പോളിസി ഇടയ്ക്കിടെ വിലയിരുത്താം
പോളിസി  ഇടയ്ക്കിടെ  വിലയിരുത്താം
Thursday, June 27, 2019 3:59 PM IST
പൊതുവേ കേൾക്കാറുള്ളതാണ് മുൻകരുതൽ ചികിത്സയെക്കാൾ നല്ലതാണെന്ന്. അത് അങ്ങനെ തന്നെയാണെന്ന് പലപ്പോഴും തെളിയിക്കുന്ന സംഭവങ്ങൾ മിക്കവരുടെയും ജീവിതത്തിലുണ്ടാകാം.

ഇൻഷുറൻസിന്‍റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. പോളിസി തെരഞ്ഞെടുത്താൽപ്പോലും കുറച്ചു കഴിയുന്പോഴാണ് അതു തനിക്ക് അത്ര യോജിച്ചതല്ലെന്നു മനസിലാകുക. അല്ലെങ്കിൽ തന്‍റെ ലക്ഷ്യം നിറവേറ്റുവാൻ ആ പോളിസി പോരെന്നു മനസിലാക്കുക. അതുകൊണ്ടുതന്നെ നിലവിലുള്ള പോളിസിയെ സമയാസമയങ്ങളിൽ വിലയിരുത്തലിനു വിധേയമാക്കണം. തനിക്കു യോജിച്ച പ്ലാനാണോ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്താം. ഇത്തരം വിലയിരുത്തൽ ചിലപ്പോൾ മികച്ചതിലേക്ക് നയിക്കും അല്ലെങ്കിൽ നിലവിലുള്ളതിൽ ആത്മവിശ്വാസത്തോടെ തുടരാൻ സാധിക്കും. എന്തായാലും അതിനായി അൽപ്പം സമയം നീക്കി വയ്ക്കുന്നത് ഒരിക്കലും പാഴായിരിക്കില്ല.

ഇൻഷുറൻസിന്‍റെ പ്രാധാന്യം

ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ് എന്നിങ്ങനെ ഏതു തരത്തിലുള്ള ഇൻഷുറൻസാണെങ്കിലും അവയ്ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ അതിന്‍റെ ആഘാതം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്നതാണ് ഇൻഷുറൻസിന്‍റെ പ്രാഥമിക ലക്ഷ്യം.
* ആരോഗ്യ ഇൻഷുറൻസ്-അടിയന്തരമായി എന്തെങ്കിലും ചികിത്സ വേണ്ടിവന്നാൽ അത് ഒരു സാന്പത്തിക ബാധ്യതയായി തീരാതിരിക്കാൻ സഹായിക്കും. ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കാം
* ലൈഫ് ഇൻഷുറൻസി കുടുംബത്തിനായി വരുമാനം നേടുന്നയാളുടെ പെട്ടന്നുള്ള മരണം വേദനയുണ്ടാക്കുമെങ്കിലും ആശ്രിതർക്ക് സാന്പത്തിക സുരക്ഷ നൽകുന്നു.
* മോട്ടോർ ഇൻഷുറൻസ്- വാഹനത്തിനു സുരക്ഷിത കവർ നൽകുന്നു.
* മാത്രവുമല്ല, നികുതി ലാഭിക്കുവാൻ ഇൻഷുറൻസ് പോളിസികൾ സഹായിക്കുകയും ചെയ്യുന്നു.
പുനരാലോചിക്കാനുള്ള സമയം

ഏതു തരത്തിലുള്ള പോളിസിയായാലും അത് പുതുക്കാൻ ഒരു മികച്ച സമയമുണ്ടായിരിക്കും. അത് ഏതാണെന്നു നോക്കാം.

നിലവിലുള്ള പോളിസി അത്ര തൃപ്തികരമല്ലെന്ന് തോന്നുന്നുവെന്നിരിക്കട്ടെ. പോളിസി തെരഞ്ഞെടുത്തപ്പോൾ തൃപ്തികരമായിരുന്നു പക്ഷേ, പിന്നീടാണ് ഇതിൽ മാറ്റമുണ്ടായത്. ഇതിനുള്ള കാരണങ്ങൾ പലതായിരിക്കാം.

ഉപഭോക്താവിന്‍റെ സേവനം തൃപ്തികരമായിരിക്കില്ല, അല്ലെങ്കിൽ അവസാനത്തെ ക്ലെയിം പ്രോസസ് വളരെ മോശമായിരിന്നിരിക്കാം. അങ്ങനെ എന്തെങ്കിലുമൊക്കെ അതൃപ്തിക്കു കാരണമാകാം.

