വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
Tuesday, May 20, 2025 1:32 PM IST
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുരില്‍നിന്ന് യുദ്ധഭീതിയില്‍ രക്ഷപ്പെടാനുള്ള വെമ്പലോടെ നാട്ടില്‍ എത്തിച്ചേര്‍ന്ന അഫ്സാന തന്റെ അനുഭവങ്ങള്‍ രാഷ്ട്രദീപികയോട് പങ്കുവയ്ക്കുകയായിരുന്നു.
സാംബ ജില്ലയിലെ വിജയ്പുരില്‍ മലയാളികളായ നാലുവിദ്യാര്ഥികള്ക്കൊപ്പം വീടെടുത്ത് താമസിച്ച് പഠിച്ചുവരികയായിരുന്നു ഇന്റഗ്രേറ്റഡ് ബോട്ടണി നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അഫ്സാന. അവിടെ അന്‍പതിലേറെ മലയാളി വിദ്യാർഥികളാണുള്ളത്. പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടെയാണ് യുദ്ധകാഹളമുണ്ടായത്.
അതിർത്തിക്ക് അടുത്തുള്ള വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. ഏഴിന് വൈകുന്നേരം പോലീസിന്റെ അനൗണ്‍സ്മെന്റുണ്ടായി. റോഡുകളില്‍നിന്നും വാഹനങ്ങള്‍ മാറ്റിയിടണമെന്നും കടകളടയ്ക്കണമെന്നും കടന്നുപോകുന്ന പട്ടാളവാഹനങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിലോ മറ്റ് സംവിധാനങ്ങളിലോ പകർത്തരുതെന്നുമായിരുന്നു അറിയിപ്പ്.
ഇതോടെ കടകളിലും വൻ തിരക്കായി. സംഘർഷമുണ്ടായാൽ കടകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ബിസ്കറ്റ് പോലുള്ള പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കുകയായിരുന്നു എല്ലാവരും.
ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ താനും വാങ്ങിവച്ചു. മറ്റു മലയാളികള്‍ക്കും വിവരം നല്‍കിയതോടെ അവരും ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു. സന്ധ്യയായപ്പോള്‍ മുന്നറിയിപ്പ് മറികടന്ന് വീടുകളില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ലൈറ്റുകള്‍ പോലീസെത്തി ഓഫ് ചെയ്യിപ്പിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ പാറ്റൺ ടാങ്കുകള്‍ കയറ്റിയ ഇരുപത്തഞ്ചോളം വലിയ ലോറികള്‍ വീടിന് സമീപത്തെ റോഡിലൂടെ കടന്നുപോയി. ചുറ്റുപാടുമുള്ള മുഖങ്ങളില്‍ ഭയമായിരുന്നു.
ബ്ലാക്ക് ഔട്ട് പ്രഖ്യാപനം
എട്ടിന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാത്രിയിലെ ഇരുട്ടില്‍ അന്യോന്യം മുഖംപോലും കാണാതെ ഭീതിയോടെ തള്ളിനീക്കിയ നിമിഷങ്ങളായിരുന്നു അത്. പുലര്‍ച്ചെ ഒന്നുമുതല്‍ ഇടതടവില്ലാത്ത മുഴങ്ങിയ വെടിയൊച്ചകൾ എങ്ങും ഭീതിയും ആശങ്കയും പരത്തി.
രാത്രി മുഴുവന്‍ തുടരുന്ന വെടിയൊച്ചകളും സൈറണുകളും ഉറക്കമില്ലാതാക്കി. അതോടൊപ്പം നിരകളായി മൂളലോടെ തലയ്ക്ക് മുകളിൽ ഡ്രോണുകളും പ്രത്യക്ഷപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയായിരുന്നു.
എന്നാല്‍, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ മടിച്ചു. സ്ഫോടനങ്ങളും പട്ടാള വാഹനങ്ങളുടെ കുതിക്കലും യുദ്ധഭീതിയിലാക്കിയ വിറങ്ങലിച്ച രാത്രിക്കുശേഷം നേരം പുലര്‍ന്നതോടെ മടിച്ചുനിന്നിരുന്നവരും നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
തിരികെ നാട്ടിലേക്ക്
വിവരമറിഞ്ഞ പി. സന്തോഷ്കുമാര്‍ എംപിയും കെ.സി. വേണുഗോപാല്‍ എംപിയും ടി.ഐ. മധുസൂദനന് എംഎല്‍എയും ആവശ്യമായ ഇടപെടല്‍ നടത്തിയതോടെയാണ് നാട്ടിലെത്താമെന്ന പ്രതീക്ഷ നാമ്പിട്ടത്. ജമ്മുവിലേക്ക് രാത്രി ബസില്‍ പോകാനായിരുന്നു തീരുമാനം.
എന്നാല്‍, സാംബയില്‍ പ്രശ്നങ്ങള്‍ നടക്കുന്നതും രാത്രി ലൈറ്റിട്ട് വാഹനമോടുന്നതും അപകടമാണെന്ന് മനസിലാക്കിയതോടെ ഡല്‍ഹിയിലേക്കാണ് ബസ് കയറിയത്. ഡല്‍ഹിയിലെത്തിയപ്പോഴാണ് അല്പമെങ്കിലും ആശ്വാസമായത്.
അവിടെ തങ്ങളെ ആശ്വസിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളുണ്ടായിരുന്നു. ഇവിടെനിന്നുള്ള സ്പെഷല്‍ ട്രെയിനിലായിരുന്നു നാട്ടിലേക്കുള്ള യാത്ര. ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയിട്ടും ഉള്ളിലെ ഭീതിയടങ്ങിയില്ല. യുദ്ധഭീഷണിയില്ലാതായ വാർത്ത വലിയ ആശ്വാസമാണ് നല്‍കിയത്.
ഈ മാസം 26നാണ് പരീക്ഷ. അപ്പോഴേക്കും അവിടെ തിരിച്ചെത്തണം. ഇനി മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ എന്നാണ് പ്രാർഥന. ഇതിനിടയിലാണ് പയ്യന്നൂരിലെ അഖിലേന്ത്യാ വോളി വേദിയിലേക്ക് എംഎല്‍എ ടി.ഐ. മധുസൂദനന് അതിഥിയായി ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ചെത്തിയ അഫ്സാന യുദ്ധഭീതിയോട് വിടപറഞ്ഞ് കളിയാരവങ്ങളിലലിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നുള്ള മോചനമാണ് തനിക്ക് ലഭിച്ചതെന്ന് അഫ്സാന പറഞ്ഞു.