അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
ബിജു പാരിക്കാപ്പള്ളി
Saturday, July 5, 2025 4:02 PM IST
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളിയെന്ന ദൗത്യമാണ് ഇരിട്ടി പോലീസ് സ്ക്വാഡ് ഏറ്റെടുക്കുന്നത്. ആഴ്ചകളും മാസങ്ങളും നീളുന്ന കേസന്വേഷണത്തിനൊടുവിൽ പ്രതികളെ വലയിലാക്കും.
ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരുപാട് തെളിയാത്ത കേസുകൾ തെളിയിക്കാൻ സിഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗസംഘത്തിന് സാധിച്ചു.
അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ ഷംസുദീൻ, എസ്ഐ റെജി സ്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉമേഷ്, ആർ.വി. സുകേഷ്, കെ.ജെ. ജയദേവ്, സി. ബിജു, എ.എം. ഷിജോയ്, ശിഹാബുദീൻ, പ്രവീൺ, ഇ.വി. ബിനീഷ്, പ്രബീഷ് എന്നിവരാണുള്ളത്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതികളെ വളരെ സാഹസികമായി ദിവസങ്ങൾ നീണ്ട യാത്രയിലൂടെയാണ് പിടികൂടുന്നത്.
അന്തർ സംസ്ഥാന മോഷ്ടാക്കളെ ബംഗളൂരുവിൽ പിടികൂടുന്നു
കേരളത്തിന് വെളിയിൽ കുറ്റവാളികളെ പിടികൂടുക എന്നത് വളരെ വലിയ ശ്രമകരമായ ജോലിയാണ്. പ്രാദേശികമായ പോലീസിന്റെ സഹായം ലഭിക്കുമെങ്കിലും പലപ്പോഴും കേസ് അന്വേഷണത്തിലെ മത്സരങ്ങൾ സഹായം കുറയുന്നതിന് കാരണമാകും.
ഇരിട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ടെലിഫോൺ എക്സ്ചേഞ്ചുകളിൽ മോഷണം നടത്തിയ അന്തർസംസ്ഥന മോഷ്ടാവിനെ തേടി ബംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുന്നത് വരെ തികച്ചും നാടകീയത നിറഞ്ഞതായിരുന്നു ഓപ്പറേഷൻ.
ബംഗളൂരുവിൽ സ്ക്രാപ്പ് കച്ചവടം നടത്തുന്ന മോഷണത്തിന്റെ സൂത്രധാരൻ ചാന്ദ് ബാഷ പല കേന്ദ്രങ്ങളുമായി ബന്ധവും സ്വാധീനവുമുള്ള കുറ്റവാളി ആയിരുന്നു. ഇയാളെ തേടിയെത്തിയ പോലീസിന് തലവേദനയായത് പ്രതിയുടെ പ്രാദേശിക ബന്ധമായിരുന്നു.
ബിഎസ്എൻഎൽ നൽകിയ ലേലപ്പരസ്യം കണ്ട് ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലെയും എക്ചേഞ്ചുകളിൽ എത്തിയ പ്രതി സെക്യൂരിറ്റി ഉൾപ്പെടെയുള്ള സംവിധാനം ഇല്ലായെന്ന സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം പിന്നീടെത്തി ലക്ഷങ്ങൾ വിലവരുന്ന ചിപ്പുകൾ മോഷ്ടിക്കുകയായിരുന്നു.
തെളിവായി ഉപേക്ഷിച്ചത് ഫോൺ നമ്പർ
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ പൂട്ടിയിട്ട എക്ചേഞ്ചുകളിൽ നടന്ന മോഷണം തെളിയാൻ കാരണം ഇരിട്ടി സ്ക്വാഡിന്റെ അവസരോചിതമായ ഇടപെടൽ ആയിരുന്നു.
ചാന്ദ് ബാഷയും സംഘവും ആദ്യമെത്തിയ സമയത്ത് ബിഎസ്എൻഎൽ ഓഫിസിൽ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മോഷണം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ പ്രതിയുടെ ഫോൺ നമ്പർ വീണ്ടും കേരളത്തിൽ മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിയതായി തെളിവ് ലഭിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്.
കൂട്ടുപുഴയിലെ കാമറയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം എത്തുന്നതും തിരിച്ചുപോകുന്നതും കണ്ടെത്തിയതോടെ, പ്രതി ഉള്ള സ്ഥലം തിരിച്ചറിഞ്ഞ് ബംഗളൂരുവിൽ എത്തി.
മൂന്നുദിവസം നീണ്ട ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടി ഇരിട്ടിയിൽ എത്തുന്നത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ കൂട്ടുപ്രതി സെബിയുള്ളയെയും മൈസുരുവിൽ വച്ച് ഇരിട്ടി സ്ക്വാഡ് അറസ്റ്റ് ചെയ്തു.
യാതൊരു തെളിവുകളും ഇല്ലാത്ത കേസുകളിൽ ലഭിക്കുന്ന ചെറിയ തെളിവുകൾ പോലും കണ്ടെത്തി അതിലൂടെ അന്വേഷണ മികവ് തെളിയിക്കുന്ന ഇരിട്ടി സ്ക്വാഡിലെ ഉദ്യോഗസ്ഥർ കേരളാ പോലീസിനും ഇരട്ടിക്കും അഭിമാനം ആകുകയാണ്.
