വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
Friday, June 14, 2024 11:36 AM IST
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളുകളേറെയായി. നല്ല വെയിലും മണ്ണിന് നനവും ആവശ്യത്തിനു പോഷകങ്ങളുമുണ്ടെങ്കിൽ എവിടെയും സൂര്യകാന്തി നന്നായി വളരും.
ഇതു മനസിലായതോടെയാണ് 2020 ലെ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കാസർഗോഡ് കൊളത്തൂരിലെ എം. ശ്രീവിദ്യയും അത്തരമൊരു പരീക്ഷണത്തിനിറങ്ങിയത്. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ ചുട്ടുപൊള്ളുന്ന പാറ പ്രദേശത്ത് മണ്ണിട്ടുയർത്തിയ 50 സെന്റ് സ്ഥലത്താണു ശ്രീവിദ്യ തണ്ണിമത്തനോടൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.
സുഹൃത്തായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ശ്രീവിദ്യ സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ സഹായത്തോടെ കൃത്യതാ കൃഷിക്ക് സംവിധാനമൊരുക്കിയിരുന്നു. തണ്ണിമത്തൻ നട്ട ചാലുകൾക്കിടയിലാണു സൂര്യകാന്തി വിത്തുകൾ പാകി മുളപ്പിച്ചത്.
തണ്ണിമത്തൻ വിളഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും സൂര്യകാന്തിപ്പൂക്കളും മിഴിതുറന്നു. ദേശീയപാതയോടടുത്ത സ്ഥലത്തെ ശ്രീവിദ്യയുടെ പരീക്ഷണ തോട്ടം പൊള്ളുന്ന വെയിലിലും ആരും കൊതിക്കുന്ന മനോഹര കാഴ്ചയായി.
മുകളിൽ സൂര്യകാന്തിപ്പൂക്കളുടെ സുവർണശോഭ. താഴെ തണ്ണിമത്തന്റെ മരതക വർണവും. കടും ചുവപ്പ് നിറത്തിനൊപ്പം ഓറഞ്ചും മഞ്ഞയും തരം തണ്ണിമത്തൻ കൃഷിയിടത്തിൽ വിള വൈവിധ്യവുമൊരുക്കി.
തൃശൂരിലെ സ്വകാര്യ ഫാമിൽ നിന്നാണു സൂര്യകാന്തിയുടെയും തണ്ണിമത്തന്റെയും വിത്തുകൾ വാങ്ങിയത്. കൃത്യതാ കൃഷിക്കായി ഒരു തവണ ഒരുക്കിയ സംവിധാനത്തിൽ തുടർച്ചയായി മൂന്നു തവണയെങ്കിലും കൃഷി നടത്താനാകും.
തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലാ ഫാമിൽ നിന്നെത്തിച്ച സൗഭാഗ്യ ഇനം വെള്ളരിയാണ് ഇവിടെ ശ്രീവിദ്യ ആദ്യം കൃഷിചെയ്തത്. കഴിഞ്ഞ നവംബറിൽ വിത്തിട്ട് മുളപ്പിച്ചു ജനുവരിയിൽ വിളവെടുത്തു. 50 സെന്റ് സ്ഥലത്തുനിന്നു മൂന്നര ടണ്ണിലേറെ വെള്ളരിയാണ് കിട്ടിയത്.
വെള്ളരിയുടെ വിളവെടുപ്പിനു ശേഷമാണ് ഇവിടെ തണ്ണിമത്തനും സൂര്യകാന്തിയും കൃഷി ചെയ്തത്. ആദ്യമായി കൃഷിചെയ്ത സൂര്യകാന്തി വിത്തിനുവേണ്ടി മാറ്റി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. മേയ് മാസത്തോടുകൂടി തണ്ണിമത്തനും വിളവെടുത്തു തീരും.
തുടർന്നു മഴക്കാലം തുടങ്ങാറാകുന്നതോടെ ഇതേ സ്ഥലത്ത് വെണ്ടയും പച്ചമുളകും കൃഷി ചെയ്യാനാണു ശ്രീവിദ്യയുടെ തീരുമാനം.

