ഇത് ചിക്കുവിന്‍റെ (ജീവി) ലോകം: ഇവിടുണ്ട് "സിനിമാ താരങ്ങള്‍'
ഇത് ചിക്കുവിന്‍റെ (ജീവി) ലോകം: ഇവിടുണ്ട് "സിനിമാ താരങ്ങള്‍'
Wednesday, November 24, 2021 2:37 PM IST
താരപ്പൊലിമയാണു നന്ദന ഫാമിനെ വ്യത്യസ്തമാക്കുന്നത്. ആദി ശങ്കര്‍, ഗരുഡ്, അപ്പു തുടങ്ങിയ സിനിമാ താരങ്ങളെ കാണാനാണ് ഇവിടേക്കു സന്ദര്‍ശകരെത്തുന്നത്. 'ചാര്‍ളി' എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രത്യക്ഷപ്പെട്ട കുതിരയാണ് ആദിശങ്കര്‍. പോണി കുതിരയായ ഗരുഡ് 'റോമന്‍സ്' എന്ന ചിത്രത്തിലുടെയും അപ്പു 'ബാഹുബലി'യിലൂടെയും വെള്ളിത്തിരയിലെ താരങ്ങളായവര്‍.

രാജസ്ഥാനില്‍ നിന്നാണു വെള്ള ഒട്ടകമായ അപ്പുവിനെ കൊണ്ടുവന്നത്. കാലാവസ്ഥയുമായി ഇണങ്ങാന്‍ കുറച്ചുനാള്‍ തിരുവനന്തപുരത്ത് പരിശീലകനൊപ്പം താമസിപ്പിച്ചു. അതിനു ശേഷമാണു ഫാമിലേക്കു കൊണ്ടുവന്നത്. ജീവനാണു ചിക്കുവിനു തന്റെ വളര്‍ത്തുമൃഗങ്ങളെ. പക്ഷി മൃഗാദികളുടെ കൂട്ടില്‍ തീറ്റ വച്ചിട്ട് ചിക്കു അവയെ സ്‌നേഹത്തോടെ വിളിക്കും 'വാ മോനേ വന്നു കഴിക്ക്...' മനുഷ്യരുടെ പേരാണു മൃഗങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്.

അപ്പു, അക്കു എന്നിങ്ങനെ. അപ്പു ഒട്ടകമാണ്, അക്കു ചെമ്മരിയാടും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സഹജീവനത്തിന്റെയും മികച്ച മാതൃകയാണ് പത്തനംതിട്ട അടൂരിനു സമീപം തട്ടയിലുള്ള ചിക്കുവിന്റെ നന്ദന ഫാം. ഫാമിനോടു ചേര്‍ന്നു തന്നെയാണ് ചിക്കുവും കുടുംബവും താമസിക്കുന്ന നൂറു വര്‍ഷത്തോളം പഴക്കമുള്ള നാലുകെട്ടും.

ഗിനിപ്പന്നി മുതല്‍ ഒട്ടകം വരെ

ഗിനിപ്പന്നി മുതല്‍ ഒട്ടകം വരെ നീളുന്ന മൃഗങ്ങളുടെ നിരയാണു നന്ദന ഫാമില്‍. രാവിലെ എഴുന്നേറ്റാലുടന്‍ മൃഗങ്ങള്‍ക്കരികില്‍ ചിക്കുവെത്തും. പിന്നെ അവര്‍ക്ക് പാട്ടുവച്ചു കൊടുക്കും. കൂടുകള്‍ക്കു സമീപത്ത് ഇതിനായി സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഒഴുകിയെത്തുന്ന സംഗീതം മൃഗസഞ്ചയം കാതോര്‍ത്തു നിന്നു കേള്‍ക്കും. ഫാമില്‍ മൃഗങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ലഭിക്കുന്ന മാനസികോല്ലാസം വലുതാണെന്ന് ചിക്കു പറയുന്നു.

പേര്‍ഷ്യന്‍ ക്യാറ്റ്, കഴുത, ഫാന്‍സി കോഴി, ടര്‍ക്കിക്കോഴി, ഗിനിക്കോഴി, വെള്ളക്കാട, എമു, മണിത്താറാവ്, ബഡ്ജീസ് (ലവ് ബേര്‍ഡ്‌സ്), കുരുവി വര്‍ഗത്തില്‍പെട്ട ഫിഞ്ചെസ്, ഫാന്റെയില്‍ പ്രാവുകള്‍, വെള്ള എലിയോടു രൂപ സാദൃശ്യമുള്ള മംഗോളിയന്‍ ഗര്‍ബിലുകള്‍ അങ്ങനെ പോകുന്നു നന്ദന ഫാമിലെ മറ്റു അന്തേവാസികളുടെ നിര. കൂടുതല്‍ മൃഗങ്ങളെ കൊണ്ടുവരാനും ഫാം വികസിപ്പിക്കാ നും ചിക്കുവിനു പദ്ധതിയുണ്ട്. മീന്‍കുളം, ചില്‍ഡ്രന്‍സ് റൈഡുകള്‍, കോഫി ഷോപ്പ് എന്നിവയും ഫാമിനോടു ചേര്‍ന്നൊരുക്കാനും പദ്ധതിയുണ്ട്.

