നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
Friday, May 16, 2025 1:27 PM IST
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയിക്കൂടാ” എന്നാണ് വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ സോഷ്യൽ മീഡിയയിലെ ചോദ്യം. പഴയ കാലത്ത് പത്തും പന്ത്രണ്ടും കുട്ടികളെ വീട്ടിൽ പ്രസവിച്ചവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ന്യായവും ഇവർ ഉയർത്തും. എന്നാൽ അത്തരം പ്രസവങ്ങളിൽ അമ്മ മരിച്ചോ കുട്ടി മരിച്ചോ എന്ന മറുചോദ്യത്തിനു വ്യക്തമായ മറുപടി ഉണ്ടാവില്ല.
സ്കാനിംഗ് നടത്തിയാൽ കാൻസർ വരും, ഗർഭസ്ഥശിശുവിന്റെ വൃക്കയ്ക്കും തലച്ചോറിനും കേടുവരും എന്നൊക്കെ ചിലർ വേദികളിലും സോഷ്യൽ മീഡിയയിലും പുലന്പുന്നു. റേഡിയേഷന് കാരണമാകുന്ന സ്കാനിംഗ് പരിശോധനയാണ് ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എണ്ണം കൂടാൻ കാരണമെന്നാണ് ഇവരുടെ കണ്ടെത്തൽ.
കോവിഡ്, പോളിയോ, ടെറ്റനസ് പ്രതിരോധ വാക്സിനുകൾ എടുക്കരുതെന്നും ഇവർ നിർബന്ധിക്കുന്നു. കേരളത്തിൽ പോളിയോബാധ ഇല്ലാതാക്കിയത് തുള്ളിമരുന്നു വിതരണത്തിന്റെ ഫലമാണെന്നതൊന്നും ഇവർ അംഗീകരിക്കുന്നില്ല.
ഇരുകാലികളുടെ പ്രസവം സങ്കീർണം
നാൽക്കാലികളുടെ പ്രസവത്തെക്കാൾ ഏറെ സങ്കീർണമാണ് ഇരുകാലികളുടെ പ്രസവം. നിവർന്നു നടക്കുന്ന മനുഷ്യന്റെ ഇടുപ്പെല്ല് മൃഗങ്ങളിൽനിന്ന് വ്യത്യസ്തണെന്നത് പ്രസവം കൂടുതൽ സങ്കീർണമാക്കുന്നു. ഗർഭകാലത്ത് പ്രമേഹം, നെഞ്ചിടിപ്പ്, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
സങ്കീർണ പ്രസവങ്ങളിൽ ജാഗ്രതയുണ്ടാകാതെ വന്നാൽ കുഞ്ഞിന് ശാരീരിക, ബൗദ്ധിക തകരാറുകൾ മാത്രമല്ല മരണം വരെയും സംഭവിക്കാം. മറ്റു ജീവികളേക്കാൾ മനുഷ്യശിശുവിന്റെ തലച്ചോറിനും തലയ്ക്കും വലുപ്പം കൂടുതലുണ്ട്.
ഇതര ജീവികളേക്കാൾ മനുഷ്യന് പ്രസവസമയം കൂടുതലായതിനാൽ പ്രശ്ന സാധ്യതയും ഏറെയാണ്. മനുഷ്യരിൽ അണുബാധ സാധ്യത കൂടുതലാണ്. അതേ സമയം മൃഗങ്ങൾക്ക് ജനിതകമായ പ്രതിരോധശേഷിയുണ്ട്.
മറ്റു ജീവികളേക്കാൾ പൂർണ വളർച്ച കുറവാണ് നവജാതശിശുവിന്. മനുഷ്യരിൽ മസ്തിഷ്ക വളർച്ച ജനിച്ചതിനുശേഷമാണ് കാര്യമായി നടക്കുന്നത്. മൃഗങ്ങളുടെ കുഞ്ഞുങ്ങൾ മണിക്കൂറുകൾക്കുള്ളിൽ പ്രകൃതിയോട് ഇണങ്ങി സ്വയംപര്യാപ്ത നേടും.
