പുതിയ സഫാരി എത്തി; പഴയ വാഹനവുമായി പുതിയ സഫാരിക്ക് എന്തു ബന്ധം?
പുതിയ സഫാരി എത്തി; പഴയ വാഹനവുമായി പുതിയ സഫാരിക്ക് എന്തു ബന്ധം?
Wednesday, February 3, 2021 11:48 AM IST
പൗരുഷ ഭാവം കൊണ്ട് ശ്രദ്ധ നേടിയ ടാറ്റ സഫാരി എന്ന വാഹനം എക്കാലത്തെയും ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് നിരത്തില്‍ നിന്നു തന്നെ ടാറ്റ ഈ മോഡല്‍ പിന്‍വലിച്ചു.

ഇപ്പോഴിതാ വാഹനപ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്തയായി ഈ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ പഴയ മോഡലും പുതിയ മോഡലും തമ്മില്‍ പേരിനപ്പുറം എന്താണ് ബന്ധം? പഴയ സഫാരിയുമായി കാര്യമായ യാതൊരു ബന്ധവും പുതിയ മോഡലിന് ഇല്ല.

ടാറ്റ ഹാരിയറിന്റെ 6-7 സീറ്റര്‍ മോഡല്‍ സഫാരി എന്ന പേരില്‍ എത്തുകയാണെന്നു പറയേണ്ടി വരുമെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. ഹാരിയറില്‍ 3 നിര സീറ്റുകള്‍ വന്നെന്നു മാത്രം.

ഫീച്ചറുകള്‍

അഞ്ചു സീറ്റര്‍ ഹാരിയര്‍ നിര്‍മിച്ചിരിക്കുന്ന ഒപ്റ്റിമല്‍ മോഡുലര്‍ എഫീഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ഹാരിയറിന്റെ ഇംപാക്ട് 2.0 ഡിസൈന്‍ ഫിലോസഫിയും പുതിയ മോഡല്‍ പിന്തുടരുന്നു. എന്നാല്‍ ചില ഡിസൈന്‍ വ്യത്യാസങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു മാത്രം.



ഹാരിയറിനെ അപേക്ഷിച്ച് 63എംഎം നീളക്കൂടുതലുണ്ട് പുതിയ സഫാരിക്ക്. എന്നാല്‍ വീതിയും വീല്‍ബേസും വ്യത്യാസമില്ല.

അകത്തള സൗകര്യങ്ങളും ഹാരിയറിന്റെതിനു സമാനമാണ്. എന്നാല്‍ ബ്ലാക്ക് -ഐവറി ഡ്യുവല്‍ ടോണ്‍ സ്‌കീം പുതിയതായി കൊണ്ടുവന്നിരിക്കുന്നു. ഹാരിയറിലെ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മാറ്റിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം വോയിസ് നിയന്ത്രിത ഐആര്‍എ കാര്‍ ടെക് ഫീച്ചറും സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

ഏഴിഞ്ച് ഇന്‍സ്ട്രമെന്റ് പാനല്‍, പ്രീമിയം ഓക്ക് ബ്രൗണ്‍ ലെതര്‍ സീറ്റുകള്‍, 9 സ്പീക്കറുകള്‍ സഹിതമുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.


ആറ് എയര്‍ബാഗുകളും ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഹില്‍ ഡിസന്റ് കണ്ട്രോള്‍, കുട്ടികള്‍ക്കുള്ള സീറ്റില്‍ ഐസോഫിക്‌സ്, പിന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍.

ആറു സീറ്ററായാണ് പുതിയ സഫാരി എത്തുന്നത്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റ് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നു.

ടാറ്റ ഫിയറ്റില്‍ നല്‍കിയിരിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ സഫാരിക്കും കരുത്തേകുന്നത്. 168 ബിഎച്ച്പി കരുത്തും 350 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും ആണ് എന്‍ജിന്‍ ശേഷി.

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് ഒപ്പം ആറു സ്പീഡ് ഓട്ടമാറ്റിക് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും നല്‍കുന്നു.



ഗ്രാവിറ്റാസ് എന്ന മോഡല്‍ പേരുമാറ്റി കമ്പനി പുറത്തിറക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രാക്ടിക്കല്‍ എസ് യുവി എന്നു പറയാമെങ്കിലും ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഇല്ലാതെ എത്തുന്ന ഈ മോഡല്‍ ഓഫ് റോഡ് ഡ്രൈവിന് അനുയോജ്യമല്ല.

അതിനാല്‍ തന്നെ വിപണി പിടിക്കാന്‍ വില നിര്‍ണായകമാകും. കമ്പനി ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബേസ് മോഡലിനു 14 ലക്ഷം മുതല്‍ ടോപ് വേരിയന്റിന് 20.5 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

-മാക്‌സിന്‍ ഫ്രാന്‍സിസ്‌