പ്രൊഫഷണൽ ജീവിതത്തിൽ വന്ന മാറ്റങ്ങളും നിലവിലുള്ള ഇൻഷുറൻസ് കവറേജിനെക്കുറിച്ച് മാറിചിന്തിക്കാൻ കാരണമാകാറുണ്ട്. ശന്പളം കൂടുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്യുന്പോൾ ജീവിത നിലവാരത്തിൽ മാറ്റം വരുന്നു അപ്പോൾ നിലവിലുള്ളതിനെക്കാൾ അൽപ്പം കൂടി മെച്ചപ്പെട്ട പോളിസിയെക്കുറിച്ച് പലരും ചിന്തിക്കും.

ഒരു കുഞ്ഞു കൂടി ജനിക്കാൻ പോകുന്പോഴും ഇത്തരത്തിൽ പോളിസിയിൽ ഒരുമാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചിലപ്പോൾ നിലവിലുള്ള പോളിസിയിൽ മറ്റേണിറ്റി കവറേജുണ്ടാകില്ല. അതുകൊണ്ടു തന്നെ പുതിയൊരു പോളിസി എടുത്താൽ ഈ ബെനിഫിറ്റുകൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. കുട്ടിയുടെ ജനനം മുതൽ ചെലവുകൾ കൂടും. അതുകൊണ്ട് മികച്ച ഒരു പോളിസി കുട്ടിയെക്കൂടി ഉൾപ്പെടുത്തി എടുക്കുന്നത് നന്നായിരിക്കും.
അടുത്തതായി പോളസിയെക്കുറിച്ച് പുനരാലോചന നടത്തേണ്ടത് റിട്ടയർമെന്‍റ് സമയമടുക്കുന്പോഴാണ്. പറയത്തക്ക വരുമാനമൊന്നുമില്ലാതിരിക്കുകയും അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച കവറേജ് ലഭിക്കുന്ന പോളിസി തന്നെ എടുക്കണം.

പോളിസി പുനപരിശോധനയ്ക്ക് മാനദണ്ഡങ്ങൾ വയ്ക്കാം

കൃത്യമായ അടിസ്ഥാനമോ മാനദണ്ഡമോ ഇല്ലാതെയാണ് പോളിസിയെ പുന:പരിശോധിക്കുന്നതെങ്കിൽ അതുകൊണ്ടു വലിയ ഉപകാരമുണ്ടാകില്ല. പോളിസിയെക്കുറിച്ച് പുനരാലോചന നടത്താൻ സഹായിക്കുന്ന ചില മാർഗനിർദ്ദേശങ്ങൾ പരിശോധിക്കാം.


*പോളിസി കവറേജ്: ഇൻഷുറൻസ് പോളിസി എടുക്കുന്നതിന്‍റെ ഉദ്ദേശം അത്യാവശ്യ ഘട്ടങ്ങളിൽ സാന്പത്തികമായ പിന്തുണ ലഭിക്കുക എന്നുള്ളതാണ്. അതുകൊണ്ടു തന്നെ പോളിസി ലഭ്യമാക്കുന്ന കവറേജിനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.

ആവശ്യത്തിനുള്ള കവറേജുണ്ടോ എന്ന് ആദ്യംതന്നെ പരിശോധിക്കണം. ലൈഫ് ഇൻഷുറൻസാണെങ്കിൽ കുടുംബം ഈ തുകയിൽ സുരക്ഷിതരാണോ എന്ന് ഉറപ്പു വരുത്തണം. അല്ല എന്നാണെങ്കിൽ മെച്ചപ്പെട്ട പോളിസി കണ്ടെത്തി അതിലേക്കു മാറണം. അല്ലെങ്കിൽ റൈഡർ പോളിസികൾ തെരഞ്ഞെടുക്കണം. കവറേജ് കൂട്ടണം. ഇത്തരം പോളിസി കൾ കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ കവറേജ് ഉറപ്പാക്കുന്നവയാണ്. ആഡ് ഓണ്‍ പോളിസികളെയും അവയുടെ നേട്ടങ്ങളെയും താരതമ്യം ചെയ്തതിനുശേഷം വേണം തെരഞ്ഞെടുക്കാൻ. പോളിസിയെക്കുറിച്ച് പുനപരിശോധന നടത്തുന്നത് നേട്ടമുണ്ടാക്കുകയെയുള്ളു.
ലൈഫ് ഇൻഷുറൻസ് പോളിസികൾ വരുമാനം ഉള്ളിടത്തോളം കാലം മുന്നോട്ടു കൊണ്ടുപോയാൽ മതി. ആരോഗ്യ പോളിസിയുടെ കാര്യം അങ്ങനെയല്ല. ജീവിതകാലം മുഴുവൻ പുതുക്കാവുന്ന പോളിസിയാണ്. ആവശ്യത്തിനു കവറേജ് യഥാസമയം ലഭ്യമകുന്നുവെന്ന് ഉറപ്പു വരുത്തണം. അതു പുതുക്കുന്നതിൽ വീഴ്ച വരുത്തകയും ചെയ്യരുത്.

*പോളിസി പ്രീമിയം: വലിയ പ്രീമിയം നൽകുന്ന പോളിസികൾ കവറേജ് കൂടുതൽ നൽകും. ചെറിയ പ്രീമിയത്തിലുള്ള പോളിസികൾ കുറഞ്ഞ കവറേജെ നൽകു. എന്നിങ്ങനെയുള്ള ചിന്തകൾ പൊതുവേ ആളുകൾക്കിടയിലുണ്ട്. ഇത്തരം ചിന്തകൾ തന്നെ അനാവശ്യമാണ്. ഓരോരുത്തരും അവരവർക്കു താങ്ങാനാവുന്ന പ്രീമിയത്തിലുള്ള പോളിസികൾ തെരഞ്ഞടുക്കണം.

അതോടൊപ്പം നൽകുന്ന കവറേജും നോക്കണം. ആഗ്രഹിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അത് തെരഞ്ഞെടുക്കാം. അല്ലാതെ കൂടുതൽ പ്രീമിയവും കുറഞ്ഞ കവറേജുള്ളതുമായ പോളസികളിലേക്ക് പോകരുത് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ടാകരുത് തീരുമാനമെടുക്കുന്നത്.

ചെറിയ പ്രീമിയത്തിൽ വലിയ കവറേജ് നൽകുന്നവയാണ് ടേം ഇൻഷുറൻസ് പോളിസികൾ. വരുമാനവും ബാധ്യതയും കവർ ചെയ്യുന്ന വിധത്തിലുള്ള വലുപ്പം പോളിസിക്കുണ്ടായിരിക്കണം. പുതിയൊരു വായ്പ എടുത്താൽ അതിനനുസരിച്ച് കവറേജ് വർധിപ്പിക്കണം.

ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ: കന്പനിയെക്കുറിച്ച് വ്യക്തമായി മനസിലാക്കിയിരിക്കണം. അതുകൊണ്ടു തന്നെ കന്പനിയുടെ ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഉയർന്ന ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ എന്നു പറയുന്പോൾ തന്നെ അത് ഇൻഷുറൻസ് കന്പനിയുടെ കാര്യക്ഷമതയെ ആണ് കാണിക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയടെ വെബ്സൈറ്റിലൂടെ ഇത് പരിശോധിക്കാവുന്നതാണ്.

വാങ്ങിക്കാൻ എളുപ്പം: ഏജന്‍റ്, ഓണ്‍ലൈൻ, ബ്രാഞ്ച് വഴി എന്നിങ്ങനെ പോളിസി വാങ്ങിക്കാൻ നിരവധി ഓപ്ഷനുകളുണ്ട്. ഇവയെല്ലാം കന്പനി ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഓണ്‍ലൈൻ വഴിയുള്ള വാങ്ങലാണ് ഏറ്റവും എളുപ്പം. ഉപഭോക്താവിന് പോളിസിയെക്കുറിച്ച് എല്ലാം വായിച്ച് മനസിലാക്കാനും അതോടൊപ്പം പെട്ടെന്നു തന്നെ വാങ്ങിക്കാനും സാധിക്കും.
ഉപഭോക്താവിനുള്ള പിന്തുണ: ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും അത് പ്രകടമായി കാണാറില്ല. ഉപഭോക്താക്കളോട് മാന്യമായി ഇടപെടുന്ന, അവർക്ക് മികച്ച പിന്തുണ നൽകുന്ന സ്ഥാപനങ്ങൾ എപ്പോഴും പ്രഥമ സ്ഥാനത്തു തന്നെയായിരിക്കും. ഇപ്പോൾ ഓണ്‍ലൈൻ സേവനങ്ങൾ വന്നതോടെ ദിവസം മുഴുവൻ സേവനം ലഭ്യമാക്കുന്നവരാണ് ഇന്നത്തെ ഒന്നാം സ്ഥാനക്കാർ ഇത്തരത്തിലുള്ള സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.