വീട്ടിലെ പ്രസവം അവസാനിപ്പിക്കാനുള്ള വിപുലമായ പ്രചാരണം ആശാപ്രവർത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. ‘റിസ്ക് എടുക്കേണ്ടത് പ്രസവത്തിലല്ല, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾതന്നെ തെരഞ്ഞെടുക്കാം’ എന്ന ജാഗ്രതാവാക്യവുമായാണു സംസ്ഥാന ആരോഗ്യവകുപ്പ് രംഗത്തുള്ളത്.
കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിലാകണമെന്നും പ്രസവസമയത്തെ അമിതരക്തസ്രാവം പ്രവചിക്കാനാവില്ലെന്നുംആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വിദേശത്തെ സാഹചര്യം വേറെ
ചില വിദേശരാജ്യങ്ങളിൽ വീട്ടുപ്രസവം അനുവദനീയമാണല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. അവിടങ്ങളിൽ പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിലാണു വീടുകളിൽ പ്രസവം. പ്രസവസമയത്തെ സങ്കീർണതകൾ നേരിടാൻ സംവിധാനങ്ങളുമുണ്ടാകും.
ഗർഭത്തിന്റെ തുടക്കം മുതൽ പരിശോധനകളും ചികിത്സയും നടത്തിയശേഷം ഡോക്ടറുടെ അനുവാദത്തോടെ അംഗീകൃത മിഡ് വൈഫിന്റെ സഹായത്തോടെയാണു വീട്ടിലോ പ്രത്യേക കേന്ദ്രങ്ങളിലോ പ്രസവം നടക്കുന്നത്.
സങ്കീർണ സാഹചര്യമുണ്ടായാൽ അടിയന്തരമായി ആശുപത്രിയുടെ സഹായം തേടും. ഇന്ത്യയിൽ മിഡ് വൈഫുമാർക്കും വയറ്റാട്ടിമാർക്കും പ്രഫഷണൽ യോഗ്യതയില്ല. പാരന്പര്യ അറിവും മുൻപരിചയവും മാത്രമാണു കരുതലും കൈമുതലും.
പ്രസവസമയം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇവയൊക്കെ പരിഹരിക്കാനുള്ള സംവിധാനവും ഉപകരണങ്ങളും വിദഗ്ധരും ഉണ്ടെങ്കിലേ അമ്മയും കുഞ്ഞും സുരക്ഷിതരാകൂ.
പ്രസവത്തിനു പാക്കേജ്
ഗർഭകാലത്തും പ്രസവത്തിനും സ്വകാര്യ ആശുപത്രികളിൽ വരുന്ന ഭീമമായ സാന്പത്തിക ചെലവ് പലർക്കും താങ്ങാനാവില്ല. കേരളത്തിലെ പ്രസവങ്ങളിൽ 67.06 ശതമാനം സ്വകാര്യ ആശുപത്രികളിലും 31.75 ശതമാനം സർക്കാർ ആശുപത്രികളിലുമാണ് നടക്കുന്നത്.
സർക്കാർ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതും ഡോക്ടർ ഇല്ലാതെ വരുന്നതും അണുബാധയും വലിയ പരിമിതിയാണ്. ചില സ്വകാര്യ ആശുപത്രികളിൽ ഗർഭകാല പരിചരണത്തിനും പ്രസവത്തിനും നിരക്ക് പാക്കേജ് ആവിഷ്കരിച്ചിരിക്കുന്നു.
നോർമൽ പ്രസവത്തിനും സിസേറിയനും വലിയ നിരക്ക് വ്യത്യാസമുണ്ട്. പലപ്പോഴും ഇത് അര ലക്ഷവും ഒരു ലക്ഷവുമൊക്കെയാകാം. ലേബർ റൂമിൽ ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിനും പ്രത്യേക ചാർജുണ്ട്. ഇക്കാര്യങ്ങളിൽ പൊതു മാനദണ്ഡമുണ്ടാകേണ്ടത് ആവശ്യമാണ്.