ഏറ്റവും അവസാനമായി ഇരിട്ടി ടൗണിൽ നടന്ന മൂന്ന് മോഷണങ്ങളിലെയും പ്രതികളെ കണ്ടെത്തി പിടികൂടിയതും ഇരിട്ടി സ്ക്വാഡിന്റെ അന്വേഷണ മികവിലെ പൊൻതൂവലുകളാണ്.
പട്ടാപ്പകൽ ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ച പ്രതിയെ പിടികൂടുന്നു
ഇരിട്ടിയിലെ ജ്വല്ലറിയിൽനിന്നു പട്ടാപ്പകൽ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നു പിടികൂടിയത് അതിസാഹസികമായായിരുന്നു.
വേഷം മാറിയെത്തിയ ഇരിട്ടി സ്ക്വാഡിലെ ഉദ്യോഗസ്ഥന്മാർ രണ്ടു പ്രതികളിൽ ഒരാളെ പിടികൂടിയെങ്കിലും മുഖ്യപ്രതി രക്ഷപ്പെട്ടിരുന്നു. ഫോൺ പോലും ഉപയോഗിക്കാത്ത പ്രതിയെ കണ്ടെത്തുന്നത് പ്രതിയുടെ ഭാര്യയുടെ നമ്പറിലേക്ക് സ്ഥിരമായി വരുന്ന ഫോൺ കോൾ കേന്ദ്രീകരിച്ച അന്വേഷണത്തിലായിരുന്നു.
ബോംബെ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വഴിയോര കച്ചവടങ്ങൾ ചെയ്തുവന്ന പ്രതി നാട്ടിൽനിന്നു പൂർണമായും മാറി നിൽക്കുകയായിരുന്നു.
പോലീസ് അന്വേഷണം അവസാനിപ്പിച്ചു എന്നുകരുതി ഭാര്യയെ കാണാനെത്തിയ പ്രതിയുടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി രണ്ടുദിവസം നീണ്ട ഓപറേഷനിലൂടെയാണ് രണ്ടുമാസം മുന്പ് പ്രധാന പ്രതി ഇരിട്ടി സ്ക്വാഡിന്റെ പിടിയിലാകുന്നത് .
ഓപ്പറേഷൻ ഓൺ റോഡ് സ്ക്വാഡ്
കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധന സമയത്ത് എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടിയത് നാടകീയമായായിരുന്നു.
വാഹന പരിശോധനയ്ക്കിടയിൽ പ്രതി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ കർണാടകയിലെ ഒരു സ്ത്രീയുടെ പേരിലെടുത്ത വ്യാജ നമ്പർ ആണെന്ന് പോലീസിന് കണ്ടെത്തി.
വാഹന നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും മറ്റൊരാളുടെ വാഹനം ആണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി. ആരും അന്വേഷണത്തോട് വേണ്ടത്ര സഹകരിക്കാതെ വന്നതോടെ വീണ്ടും പ്രതിസന്ധി.
ഒടുവിൽ ഫോൺ നമ്പറിലേക്ക് വന്നതും പോയതുമായ ഫോൺ നമ്പറുകൾ പരിശോധിച്ചപ്പോൾ കണ്ണൂർ ജില്ലക്കാരനായ മയക്കുമരുന്ന് ഏജന്റുമായുള്ള കോൾ വിവരങ്ങൾ ലഭിച്ചു. ഇതിനിടയിൽ പ്രതി യാസർ അറഫാത്തിന്റെ ഫോൺ കോഴിക്കോട്ടും പിന്നെ മഞ്ചേരിയിലും രണ്ടുതവണ ഓണായി.
തുടർന്ന് മഞ്ചേരിയിലെ ലോഡ്ജിൽ വച്ച് അറാഫത്തിനെയും കോഴിക്കോട് ഭാഗത്ത് ഒളിപ്പിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. പിന്നീടുള്ള അന്വേഷണമായിരുന്നു ദുഷ്കരം. പ്രതി വില്പന നടത്തിയ എംഡിഎംഎ കണ്ടെത്താനുള്ള ശ്രമം.
പ്രതിയിൽനിന്നു ലഭിച്ച വിവരത്തിൽ ഏജന്റുമാരായ ഷെരീഫ്, ഭാര്യ സൗദ എന്നിവരെ അതിസാഹസിഹമായാണ് ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നത്. പോലീസ് ഉള്ളിൽ പ്രവേശിക്കുമ്പോൾ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
ഇവരെ കൂടാതെ രണ്ട് സഹായികളെ കൂടി ഇരിട്ടി സ്ക്വാഡിന്റെ അവസരോചിതവും ധീരവുമായ ഇടപെടലിലൂടെ ഓപ്പറേഷൻ ഓൺ റോഡ് സ്ക്വാഡ് എന്ന് പേരിട്ട ഓപറേഷനിലൂടെ പിടികൂടി നിയമത്തിന്റെ മുന്നിൽ എത്തിച്ചു.
ഇരിട്ടി സ്ക്വാഡിലെ അംഗങ്ങളിൽ പലരും ഇരിട്ടി ഡിവൈഎസ്പി ധനജയ ബാബുവിന്റെ സ്റ്റേഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിലും ഡിവൈഎസ്പിയുടെ സ്പിക്കൽ സ്ക്വാഡിലുമാണ് ജോലി ചെയ്യുന്നത്.