മൊഞ്ചുള്ള സൃഷ്ടികളുമായി മഞ്ജു
Wednesday, February 5, 2020 3:31 PM IST
സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ കണ്ടെത്താനും സ്വന്തം കാര്യങ്ങൾക്കായി സമയം ചെലവഴിക്കാനും മറക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിൽനിന്നും തികച്ചും വ്യത്യസ്തയാവുകയാണ് കണ്ണൂർ സ്വദേശിനിയും ഇപ്പോൾ മൈസൂർ നിവാസിയുമായ മഞ്ജു ജോഷി. തന്റെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കുക മാത്രമല്ല, തന്റെ അഭിരുചികളെ തൊഴിലാക്കി മാറ്റിയിരിക്കുകയുമാണ് മഞ്ജു. മനസിനിഷ്ടപ്പെട്ട ജോലി ചെയ്യുന്ന സന്തോഷം മഞ്ജുവിന്റെ മനോഹരമായ പുഞ്ചിരിയിൽ തെളിഞ്ഞുകാണാം.
മുന്‍പ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ കലാരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണ് മഞ്ജു. പല വർണങ്ങളിൽ ചാലിച്ചെടുത്ത ചുമർ ചിത്രങ്ങളും പുഷ്പാലംകൃതമായ ബൊക്കെകളും നാണയങ്ങൾ ഉപയോഗിച്ച് മെനഞ്ഞെടുത്ത ചിത്രങ്ങളും... അങ്ങനെ നീളുകയാണ് മഞ്ജുവിന്റെ കലാവൈഭവങ്ങൾ. രണ്ടു വർഷം മുന്‍പാണ് മഞ്ജു തന്റേതായ ഇഷ്ടം കണ്ടെത്തിയത്. ചെറുപ്പത്തിലോ പഠനകാലത്തോ താനിത്തരം കലാസൃഷ്ടികളൊന്നുംതന്നെ ചെയ്തിരുന്നില്ലെന്ന് മഞ്ജു പറയുന്നു. എന്നാൽ ആ മനോഹര സൃഷ്ടികൾ കാണുന്ന ആർക്കുംതന്നെ തോന്നുകയില്ല ഇതൊരു തുടക്കക്കാരിയുടെ കരവിരുതുകളാണെന്ന്. വർഷങ്ങളുടെ പക്വതയും പരിപൂർണതയും ആ സൃഷ്ടികളിൽ സ്പഷ്ടമാണ്.
ഇത്തരം കലാവൈഭവങ്ങൾക്ക് ഓണ്‍ലൈൻ വിപണിയിലെ സാധ്യത സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയാണ് മഞ്ജു. ‘എനിക്കിത് വെറുമൊരു ഒഴിവുസമയ വിനോദം മാത്രമല്ല, എന്നാൽ ഓണ്‍ലൈൻ വിപണിയിൽ എന്റെ കലാസൃഷ്ടികൾക്കുള്ള സാധ്യത മനസിലാക്കിയപ്പോഴാണ് ആളുകൾക്ക് ഇത്തരം സൃഷ്ടികളിലുള്ള താത്പര്യം മനസിലാക്കുന്നത്.’

വീട്ടുജോലികൾ കഴിഞ്ഞ് ഒന്നിനും സമയമില്ലെന്ന് വിലപിക്കുന്ന വീട്ടമ്മമാർക്ക് ഒരു മാതൃകയാണ് മഞ്ജു ജോഷി. തന്റെ പ്രിയ വിനോദത്തിനായി എല്ലാ തിരക്കുകൾക്കിടയിലും സമയം കണ്ടെത്താറുണ്ട്. മാത്രവുമല്ല ഇത്തരം വിനോദങ്ങൾ മനസിനു നൽകുന്ന സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ.
മൈസൂരുവിൽ ബിസിനസുകാരനായ ഭർത്താവ് ജോഷിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം മഞ്ജുവിന് എല്ലാവിധ പിന്തുണയും നൽകാറുണ്ട്. ഓണ്‍ലൈൻ വിപണിയിൽ തന്റേതായ ഇടം കണ്ടെത്തിയെങ്കിലും തന്റെ കലാസൃഷ്ടികളുടെ ഒരു എക്സിബിഷൻ നടത്താനുള്ള തിരക്കിലാണ് മഞ്ജുഇപ്പോൾ. മൈസൂരുവിലും ബംഗളൂരുവിലും അതിനുള്ള വേദി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
തയാറാക്കിയത്: സൗമ്യ രാജ്