കരുതിയിരിക്കണം കരിമ്പനിയേയും
കരുതിയിരിക്കണം കരിമ്പനിയേയും
ആരോഗ്യസൂചികയില്‍ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തില്‍ നിന്ന് അടുത്തനാളുകളില്‍ നിരവധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്തെയാകമാനം വിറപ്പിച്ച കൊറോണ, നിപ്പ, ബ്ലാക്ക് ഫംഗസ്, കരിമ്പനി എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്.

പാടത്തും പറമ്പിലും പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് ഇവയെക്കുറിച്ച് അവബോധമുണ്ടാകണം. ഇതില്‍ നമ്മള്‍ അധികം ചര്‍ച്ചചെയ്യാത്ത കരിമ്പനിയെക്കുറിച്ച് ഒന്നു പരിശോധിക്കാം. വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്.

എന്താണു കരിമ്പനി ?

'ലീഷ്മാനിയ' എന്ന പരാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് കരിമ്പനി അഥവാ കാലാ അസാര്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍, ശരീരം കറുത്ത നിറമാകുന്നതിനാലാണ് രോഗത്തിന് 'കരിമ്പനി'യെന്ന പേരുവന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം പ്രതിവര്‍ഷം രണ്ടുലക്ഷത്തിലധികം ആളുകളെ ഈ രോഗം ബാധിക്കുന്നു. അറുപതിനായിരത്തിലധികം ആളുകളാണ് ഇതുമൂലം മരിക്കുന്നത്.

ഇന്ത്യയില്‍ പശ്ചിമബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കേരളത്തില്‍ കൊല്ലം, മലപ്പുറം ജില്ലകളില്‍ മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഒരു വയോധികനില്‍ ഈയിടെ രോഗം സ്ഥിരീകരിക്കുകയുണ്ടായി.

രോഗപ്പകര്‍ച്ച

കൊതുകുകളുടെ മുന്നിലൊന്നു വലിപ്പമുള്ള ഫ്‌ളിബോട്ടോമസ് ഇനത്തില്‍പ്പെട്ട പെണ്‍മണലീച്ചകള്‍ കടിക്കുന്നതിലൂടെയാണു രോഗം പകരുന്നത്. മനുഷ്യനുള്‍പ്പെടെ ഏകദേശം എഴുപതോളം മൃഗങ്ങള്‍ ഈ രോഗാണുവിന്‍റെ സ്വഭാവിക വാഹകരായേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പൂച്ച, കുറുക്കന്‍, കാട്ടുമുയലുകള്‍ തുടങ്ങിയ മൃഗങ്ങളില്‍ രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും നായ്ക്കളിലാണ് പ്രധാനമായും ഇവയെ കാണുക.

രോഗബാധിതരും രോഗാണുവാഹകരുമായ ഇത്തരം മൃഗങ്ങളില്‍ നിന്ന് രക്തപാനം നടത്തുന്നതുവഴി രോഗാണു മണലീച്ചകളിലെത്തും. ഇവ മനുഷ്യരെ കടിക്കുമ്പോള്‍ മനുഷ്യരിലേക്ക് രോഗം പകരുകയും ചെയ്യും. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് നേരിട്ട് രോഗം പകരില്ലെങ്കിലും രോഗബാധിതയായ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്കു രോഗം പകരും. അണുവിമുക്തമാക്കാത്ത ഇഞ്ചക്ഷന്‍ സൂചികള്‍ പങ്കുവയ്ക്കുന്നതിലൂടെയും രോഗപ്പകര്‍ച്ച സംഭവിക്കാം.

വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലെ ഈര്‍പ്പ കൂടുതലുള്ള കല്ലുകള്‍ക്കിടയിലാണ് മണലീച്ചകള്‍ മുട്ടയിട്ടു പെരുകുന്നത്. അതിനാല്‍ വനമേഖലയോടു ചേര്‍ന്നുള്ള അകവശം പൂശാ ത്ത വീടുകളുടെ ചുവരുകളില്‍ ഇവയെ ധാരാളം കാണാം. വ്യാപകമായ വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും തെറ്റായ മാലിന്യസംസ്‌കരണ രീതിയുമെല്ലാം ഈ പ്രാണികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു.

മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോള്‍ മണലീച്ചകള്‍ പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൃത്തിഹീനമായ ചേരിപ്രദേശങ്ങളില്‍ രോഗസാധ്യത കൂടുതലാണ്. രോഗബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും അവിടം സന്ദര്‍ശിക്കുന്നവര്‍ക്കും രോഗം വരാനുള്ള സാധ്യതയേറെയാണ്. സാഹസിക യാത്രികര്‍, പക്ഷിനിരീക്ഷകര്‍, ഇക്കോ ടൂറിസ്റ്റുകള്‍, വനഗവേഷകര്‍ തുടങ്ങിയവര്‍ക്കും രോഗം പിടിപെട്ടേക്കാം.

രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 60 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞേ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ. കരിമ്പനി പ്രധാനമായും രണ്ടു രീതിയിലാണുള്ളത്.

* ഗൗരവമേറിയത്

ഗൗരവമേറിയതും ആന്തരീകാവയവങ്ങളെ ബാധിക്കുന്നതുമായ വിസറല്‍ ലീഷ്മാനിയോസിസ് അഥവാ കാലാ അസാര്‍ ആണ് ഒന്നാമത്തെ രൂപം. വിട്ടുമാറാത്ത പനി, രക്തക്കുറവ്, കരളിലും പ്ലീഹയ്ക്കും വീക്കം, ശരീരഭാരം കുറയുക എന്നിവയാണ് ലക്ഷണങ്ങള്‍.


* ചര്‍മ്മത്തെ ബാധിക്കുന്നത്

ചര്‍മ്മത്തെ മാത്രം ബാധിക്കുന്ന ക്യുട്ടേനിയസ് ലീഷ്മാനിയോസിസാണു മറ്റൊരു രൂപം. കണ്ടാല്‍ കുഷ്ഠംപോലെ തോന്നിക്കുന്ന ഈ അസുഖം, മുഖത്തും കൈകാലുകളിലും കരിയാത്ത വ്രണങ്ങളുണ്ടാക്കുന്നു. എന്നാല്‍, സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഇത്തരം വ്രണങ്ങള്‍ മൂക്കിന്റെയും തൊണ്ടയുടെയുമൊക്കെ ശ്ലേഷ്മപാളികളെയും തരുണാസ്ഥിയെയുമൊക്കെ ബാധിക്കും. രോഗിയില്‍ ശബ്ദവ്യതിയാനവും വൈരൂപ്യവുമൊക്കെ സൃഷ്ടിക്കാനും ഇടയുണ്ട്.

കരിമ്പനി മാരക രോഗമാണെങ്കിലും യഥാസമയം കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളൂ. എന്നാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം.

രോഗനിര്‍ണയം

രോഗം സംശയിക്കപ്പെടുന്നയാളുടെ മാറെല്ല് അല്ലെങ്കില്‍ തുടയെല്ലില്‍ നിന്നു ശേഖരിക്കുന്ന മജ്ജയുടെ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. രോഗാണുവിന്റെ ആര്‍.കെ.-39 ആന്റിജനെതിരായി രോഗിയില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെ കണ്ടെത്തുന്നതിലൂടെയും രോഗനിര്‍ണയം സാധ്യമാണ്.

ഇതിനായി എന്‍സൈം ലിങ്കിട് ഇമ്മ്യൂണോ സോര്‍ബന്റ് അസേ (എലൈസാ), ഫ്‌ളൂറസെന്റ് ആന്റിബോഡി ടെസ്റ്റ് (ഫാറ്റ്) എന്നിവ നടത്താം. പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍.) പരിശോധനയിലൂടെയും കൃത്യമായ രോഗനിര്‍ണയം സാധ്യമാണ്.

ചികിത്സ

ആന്റിമണി പദാര്‍ഥങ്ങളടങ്ങിയ മരുന്നുകളായ 'സോഡിയം ആന്റിമണി ഗ്ലൂക്കോനേറ്റ്' അഥവാ 'പെന്റാവാലന്റ് സോഡിയം സ്റ്റില്‍ബോ ഗ്ലൂക്കോനേറ്റ്', 'ലിപോസോമല്‍ ആംഫോടെറിസിന്‍-ബി' എന്നീ മരുന്നുകള്‍ ഫലപ്രദ മാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

രോഗപ്രതിരോധം

* കൃത്യമായ പ്രതിരോധ കുത്തിവയ്പുകളോ രോഗപ്രതിരോധ മരുന്നുകളോ ഒന്നുമില്ലാത്തതിനാല്‍ മണലീച്ചകളെയും അവ വളരുന്ന ചുറ്റുപാടുകളെയും ഇല്ലാതാക്കുകയെന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം.

വീട്ടിലും പരിസരത്തുമുള്ള ജൈവമാലിന്യങ്ങളും മറ്റു മാലിന്യകുമ്പാരങ്ങളും നീക്കം ചെയ്യുന്നതിലൂടെയും ഇവയുടെ പ്രജനന, വിശ്രമകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനാകും. വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളിലെ കുഴികളും വിള്ളലുകളുമെല്ലാം അടയ്ക്കുന്നതും ഇവയ്‌ക്കെതിരേയുള്ള കീടനാശിനികള്‍ തളിക്കുന്നതും ഉത്തമമാണ്.

* രോഗബാധിത പ്രദേശങ്ങളില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കണം.

* ശുചിത്വം രോഗപ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപെടുമ്പോള്‍ വ്യക്തി ശുചിത്വം പാലിക്കുക.

* രോഗം സ്ഥിരീകരിച്ച സ്ഥലത്ത് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക.

രോഗലക്ഷണം പ്രകടമായാല്‍

ഏതെങ്കിലും സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വിവരം ഡോക്ടറെ അറിയിക്കേണ്ടതും ഉടനടി വിദഗ്ധ ചികിത്സ തേടേണ്ടണ്ടതുമാണ്. പലപ്പോഴും നമ്മുടെ ചെറിയ അവഗണനയും അശ്രദ്ധയുമാണ് മഹാവ്യാധികളെ ക്ഷണിച്ചുവരുത്തുന്നത്.ഫോണ്‍: ഡോ. കൃപ റോസ് ജോസ് 86067 19132.

ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളജ്, മണ്ണുത്തി