പ്രതിദിനം തീറ്റയ്ക്ക് 2,500 രൂപ !

വേപ്പിലയാണ് ഒട്ടകത്തിന്‍റെ മുഖ്യഭക്ഷണം. കൂടാതെ ചോളപ്പോടി, ഫ്‌ളേക്‌സ്, കടല തവിടില്‍ കുഴച്ചത് എന്നിവയും നല്‍കും. ഇതില്‍ വേപ്പില ഒഴികെയുള്ളവ കുതിരയ്ക്കും നല്‍കും.

ഒട്ടകത്തിന്‍റെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യ മുള്ളതായി ചിക്കു പറയുന്നു. എപ്പോഴും മണ്ണില്‍ കിടക്കുന്ന തിനാല്‍ ചര്‍മരോഗങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. മഴ അധികം നനയാനും പാടില്ല. ദിവസവും 2,500 രൂപയിലേറെ വേണം പക്ഷിമൃഗാദികളുടെ തീറ്റയ്ക്ക്. ജീവനക്കാരുടെ ചെലവു വേറെ. 20 ലക്ഷം രൂപയിലേറെ ഫാമിനായി മുടക്കിയിട്ടുണ്ടെങ്കിലും ഇവിടെ നിന്നു കാര്യമായ വരുമാനമൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ല. സ്വന്തം ട്രാവല്‍ ബിസിനസില്‍ നിന്നു ലഭിക്കുന്ന പണമുപയോഗിച്ചാണ് ഈ ഫാം ചിക്കു നടത്തിക്കൊണ്ടു പോകുന്നത്.


നന്ദന ട്രാവല്‍സ് എന്ന സംരംഭം

മൃഗങ്ങളോടു മാത്രമല്ല വണ്ടികളോടുമുണ്ട് ചിക്കുവിന് കമ്പം. നിലവില്‍ ആറു ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. ഇതാണു പ്രധാന വരുമാന സ്രോതസും. വാഹനപ്രിയനായ മകന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അച്ഛന്‍ വിരമിച്ചപ്പോള്‍ ഒരു ടെമ്പോ ട്രാവലര്‍ വാങ്ങി നല്‍കി. അന്നു ചിക്കു ഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു വണ്ടിയില്‍ തുടങ്ങിയ ചിക്കു കാലക്രമേണ അഞ്ചു വണ്ടികള്‍ കൂടി സ്വന്തമാക്കി. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ചിക്കു കുറെക്കാലം ദുബായില്‍ ജോലി നോക്കി. അപ്പോഴും മനസിവിടെ മൃഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമൊപ്പമായിരുന്നു. വൈകാതെ ജോലി മതിയാക്കി തിരികെ നാട്ടിലെത്തി. ട്രാവല്‍ ബിസിനസില്‍ തന്നെ സജീവമായി. ഫാം തുടങ്ങിയിട്ടു മൂന്നു വര്‍ഷത്തോളമായി.


കാളവണ്ടി വാങ്ങാന്‍ പോയി, ഫാം തുടങ്ങി

ഇരുപതാം വയസില്‍ കാളവണ്ടി വാങ്ങാനായി തിരുവല്ലയില്‍ എത്തി. എന്നാല്‍ കിട്ടിയത് കുതിരവണ്ടി!. തുടര്‍ന്ന് ആ വണ്ടിയില്‍ കെട്ടാനായി കുതിരകളെ വാങ്ങി. പിന്നീട് പല പല കുതിരകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. അപ്പോഴാണ് ഫാം എന്ന ആശയം മനസിലു ദിക്കുന്നത്. പിന്നീട് മറ്റു മൃഗങ്ങളെയും പക്ഷികളെയും ഒക്കെ കൊണ്ടുവന്നു.

ഓട്ടോ കിളിക്കൂട്

ലൗ ബേഡ്‌സിനായി റിക്ഷാക്കൂടാണു ചിക്കു ഒരുക്കി യിരിക്കുന്നത്. സിസി കുടിശിക കയറി ഉടമ വഴിയില്‍ ഉപേക്ഷിച്ചുപോയ ഡീസല്‍ ഓട്ടോ, കടം തീര്‍ത്തു സ്വന്തമാക്കി രൂപമാറ്റം വരുത്തിയാണ് കിളിക്കൂടാക്കിയത്.

