പുരുഷോത്തമൻ ഉത്പാദിപ്പിച്ചത് കോടിക്കണക്കിന് പച്ചക്കറി തെെകൾ
Friday, July 5, 2024 5:00 PM IST
സ്വന്തമായുള്ള സ്ഥലത്ത് ജൈവകൃഷിചെയ്തും ഒപ്പം കർഷകർക്കു കുറഞ്ഞ നിരക്കിൽ പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്തും ശ്രദ്ധേയനായ മാതൃകാ കർഷകനാണ് ഇടുക്കി ജില്ലയിലെ രാജകുമാരി ഇടമറ്റം സ്വദേശി മധുരപ്ലാക്കൽ പുരുഷോത്തമൻ.
കോടിക്കണക്കിനു പച്ചക്കറി തൈകളാണ് അദ്ദേ ഹം ഇതുവരെ സംസ്ഥാനത്തെ കർഷകർക്കായി വിതരണം ചെയ്തത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള കർഷകർക്കായാണ് പുരുഷോത്തമൻ പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു തുടങ്ങിയത്.
പിന്നീട് അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയായിരുന്നു. തനിക്ക് സ്വന്തമായുള്ള മൂന്നേക്കർ കൃഷിയിടത്തിൽ ഏലവും കുരുമുളകും അടക്കമുള്ള വിളകൾ നട്ടു പരിപാലിക്കുകയും ചെയ്യുന്നു.
ഏലമടക്കമുള്ള വിളകൾ പരിപാലിച്ചു മികച്ച നേട്ടം കൈവരിച്ച പുരുഷോത്തമന് ജൈവ പച്ചക്കറി കൃഷിയിലെ താത്പര്യം കണ്ടറിഞ്ഞ രാജകുമാരി കൃഷിഭവൻ ഉദ്യോഗസ്ഥരാണ് ആദ്യം സഹായങ്ങളും നിർദേശങ്ങളുമായി രംഗത്തെത്തിയത്.
അങ്ങനെ 2012 ൽ കൃഷിഭവന്റെ സഹായത്തോടെ 400 ചതുരശ്ര അടി വിസ്തീർണമുള്ള മഴമറ സ്ഥാപിച്ചു. അതിൽ കാന്താരിച്ചീനി മുതൽ നാല്പതോളം ഇനം പച്ചക്കറികൾ കൃഷി ചെയ്തു. അതു വൻ വിജയമായി. ആദ്യ കൃഷി വിജയിച്ചതോടെ പുരുഷോത്തമന് ജൈവകൃഷിയിലുള്ള താത്പര്യം ഇരട്ടിയായി.
ഇങ്ങനെ ജൈവകൃഷിയുമായി മുന്നോട്ടു പോകുന്നതിനിടെ, സുഹൃത്തുക്കളായ കർഷകർക്കായി ചെറിയ രീതിയിൽ തൈകൾ ഉത്പാദിപ്പിച്ചു നൽകി. അങ്ങനെ തുടങ്ങിയ തൈ ഉത്പാദനം ഇപ്പോൾ 12 വർഷങ്ങൾ പിന്നിട്ടു. കോടിക്കണക്കിനു പച്ചക്കറി തൈകളാണ് ഇതിനോടകം അദ്ദേഹം ഉത്പാദിപ്പിച്ച് വിതരണം ചെയ്തത്.
ഓർഡർ അനുസരിച്ചു സംസ്ഥാനത്ത് എവിടെയും തൈകൾ എത്തിച്ചു നൽകുന്നതിനുള്ള സൗകര്യം ഇപ്പോൾ അദ്ദേഹത്തിനുണ്ട്. തൈകളുടെ ഗുണമേ·യറിഞ്ഞ് ദിനംപ്രതി ഒട്ടേറെ കർഷകരാണ് പുരുഷോത്തമനെത്തേടി എത്തുന്നത്.
മാലി മുളക്, ബന്ദി ബ്രോക്കോളി, ചെണ്ടുമല്ലി, നിത്യവഴുതന, മായ, പ്രിയങ്ക ഇനം പാവലുകൾ, മെലസ്ടോമ, വിവിധതരത്തിലുള്ള മുളകുകൾ, തുടങ്ങി അൻപതിൽപരം വ്യത്യസ്ത പച്ചക്കറി തൈകളും പൂച്ചെടികളും, വിവിധയിനം പ്ലാവുകളും ഓറഞ്ച് തൈകളും അദ്ദേഹം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.
വിദേശ ഇനം ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും പൂച്ചെടികളുടെയും തൈകളും ഉത്പപാദിപ്പിക്കുന്നുണ്ട്. നെടുങ്കണ്ടം ബ്ലോക്കിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി 2015-16 വർഷത്തിൽ സ്ഥാപിച്ച ഫെഡറേറ്റഡ് നഴ്സറി വഴിയാണ് ഹൈടെക് ജൈവ പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ച് നൽകുന്നത്.
കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ഭാര്യ ശ്യാമയും മകൾ ഗ്രീഷ്മയും ജൈവകൃഷി പ്രചാരണത്തിന് ഒപ്പമുണ്ട്.
ഫോണ് : 8075711905, 9387902793.