സിസേറിയൻ നടത്തേണ്ടിവന്നാൽ എന്തു കാരണത്താലാണെന്നത് ഡോക്ടർമാർ ബന്ധുക്കളെ ബോധ്യപ്പെടുത്തണം. അനാവശ്യമായി സിസേറിയനുകൾ ചെയ്യുന്ന ആശുപത്രികൾക്കെതിരേ നടപടിയുണ്ടാകണം.
കരുതലൊരുക്കി സർക്കാർ
ഗർഭധാരണം മുതൽ പ്രസവം വരെയും. പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനും നിരവധി സർക്കാർ സഹായ പദ്ധതികളുണ്ട്. എന്നാൽ, ആദിവാസി ഗോത്രമേഖലകളിലെയും അവികസിത പ്രദേശങ്ങളിലെയും ജനങ്ങളിൽ ഇക്കാര്യങ്ങൾ എത്തുന്നില്ല.
സംയോജിത ശിശുക്ഷേമ പദ്ധതിയിൽ (ഐസിഡിഎസ്) സാന്പത്തിക മാനദണ്ഡമില്ലാതെ ആദ്യപ്രസവത്തിന് രണ്ടു ഗഡുക്കളായി 3,000 രൂപ വീതം 6,000 രൂപ നൽകും. ജനനി ശിശു സുരക്ഷാ കാര്യക്രം (ജെഎസ്എസ്കെ) പദ്ധതിയിൽ സർക്കാരാശുപത്രികളിൽ പ്രസവം സൗജന്യമാണ്.
പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാൻ വാഹനക്കൂലിയായി 700 രൂപയും നൽകും. അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, പരിശോധന, സ്കാനിംഗ്, പ്രതിരോധ കുത്തിവയ്പ് എന്നിവയെല്ലാം സൗജന്യം.
വാക്സിൻ വഴി തടയാം 12 മാരകരോഗങ്ങൾ
ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവിക്ക് എന്നതാണ് ഈ വർഷത്തെ ആരോഗ്യദിന സന്ദേശം. ഇതോടൊപ്പം കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വാക്സിൻ സ്വീകരിക്കുന്നതു മൂലം തടയാവുന്ന 12 മാരകരോഗങ്ങളെ സംബന്ധിച്ചും കുഞ്ഞുങ്ങൾക്ക് പ്രായത്തിനനുസരിച്ച് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽകരണം നടത്തുന്നതിനായി ‘കുഞ്ഞിക്കുട’ എന്ന പേരിൽ സന്പൂർണ വാക്സിനേഷൻ കാന്പയിനും നടക്കുന്നു.
ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തിൽ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പു നൽകുന്നു.
ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കുന്നതു നോക്കിനിൽക്കാൻ പരിഷ്കൃതസമൂഹത്തിനാവില്ല. രോഗികളുടെ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിർമാണമുണ്ടാകണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ തടയാനും അതിനു വഴിവയ്ക്കുന്ന അധമചിന്താഗതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കൂ.
വീട്ടുപ്രസവത്തിലെ മരണം നരഹത്യ
വീടുകളിലെ പ്രസവത്തിൽ സംഭവിക്കുന്ന മരണം നരഹത്യയായി കണക്കാക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസനും സെക്രട്ടറി ഡോ. ശശിധരനും അഭിപ്രായപ്പെടുന്നത്. ഗർഭിണിക്ക് ഏറ്റവും വിഗ്ധമായ പരിശോധന ഉറപ്പാക്കണം. വിവരക്കേടുകൾ വിളന്പുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടിയുണ്ടാകണം.
കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനത്തെ തകർക്കാണു ചിലരുടെ നീക്കം. ജീവനും ജീവിതവുമാണു വലുതെന്ന തിരിച്ചറിവില്ലാത്തവരെ സമൂഹം തള്ളിക്കളയണം -അക്കാഡമി ഓഫ് പൾമോണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ പ്രസിഡന്റ് ഡോ. പി.എസ്. ഷാജഹാൻ പറയുന്നു.