കാസർഗോഡ് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ പൂങ്കാവനം അഗ്രിഫാമും നഴ്സറിയും നടത്തുന്ന ശ്രീവിദ്യ കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഇസ്രയേലിലേക്കു പോയ സംഘത്തിലും അംഗമായിരുന്നു.
30 ശതമാനം ജനങ്ങൾ മാത്രം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇസ്രയേൽ. രാജ്യത്തിന് ആകെയുള്ള ഭൂമിയിൽ 60 ശതമാനവും മരുഭൂമി. ബാക്കി സ്ഥലത്തു യുദ്ധവും തർക്കങ്ങളുമൊഴിഞ്ഞു കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്നത് വളരെ കുറച്ചുമാത്രം.
എന്നിട്ടും സ്വന്തം ജനതയുടെ ഭക്ഷണാവശ്യം കഴിഞ്ഞ് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ മാത്രം കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഇസ്രയേലിന്റെ നേട്ടമെന്നു ശ്രീവിദ്യ പറയുന്നു.
മണ്ണിന്റെ ഘടന, വളക്കൂറ്, ജലാംശം എല്ലാം കൃത്യമായി പഠനവിധേയമാക്കി, കുറവുള്ളത് മാത്രം നൽകിയും കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉത്പാദനം ഉറപ്പു വരുത്തുന്നതാണ് ഇസ്രയേലിന്റെ കൃഷി രീതി.
ഊഷര ഭൂമിയിൽ തുടർച്ചയായി മൂന്നു വർഷം ബാർലി കൃഷിചെയ്തു വിളവൊന്നും കിട്ടിയില്ലെങ്കിലും ആ ചെടികളെല്ലാം അവിടെത്തന്നെ ഉഴുതുചേർത്ത് മണ്ണ് ഫലഭൂയിഷ്ടമാക്കുന്നത് ഉദാഹരണം. കടുത്ത ജലക്ഷാമമുള്ളതിനാൽ നെൽകൃഷിക്കു പോലും തുള്ളിനന സംവിധാനം.
മുളച്ചുപൊങ്ങുന്ന കളകളെ പോലും വളമാക്കുന്ന വൈദഗ്ധ്യം. ഇസ്രയേലിന്റെ കൃഷിയിൽ ശ്രീവിദ്യയ്ക്കു വിസ്മയം. വീടിനു സമീപം കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശു ഭൂമിയിലാണു ശ്രീവിദ്യ പൂങ്കാവനം അഗ്രി ഫാം സ്ഥാപിച്ചത്.
ചെങ്കല്ലും പാറയിടുക്കുകളുമായി കിടന്നിരുന്ന ഭൂമി കൃഷിക്ക് തീരെ അനുയോജ്യമല്ലെന്നു പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയതാണ്. അടുത്തുള്ള പലരും അവരുടെ ഭൂമി ക്വാറികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശ്രീവിദ്യ മാത്രം കൃഷിയോടുള്ള ആവേശം കൊണ്ട് മണ്ണിലിറങ്ങി. അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും എല്ലാവിധ പിന്തുണയും നൽകി.
പ്ലസ്ടു വിദ്യാർഥിനിയായ മകൾ രേവതി കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ശിവനന്ദും അമ്മയ്ക്കൊപ്പം കൃഷിയിടത്തിലിറങ്ങി. നാലേക്കർ ഭൂമി തട്ടുകളായി തിരിച്ചു മഴവെള്ളം മണ്ണിലിറങ്ങുന്നതിനുൾപ്പെടെയുള്ള സൗകര്യമൊരുക്കി.

മണ്ണില്ലാത്ത ഇടങ്ങളിൽ പുതുതായി മണ്ണിറക്കി. ഒരു ഭാഗത്ത് തെങ്ങിൻ തൈകളും വിവിധയിനം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. മറുഭാഗത്ത് തണ്ണിമത്തനും പാഷൻ ഫ്രൂട്ടും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ കണി ഫ്രൂട്ട് ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ തുടക്കത്തിൽതന്നെ ഒരു ക്വിന്റലോളം വിളവ് ലഭിച്ചതു വലിയ പ്രോത്സാഹനമായി. വീടിനോടു ചേർന്ന് നിർമിച്ച മഴമറയിൽ തക്കാളിയും കൃഷിചെയ്തു.
പിന്നീട് കൃഷിയിടത്തിലെ മഴവെള്ളസംഭരണിയിൽ മത്സ്യകൃഷിയും ഫാമിൽ കോഴിയും മുയലും കാസർഗോഡ് കുള്ളൻ പശുവുമെല്ലാം വന്നു. കൃഷിയിടത്തിൽനിന്നു തന്നെ ലഭിക്കുന്ന കാലിവളത്തിനും കോഴി വളത്തിനുമൊപ്പം വേപ്പിൻ പിണ്ണാക്ക്, മണ്ണിര കന്പോസ്റ്റ് എന്നിവയും വളമായി ഉപയോഗിക്കുന്നു.
കടുത്ത വേനൽച്ചൂടുള്ള ഇടമായതിനാൽ ഇടമുറിയാതെ ജലസേചനം നടത്തേണ്ടതും അത്യാവശ്യമാണ്. ഫലവൃക്ഷങ്ങളിൽ ചിലതിനെയെങ്കിലും ജലക്ഷാമം ബാധിക്കുന്നുമുണ്ട്. എന്നാലും നിരാശപ്പെടാതെ ശ്രീവിദ്യ വീണ്ടും പുതിയ ഇനങ്ങളും പുതിയ സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നു.

ഇപ്പോൾ നാടൻ ചാന്പയും ഞാവലും വിവിധ തരം പപ്പായയും മുതൽ ജബോട്ടിക്കാബയും അബിയുവും ചെറിയും സ്ട്രോബെറിയും ഡ്രാഗണ് ഫ്രൂട്ടും വരെ ഒരുകാലത്ത് വറ്റിവരണ്ട് ഉൗഷരമായിരുന്ന ഈ ഭൂമിയിൽ നന്നായി വിളയുന്നു.
പൂങ്കാവനം ഫാം ഫ്രഷ് എന്ന പേരിൽ നേരിട്ടും ഓണ്ലൈനായും ഉത്പന്നങ്ങളുടെയും വിത്തുകളുടെയും വിപണനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസത്തിനും വിദ്യാർഥികൾക്ക് കാർഷികവിദ്യാ പരിശീലനത്തിനും വേദിയൊരുക്കി.
ഉത്പന്നങ്ങളുടെ വിപണനത്തിന് കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹായവും ലഭിക്കുന്നുണ്ട്. സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നതിനിടയിലാണ് ശ്രീവിദ്യ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയത്. ഇപ്പോൾ വീടിനു സമീപത്തുതന്നെ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുകയാണ്.
ഫോണ്: 96564 54980, 95398 44980.