളാണിവിടെയുള്ളത്. മികച്ച ഉത്പാദനവും പ്രതിരോധ ശേഷിയും ഈയിനങ്ങള്‍ ഉറപ്പു നല്‍കുന്നു. ആട്ടിന്‍പാല്‍ കുട്ടികള്‍ കുടിച്ച് ബാക്കിയുള്ളവ ഔഷധാവശ്യങ്ങള്‍ക്ക് മികച്ച വിലയ്ക്കാണു വില്‍ക്കുന്നത്.

ജോഷിയുടെ കൃഷിയിടം ഇന്ന് കൃഷിവകുപ്പിന്റെ മാതൃകാ പ്രദര്‍ശന തോട്ടം കൂടിയാണ്. വെറുതെ പറയുന്നതല്ല.കാണേണ്ടതാണ് ഈ കൃഷിയിടം.ജോഷിക്കൊപ്പം ഭാര്യ ജെസി, മക്കളായ ജോണ്‍പോള്‍, ഏഞ്ചലലിസ് ബത്ത് എന്നിവരുടെ രാപകലില്ലാത്ത അധ്വാനം, ശ്രദ്ധ, കൂട്ടായ്മ എന്നിവയില്‍ കൂടിയാണ് കൃഷി മുന്നോട്ടു പോകുന്നത്. ജോഷിമാത്യു - ഫോണ്‍: 9447764706

എ.ജെ.അലക്‌സ്‌റോയ്
അസി.കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം