കൗമാരക്കാരും പ്രതീക്ഷകളും
കൗമാരക്കാരും പ്രതീക്ഷകളും
Thursday, October 25, 2018 3:08 PM IST
മിക്ക മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കളോട് അവരുടെ ബാല്യത്തില്‍ നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ അവരുടെ കൗമാരത്തെ ഉത്ക്കണ്ഠയോടും ഭയത്തോടും കൂടിയാണ് അതേ മാതാപിതാക്കള്‍ തന്നെ വീക്ഷിക്കുന്നത്! നല്ല ബന്ധം തുടര്‍ന്നു കൊണ്ടുപോകുവാന്‍ ആഗ്രഹമുണ്ടെങ്കിലും കൗമാരക്കാരോട് എങ്ങനെ പെരുമാറണം എന്ന സംശയങ്ങള്‍ പലപ്പോഴും അവരെ പുറകോട്ടു വലിക്കുന്നു. ഇതു സൃഷ്ടിക്കുന്ന പെരുമാറ്റ വ്യതിയാനങ്ങള്‍ ചിലപ്പോള്‍ അമിത സ്‌നേഹം, ചിലപ്പോള്‍ അമിത കുറ്റപ്പെടുത്തല്‍ കൗമാരക്കാരെ കൂടുതല്‍ അകറ്റുന്നു. കൗമാരമെന്നത് മുതിര്‍ന്നവരെക്കാളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ആ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കാണെന്ന് നാം മനസിലാക്കണം. തീവ്രവേഗത്തിലുള്ള ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാലഘട്ടമാണ് കൗമാരം. ലോകവും ലോകവീക്ഷണവും അടിമുടി മാറിമറിയുന്ന ഒരു സമയമാണത്: പുതിയ ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും വെളിപാടുകളുടെയും കാലമാണത്. ഈ മാറ്റങ്ങളുടെ സമയത്ത് അവര്‍ക്ക് ബലമായി നില്ക്കുന്നത് മുതിര്‍ന്നവരോട് പ്രത്യേകിച്ചും മാതാപിതാക്കളോടുള്ള ദൃഢബന്ധങ്ങളാണ്. ആ ബന്ധങ്ങളുടെ അടിസ്ഥാനമാണ് അവരെ മനസിലാക്കിക്കൊണ്ടുള്ള മുതിര്‍ന്നവരുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റം. , രക്ഷിതാക്കളുടെ നിയന്ത്രണം, കൗമാര പ്രണയം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെക്കുറിച്ച് കൗമാരക്കാര്‍ പറയുന്നു...

എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

അനീറ്റ ജോയ്

മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥി, ബിസിഎം കോളജ്, കോട്ടയം

ഇപ്പോഴത്തെ മാതാപിതാക്കള്‍ കുട്ടികളെ ഒരുപാട് പിടിച്ചു വയ്ക്കാതെ അവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം നല്‍കാന്‍ ഇഷ്ടപ്പെടുന്നവരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അച്ഛനോ അമ്മയോ ആയതുകൊണ്ട് എപ്പോഴും ചൂരലും പിടിച്ചു നില്‍ക്കാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം സ്ട്രിക്ട് ആവുകയും അല്ലാത്തപ്പോള്‍ നല്ല സുഹൃത്തുക്കളെപ്പോലെ ഇടപഴകുകയും ചെയ്യുന്നു. പണ്ടത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് സമൂഹം വളരെയധികം പോസിറ്റീവായി മുന്നോട്ടു പോകുന്നുവെന്ന് വീട്ടില്‍ അമ്മ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ മക്കള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ പേടിക്കുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മക്കള്‍ ചെറിയ കാര്യങ്ങളിലെങ്കിലും മാതാപിതാക്കളോട് അഭിപ്രായം ചോദിക്കും.

കുറച്ചു മുതിര്‍ന്നവര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട് ചിത്രകാരന്‍ ആകാനായിരുന്നു ആഗ്രഹം. പക്ഷേ വീട്ടില്‍ സമ്മതിച്ചില്ല, അതുകൊണ്ട് ഡോക്ടറായി എന്നൊക്കെ. പക്ഷേ ഇപ്പോള്‍ അങ്ങനെ ആരും പറയുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വിരലില്‍ എണ്ണാവുന്നത്ര ആളുകളാണ് അങ്ങനെ പറയുന്നത്. അതും മാതാപിതാക്കള്‍ മക്കളെ മനസിലാക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ പിന്നെ കൂട്ടുകാരോടു സംസാരിക്കുന്നതുപോലെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നവരാണ് ഒട്ടുമിക്ക അച്ഛനമാരും. ഇഷ്ടങ്ങളെ അടിച്ചമര്‍ത്തുക എന്നതിനപ്പുറം ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്.

പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കൂടുതല്‍ റിബല്‍ ആകും. അതു വീണ്ടും വലിയ പ്രശ്‌നങ്ങളിലേക്കു നയിക്കും. എന്തെങ്കിലും ചെയ്യരുത് എവിടെടെങ്കിലും പോകരുത് എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് അതൊക്കെ ചെയ്യാന്‍ തോന്നുക സ്വാഭാവികം ആണല്ലോ.

മാതാപിതാക്കളുടെ കണ്‍ട്രോള്‍ ഉണ്ടെങ്കിലും അത് ഒരിക്കലും നമ്മളെ വീര്‍പ്പു മുട്ടിക്കുന്ന തരത്തിലുള്ളതല്ല. ഇഷ്ടങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നില്ല. മറിച്ച് വഴികാട്ടുകയാണു ചെയ്യുന്നത്. ചെയ്യുന്ന തെറ്റിനെ മറ്റാരും ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ലാത്ത, വളരെ ചെറിയ ഒരു വിഭാഗമാണ് മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്‌നങ്ങളേയും താത്പര്യങ്ങളേയും അടിച്ചമര്‍ത്തുന്നു എന്നൊക്കെ പറയുന്നത്.


കാമ്പസ് പ്രണയം പഠനത്തെ ബാധിക്കരുത്

അക്ഷത ബാലകൃഷ്ണന്‍

ബിഎ മലയാളം വിദ്യാര്‍ഥിനി, പീപ്പിള്‍സ് കോളജ് മുന്നാട്, കാസര്‍ഗോഡ്

സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ഏറെ സാധ്യതയുള്ളതാണ് പുതിയകാല കാമ്പസ് ജീവിതം. വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ഇത്തരം സൗഹൃദങ്ങളെ കൂടുതല്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നു. ഒരു ക്ലാസിലെ കുട്ടികള്‍ ഉള്‍പ്പെടുന്ന പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. അവയൊക്കെ സൗഹൃദങ്ങളെ അതിന്റെ എല്ലാം അര്‍ഥത്തിലും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഫേസ് ബുക്കിലെ ബര്‍ത്ത് ഡേ നോട്ടിഫിക്കേഷനിലൂടെ നമ്മുടെ പിറന്നാള്‍ ദിനം മറ്റുള്ളവര്‍ അറിയുന്നു. അത് നമുക്ക് വളരെയേറെ പിറന്നാള്‍ ആശംസകള്‍ ലഭിക്കാന്‍ ഇടയാക്കും. ഇത്തരം കാര്യങ്ങള്‍ കാമ്പസ് സൗഹൃദങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്നു. എന്നാല്‍, പലപ്പോഴും ഇത്തരം സമൂഹ മാധ്യമങ്ങള്‍ തന്നെ സൗഹൃദങ്ങളെ പ്രണയത്തിലേക്ക് വഴിമാറ്റാനും ഇടയാക്കും. അതിന് വാട്‌സ് ആപ്പ് ചാറ്റിംഗ് പ്രധാന കാരണമാണ്. ഇന്ന് എല്ലാവര്‍ക്കും മൊബൈല്‍ ഫോണുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ നമ്പര്‍ കിട്ടാനും പ്രയാസമില്ല. കാമ്പസ് പ്രണയത്തെ ഗൗരവത്തോടെയും നേരംപോക്കായും കാണുന്നവരുണ്ട്. എന്റെ അഭിപ്രായത്തില്‍ കാമ്പസില്‍ ഉള്ള പ്രണയങ്ങളെ ആ അര്‍ഥത്തില്‍ മാത്രമേ കാണാന്‍ പാടുള്ളു. അത് പഠനത്തെയോ മറ്റ് ജീവിത സാഹചര്യങ്ങളെയോ ബാധിക്കാതിരിക്കാന്‍ നമ്മള്‍ തന്നെ മുന്‍കരുതലെടുക്കണം. എന്നാല്‍ ജീവിതയാഥാര്‍ഥ്യം എന്നത് അത്ര ലളിതമായി കാണാന്‍ പുതിയകാലത്ത് കഴിയില്ല എന്നതാണ് സത്യം.

സൈബര്‍ ലോകത്തിന്റെ അടിമകളാകരുത്

അനൂപ് കൃഷ്ണന്‍

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, ദേശീയ സുരക്ഷ വിഭാഗം, ജമ്മു കേന്ദ്രീയ സര്‍വകലാശാല

സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹരിശ്രീ കുറിക്കുന്ന സമയത്തിനും മുന്‍പ് പിഞ്ചു കൈകളില്‍ ഐ പാഡും സെല്‍ഫി സ്റ്റിക്കും നല്‍കുന്ന മാതാപിതാക്കളെ നമുക്ക് കാണാനാവും. അഞ്ചു വയസു തികയാത്ത കുഞ്ഞിനും ഉണ്ടാവും ഫേസ്ബുക്കും വാട്‌സ്ആപ്പും.

വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും വൈ ഫൈ സംവിധാനങ്ങളും വളരെ ആവശ്യമായ പഠനോപാധി ആയി മാറിയിരിക്കുന്നു. പവര്‍ പോയിന്റ് പ്രസന്‍േറഷനുകളും ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍ മുതല്‍ വീട്ടില്‍ ഇരുന്നു ഓണ്‍ലൈന്‍ ആയി വിദൂര വിദ്യാഭ്യാസം നേടാനും ഇപ്പോള്‍ അനവധി അവസരങ്ങള്‍ ഉണ്ട് .

എന്നാല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗം ഇപ്പോള്‍ തിരുത്തലിന്റെ വഴിയേ സഞ്ചരിക്കുന്നതും സൂക്ഷമായി ദര്‍ശിച്ചാല്‍ നമുക്ക് മനസിലാക്കാം. ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ എന്ന ഭരണാധികാരി സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് വിദ്യാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സൈബര്‍ ലോകത്തിലെ അടിമകളാകുന്നു എന്നത് ദുഖകരം ആണ്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ മാനവരാശി മുഴുവനായി പഠികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന നാം എല്ലാവരും സൈബര്‍ വിദ്യാഭ്യാസം കൈവരിച്ചു അവ ബോധം ഉണ്ടാകുക എന്നത് പ്രധാനമാണ്.

തയാറാക്കിയത്:
സീമ
അഞ്ജലി അനില്‍കുമാര്‍
ഷിജു കെ.പി
ഡി.ദിലീപ്