നിലാപ്പൊങ്കലായേലോ...കാളവണ്ടിയും

'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തില്‍ മാണിക്യനായി ആരാധകഹൃദയം കീഴടക്കിയ മോഹന്‍ലാല്‍ ഓടിച്ച കാളവണ്ടിയാണു ഫാമിലെ മറ്റൊരാകര്‍ഷണം. സിനിമാ കണ്ടിറങ്ങിയ ചിക്കുവിന്റെ മനസില്‍ ആ കാളവണ്ടി അന്നേ സവാരി തുടങ്ങിയിരുന്നു. പിന്നെ അമാന്തിച്ചില്ല, മോഹവില(ഒന്നര ലക്ഷം രൂപ) കൊടുത്ത് സ്വന്തമാക്കി. ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് എല്ലാ വര്‍ഷവും ഈ കാളവണ്ടിയും പങ്കെടുക്കുന്നു.

ഫാം തുടങ്ങും മുമ്പ്

അര്‍പ്പണബോധവും മൃഗങ്ങളോടു താത്പര്യവും ഉണ്ടെങ്കില്‍ ഫാം ബിസിനസ് ഒരിക്കലും നഷ്ടമാവില്ലെന്ന് ചിക്കു പറയുന്നു. തൊഴിലാളികളോടൊപ്പമിറങ്ങി പണിയെടുക്കാനും ഉടമ തയാറായിരിക്കണം. അവര്‍ വരാത്ത ദിവസങ്ങളില്‍ കൂടു വൃത്തിയാക്കുകയും മൃഗങ്ങളെ കുളിപ്പിക്കുകയുമൊക്കെ വേണം. കൃത്യ സമയത്ത് തീറ്റ കൊടുക്കണം. അല്ലെങ്കില്‍ ദഹനക്കേടു ണ്ടാകും. കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

ഒരു മൃഗത്തെ വാങ്ങുന്നതിനു മുമ്പു അതിനെക്കുറിച്ച് നന്നായി പഠിക്കണം. അതിന്റെ ജീവിതരീതി, ബാധിക്കാവുന്ന രോഗങ്ങള്‍, പരിപാലന ചെലവ് എല്ലാം അല്‍പം മനസിരുത്തി തന്നെ മനസിലാക്കണം.

ഇതിനൊപ്പം അല്‍പം നാട്ടുവൈദ്യം കൂടി അറിഞ്ഞി രുന്നാല്‍ എപ്പോഴും മൃഗഡോക്ടറെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ചിക്കു പറയുന്നു. ഉദാഹരണമായി കുളമ്പു രോഗത്തിനു തുരിശും ചുണ്ണാമ്പും കൂടി ചേര്‍ത്ത് രോഗം വന്ന കുളമ്പിനകത്തു വച്ചാല്‍ മതി, പെട്ടെന്നു നീരു വലിയും. ചര്‍മ രോഗങ്ങള്‍ക്കു പൊട്ടാസ്യം പെര്‍മാഗനേറ്റ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചുതേയ്ക്കും. ഇതൊക്കെ പരീക്ഷിച്ചു വിജയിച്ച നാട്ടറിവുകളാണ്- ചിക്കു പറയുന്നു.

പൂര്‍വീകരുടെ പാതയില്‍ കൃഷിയിലും

പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് ചിക്കുവിന്റെ ജനനം. മുത്തശന്മാരുടെ കാലം മുതലേ തറവാട്ടില്‍ കൃഷിയും കാളകളും വണ്ടികളുമൊക്കെയുണ്ടായുരുന്നു. അച്ഛന്‍ അധ്യാപകനായിരുന്നുവെങ്കിലും കൃഷിക്കും സമയം കണ്ടെത്തി.

ആ പാത ചെറിയ തോതിലെങ്കിലും ചിക്കുവും പിന്തുടരുന്നു. രണ്ടേക്കറില്‍ നെല്‍കൃഷിയും തെങ്ങിന്‍ തോപ്പുമുണ്ട്. കൂടാതെ 65 സെന്റില്‍ ഇഞ്ചി, കപ്പ, വാഴ, ചേന, കാച്ചില്‍ തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. രണ്ടര ഏക്കറില്‍ റബറുമുണ്ട്. വാഹനങ്ങള്‍ക്കും പക്ഷിമൃഗാദി കള്‍ക്കുമൊപ്പം പായുന്ന ചിക്കുവിന്റെ മനസ് മണ്ണില്‍ കൂടുതല്‍ ഉറയ്ക്കുന്നത് ഈ കാര്‍ഷികവൃത്തിയിലൂടെയാണ്. ഫോണ്‍: ചിക്കു- 8547064687

രജീഷ് നിരഞ്ജന്‍